MediaAppUSA

മുരളിയേട്ടനെന്തിനാ തരൂരിനോട് ഇത്ര പിണക്കം ? നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 20 September, 2022
മുരളിയേട്ടനെന്തിനാ തരൂരിനോട് ഇത്ര പിണക്കം ? നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)
 
 
സാക്ഷാൽ സോണിയാജി കോൺഗ്രസ് അധ്യക്ഷതെരഞ്ഞെടുപ്പിൽ പക്ഷം  പിടിക്കില്ലെന്ന അർത്ഥശങ്കക്കിടെ  ഇന്ന് വീണ്ടും പറയുകയും, ആ സന്ദേശം  കോൺഗ്രസുകാരെ മുഴുവൻ ധരിപ്പിക്കണം എന്ന് അറിയിക്കുകയും ചെയ്തിട്ടും, 'ദേശ് കി'  നേതാക്കളായ മുരളിക്കും, രമേശിനും തരൂരിനെ അംഗീകരിക്കാൻ എന്താണ് മടി ? പ്രസിഡണ്ട് സ്ഥാനാർഥിയായി മത്സരിക്കണമെങ്കിൽ രാജേഷ് പൈലറ്റിന് മുഖ്യമന്ത്രിസ്ഥാനം നൽകരുതെന്ന് വരെ ശഠിക്കുന്ന ഗെലോട്ടോ അതുപോലെയുള്ള മറ്റ് ഉത്തരേന്ത്യൻ ഗോസായികൾ വന്നാലും തരൂരിനെ അടുപ്പിക്കില്ലെന്ന് ഇവർ വാശി പിടിക്കുന്നതിന്റെ അർത്ഥം തരൂർ തങ്ങളെക്കാൾ വളർന്നിട്ടില്ലെന്ന വിലയിരുത്തലാണോ ? അതോ, തരൂർ ആരാണെന്ന് കൃത്യമായി ഇവർക്ക് അറിയാത്തതു കൊണ്ടോ ? 
 
സോണിയാഗാന്ധിയോ  അവരുടെ മകനോ മകളോ മത്സരിക്കാനില്ലെന്ന ഉറച്ചു നിലപാടെടുത്തതോടെ തരൂർ ജയിച്ചാലും തോറ്റാലും മലയാളികളായ കോൺഗ്രസുകാരെല്ലാം തരൂരിനെ പിന്തുണക്കുന്നതല്ലേ ഒരു മര്യാദ. ജി23 പക്ഷത്ത് നിലയുറപ്പിച്ചെങ്കിലും  രാഹുൽ മത്സരരംഗത്ത് ഉണ്ടെങ്കിൽ താൻ പിൻമാറുമെന്ന് പ്രഖ്യാപിച്ച ആളല്ലേ തരൂർ? മാത്രമല്ല, വല്ല കാലത്തും രാഹുൽ പ്രധാനമന്ത്രിയായാൽ ഗാന്ധി കുടുംബത്തിൽ നിന്നല്ലാത്ത ഒരാൾ- അതും ഒരു മലയാളി - പ്രസിഡണ്ടായി വരുന്നതല്ലേ കേരളത്തിന് നന്നായിരിക്കുക? ആ മലയാളി താനായില്ലെങ്കിൽ പിന്നെ ഒരു മലയാളി ആവുന്നതെങ്ങനെ സഹിക്കുമെന്ന വികാരമാണോ സാറന്മാർക്കുള്ളത് ? 
 
താനൊഴികെ  ആരും കെ.പി.സി.സി പ്രസിഡണ്ടാകുന്നത് ശരിയല്ലെന്ന് തീരുമാനിച്ചുവച്ച കോൺഗ്രസുകാർ ഇപ്പോഴേ കോൺഗ്രസിലുണ്ട് . അക്കൂട്ടത്തിൽപെട്ട സുധീരനോ മുല്ലപ്പള്ളിയോ  ഇപ്പോഴും കോൺഗ്രസുകാരായി  തുടരുന്നുണ്ടോ എന്ന് തന്നെ കോൺഗ്രസുകാരിൽ പലർക്കും അറിയില്ല. സ്ഥാനം പോയതോടെ ആ മൂത്ത കോൺഗ്രസുകാർ എവിടെയുണ്ടെന്ന് ചോദിക്കുമ്പോഴാണ് അങ്ങനെ രണ്ടെണ്ണം ജീവനോടെ ബാക്കി ഇരിപ്പുണ്ടെന്ന് ജനം അറിയുന്നത് തന്നെ.
 
ഇതാണ് കോൺഗ്രസ് സംസ്കാരം, ഇറങ്ങിപ്പോയാൽ പകരം ആരു വന്നാലും അംഗീകരിക്കില്ല.
പിണങ്ങി മുഖം വീർപ്പിച്ചു പിന്നെ ഒരു ഇരിപ്പല്ലേ?  വേണുഗോപാലനെ ഡൽഹിയിൽ ഒരു സീറ്റ് നൽകി ഇരുത്തിയതു  തന്നെ കേരളത്തിലെ വി.ഡി സതീശനൊഴിച്ച് ആർക്കും രസിച്ചിട്ടില്ല. അധികം വളർന്നാൽ വല്ലപ്പോഴും ഭരണം കിട്ടിയാൽ മുഖ്യന്റെ കസേരക്ക് വേണ്ടിയുള്ള ഓട്ടത്തിൽ മുന്നിൽ കെ.സി വേണുഗോപാലും ഇപ്പോൾ ഉറപ്പ്. മത്സരിച്ചു  ആളായാൽ  തരൂരും വരില്ലേ ആ ഓട്ടത്തിന് ? എന്നെങ്കിലും കിട്ടാവുന്ന ഒരു കസേര ഇപ്പോഴേ കണ്ണുവെച്ചു  മാത്രമേ കോൺഗ്രസുകാർക്ക് ഓടാനറിയൂ .
 
കർണാടകയിൽ രണ്ട് ഓട്ടക്കാർ തമ്മിലുള്ള മത്സരം കാരണം, 'ജോഡോ' ആ സംസ്ഥാനത്ത് കടക്കുമ്പോഴുള്ള കാര്യങ്ങൾ കണ്ടറിയണം. ജോഡോ പുറപ്പെട്ടപ്പോൾതന്നെ ഗോവയിൽ ദൈവങ്ങളെപിടിച്ചു സത്യം ചെയ്ത 11 പേരിൽ 8 പേരും കാലുമാറി ബിജെപിയായി കാവിയുടുത്തു കഴിഞ്ഞു. ദൈവത്തോട് ചോദിച്ചു സമ്മതം വാങ്ങിയാണ് പോലും അവരുടെ കാലുമാറ്റം ! 
 
കേരളം കോൺഗ്രസുകാർക്ക് കൊടുക്കാതെ സി.പി.എമ്മിന്റെ കൈകളിൽ കിടന്നോട്ടെ എന്നാണ് മോദിജി ഇതുവരെ കരുതിയിരുന്നത്. ആർ.എസ്.എസുകാർ പറയുന്നത് നേരെ മറിച്ചാണ്. കോൺഗ്രസ് എന്ന പേരിൽ ആര് ജയിച്ചു വന്നാലും നമ്മുടെ കയ്യിൽ മരുന്നില്ലേ എന്നാണ് അവരുടെ ചോദ്യം. 'ഗാന്ധി നോട്ട്' കണ്ടാൽ ഏത് ഗാന്ധി ഭക്തരുടെ കാലാണ് ഇടറാത്തത് ? 
 
1986 മുതൽ ആർ.എസ്.എസിലുള്ള  ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി കേരളത്തിലുള്ളപ്പോൾ ആർ.എസ്.എസിന് എന്തെങ്കിലുമൊക്കെ ചെയ്യാൻ പറ്റില്ലേ എന്നാണ് അവരുടെ ചോദ്യം. സിൽവർ ലൈൻ മംഗലാപുരത്ത് കൂട്ടിമുട്ടുമെന്ന്  തിരുവനന്തപുരത്തു നിന്ന് നോക്കുമ്പോൾ തോന്നുമെങ്കിലും അടുത്തു വരുംതോറും അത് അകന്ന് അകന്നു പോകും - അതും തെളിയിക്കപ്പെട്ട ശാസ്ത്രം ! 
 
ആർ.എസ്.എസിനോ ബിജെപിക്കോ എന്തെങ്കിലും എതിരായി പറയേണ്ടി വന്നാൽ അത് പറയാൻ യെച്ചൂരിയെയോ (അച്ചടി ഭാഷയിൽ പ്രാസമൊപ്പിച്ച് പറയാൻ ബേബിയെയോ) ഏൽപ്പിച്ചിരുന്ന പിണറായി അക്കാര്യം ഒക്കെ നേരിട്ട് പറയാൻ തുടങ്ങിയതും വലിയ മാറ്റം. 
 
എൽ.ഡി.എഫ്  കൺവീനർ ഇ.പി തുടങ്ങി രാജേഷ്, വാസവൻ, രാജീവ് എന്നീ മന്ത്രിമാരും ഗോവിന്ദൻ മാഷ്, എം വി ജയരാജ് , ബാലൻ തുടങ്ങിയ നേതാക്കളും ആർ.എസ്.എസിനെ ഉന്മൂലനം ചെയ്ത ശേഷം മതി ബാക്കി എന്ന മട്ടിൽ ഇറങ്ങിക്കഴിഞ്ഞു. ഇതുവരെ കുറച്ചുകാലം മിണ്ടാതിരുന്നതിന്റെ  എല്ലാ കോട്ടവും തീർക്കാനാണ് അവരുടെയൊക്കെ ശ്രമം. ഗോവിന്ദൻ മാഷ് സൈദ്ധാന്തിക തത്വത്തിൽ കയറി കളിക്കുന്നതിനാൽ ആരിഫ് ഖാൻ ചെയ്യുന്നത്  സംബന്ധിച്ച് ഉൽപ്രേക്ഷ അലങ്കാര തല്പരനായി മാറുന്നു  ബാലൻ. ആരിഫ് മുഹമ്മദ് ഖാൻ തന്റെ പ്രസ്താവനകൾ നടത്തുന്നത് മലർന്നു കിടന്നു തുപ്പുന്നതു പോലെ അദ്ദേഹത്തിനു തോന്നി. മലർന്നുകിടന്നാൽ  ആ തുപ്പൽ വീഴുന്നത് അദ്ദേഹത്തിൻറെ ദേഹത്ത് തന്നെ ആകുമെന്ന് ആർക്കാണറിയാത്തത് ? ആരിഫ് ഖാന് ഇനി ഏറ്റെടുക്കാവുന്ന ജോലിയാണ് എം.വി ജയരാജൻ നിർദ്ദേശിക്കുന്നത്. ആർ.എസ്.എസ്  പ്രഭാരി  എന്ന വോളണ്ടിയറായിക്കൂടേ എന്നാണ് എം.വി  ചോദിച്ചിരിക്കുന്നത്.  സ്വർണക്കടത്തുകാരന്റെ വീട്ടിൽ ചെന്ന് ആർ.എസ്.എസ്  ഗുരുവിനെ ഗവർണർ കാണുന്നതിലുള്ള അനൗചിത്യമാണ് ഗോവിന്ദൻ മാഷ് ചൂണ്ടിക്കാണിക്കുന്നത്. ശോഭാ സുരേന്ദ്രൻ ആകട്ടെ എവിടെയൊക്കെ വെച്ച് എങ്ങനെയൊക്കെ ആർഎസ്എസ് ആചാര്യനെ ഗവർണർക്ക് കാണാമെന്ന് വിവരിച്ചുതരുന്നു. ഇതിന്റെ പേരിൽ ഒന്ന് സജീവമാകാൻ  ആർ.എസ്.എസും  സി.പി.എമ്മും കാര്യമായി ഒന്ന് ശ്രമിച്ചു നോക്കാനും ഇടയില്ലാതില്ല.
 
മൂന്നുവർഷം മുമ്പ് കണ്ണൂരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ  നടന്നത് വധഗൂഢാലോചന ശ്രമമാണെന്ന് അദ്ദേഹത്തിന് ഇപ്പോൾ സ്വയം ബോധ്യപ്പെടുകയും ചെയ്ത സംഭവം, പിണറായിയുടെ പോലീസിന് അന്നോ ഇന്നോ ഒരു പെറ്റി കേസ് എടുക്കാവുന്ന കാര്യം പോലും ആയിരുന്നില്ലത്രേ ! 
 
വെറുതെയാണോ, ഗവർണറുടെ തല പരിശോധിക്കണമെന്ന് ഇ.പി. ജയരാജൻ പറയാതെ പറയുന്നത്? കേരളത്തിൽ എന്ത് സംഭവിച്ചാലും അത് എന്താണെന്നും എങ്ങനെയാണെന്നും ഇ.പി പറയും. അതായിരിക്കും അവസാന വാക്ക്. മാധ്യമങ്ങൾ മേലിലും അതിനു വലിയ പ്രാധാന്യം നൽകും. ഇന്നലെത്തന്നെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ടു മോണിറ്റർ വച്ച് ഒരു മണിക്കൂറിലേറെ സമയം എടുത്തു കയ്യും കലാശവും കാട്ടി വിവരിക്കാൻ പാടുപെട്ട കാര്യം, ഇ.പി അഞ്ചുമിനിറ്റ് പോലുമെടുക്കാതെ പറഞ്ഞുതന്നപ്പോൾ നമുക്ക് എല്ലാം ക്ലിയർ ! 
 
വാൽക്കഷണം : ഏറെക്കാലമായി സ്വപ്നയ്ക്കെന്തുപറ്റി, കാണാനില്ലല്ലോയെന്നൊക്കെ ഉൽക്കണ്ഠപ്പെട്ടിരുന്ന  
നമ്മുടെ മുന്നിൽ സ്വപ്ന ഇന്ന് പ്രത്യക്ഷപ്പെട്ടു. ടി.വി സ്ക്രീനിൽ ചെറിയൊരു സമയമേ കണ്ടുള്ളൂവെങ്കിലും, ബാംഗ്ലൂരിൽ ജോലി കിട്ടി പോയതാണെന്നും  ചെമ്പും കലവുമായി ഉടനെ വരുമെന്ന ഉറപ്പും നൽകിയിട്ടുണ്ട്. ജോർജേട്ടനും ഇന്നുവന്നു ഒരു വെടിവച്ചു പോയി. രാഹുലിന്റെ ജോഡോ യാത്ര പൊളിക്കാനാണ് ഗവർണർ - മുഖ്യൻ പോരെന്നായിരുന്നു, വെടി! മാഷിനെ മാത്രം കണ്ടിട്ടും അറിഞ്ഞിട്ടും ഒരുപാട് നാളായി. തിരുതയുമായി ആരുടെയെങ്കിലും അടുക്കള വാതിലിനരികിൽ നിൽപ്പുണ്ടോ, ആവോ ?
Mr Congress 2022-09-21 02:18:48
The curse of Congress party is these types so called leaders
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക