MediaAppUSA

ഇനിയും മരിക്കാത്ത ജാതി ചിന്തകൾ (ദുർഗ മനോജ്)

Published on 21 September, 2022
ഇനിയും മരിക്കാത്ത ജാതി ചിന്തകൾ (ദുർഗ മനോജ്)

ഡിണ്ടികലിൽ നിന്നും പുറത്തു വന്ന ഒരു വാർത്തയുണ്ട്, ദളിത് ആയ കാരണത്താൽ ഫ്ലാറ്റ് വാടകയ്ക്ക് നൽകാൻ സമ്മതിച്ചില്ല എന്നു വീട്ടുടമസ്ഥ. വാടകയ്ക്ക് വീട് എടുക്കാൻ വന്നവരോട് സവർണ്ണ ഹിന്ദുക്കൾക്കു മാത്രമേ വീടു വാടകയ്ക്ക് നൽകൂ എന്നു വീട്ടുടമസ്ഥ അറിയിക്കുകയായിരുന്നു. മധുരൈവീരൻ എന്ന ആൾ വിസികെ പാർട്ടി നേതാവിനോട് കാര്യങ്ങൾ പറഞ്ഞു. അങ്ങനെയാണ് എസ് സി / എസ് റ്റി നിയമപ്രകാരം വീട്ടുടമസ്ഥയായ ലക്ഷ്മിയ്ക്കെതിരെ പോലീസ് കേസ് എടുത്തത്. അവരുടെ ഭർത്താവിൻ്റെ പച്ചക്കറിക്കടയിൽ പണിയെടുക്കുന്നത് ദളിത് തൊഴിലാളികൾ ആണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


ഈ സംഭവത്തിനു തൊട്ടു മുൻപാണ് ദളിത് കുട്ടികൾക്ക് സാധനങ്ങൾ നൽകില്ലെന്നു പറഞ്ഞ പലചരക്കു കടക്കാരനെ പോലീസ് അറസ്റ്റ് ചെയ്ത് കട പൂട്ടിച്ചത്.


ഇത് ഡിണ്ടികലിൻ്റെ മാത്രം കഥയല്ല. രാജ്യത്തെമ്പാടും ഇന്ന് ജാതിവിവേചനം വർദ്ധിച്ചു വരുന്നു. ഒരു വീടോ വ്യാപരസ്ഥലമോ വാടകയ്ക്ക് കിട്ടണമെങ്കിൽ ജാതിയും മതവും പ്രധാനമാകുന്ന കാഴ്ച. കൂടാതെ വിവാഹം കഴിക്കാത്ത സ്ത്രീക്കും പുരുഷനും വീടുകിട്ടാനും പ്രയാസമുണ്ട്. സിംഗിൾപേരൻ്റാണെങ്കിൽ കാര്യം കൂടുതൽ ദുഷ്ക്കരമാകും. ചെയ്യുന്ന ജോലി, അവരുടെ സ്വകാര്യത ലംഘിക്കുന്ന വിവരങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞ ശേഷമേ ഇന്ന് പലരും വീട് വാടകയ്ക്ക് നൽകുകയുള്ളൂ. ഒരാളുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുന്നതു മനസ്സിലാക്കാം, പക്ഷേ അയാളുടെ ജാതിയും മതവും പരിശോധിച്ച് നിലപാട് എടുക്കുന്നത് കുറ്റകരമാണ്.

നൂറ്റാണ്ടുകൾക്ക് മുൻപു നടമാടിയിരുന്ന അനാചാരങ്ങൾ എന്ന നിലയിൽ കുട്ടികൾ പാഠപുസ്തകങ്ങളിൽ തൊടലും തീണ്ടലും ഒക്കെ പഠിക്കുമ്പോൾ, അത് അല്പം വ്യത്യാസത്തോടെ ഇന്നും നമുക്കിടയിൽ ശക്തമായി തുടരുന്നു എന്നതാണ് സത്യം. ഉയർന്ന ജാതിക്കാർ സ്വന്തം ജാതി നോക്കി വീടു വാടകയ്ക്കു നൽകുമ്പോൾ അവർ ഒന്നു മറക്കുന്നു. അവരുടെ ജീവിതം സുഗമമാക്കുന്നത് ഏതെങ്കിലും ഒരു പ്രത്യേക ജാതിക്കാരോ, മതക്കാരോ അല്ല, സമൂഹം ഒന്നടങ്കം ആണെന്ന സത്യം.


പണ്ടുകാലത്ത് അടിയാളന്മാർ പണിയെടുക്കുകയും, മേലാളന്മാർ ഫലം സ്വീകരിക്കുകയും ചെയ്തിരുന്നു, എന്നു കരുതി സമത്വവും സാഹോദര്യവും ജനാധിപത്യവും ഒരു വ്യവസ്ഥാപിത ഭരണഘടനയുമുള്ള രാജ്യത്ത്, സ്വാതന്ത്ര്യം കിട്ടി മുക്കാൽ നൂറ്റാണ്ടാകുമ്പോഴും മാറാൻ താത്പര്യപ്പെടാത്തവരെ, അതിനു കൂട്ടാക്കാത്തവരെ, നിയമം കൊണ്ടു നേരിടുകയല്ലാതെ മറ്റു വഴികളില്ല. രാജ്യം പുരോഗമിക്കുമ്പോൾ പിന്നോട്ടേക്ക് ഉന്തിയിടാൻ ശ്രമിക്കുന്ന ഇത്തരക്കാരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുകയും വേണം. എങ്കിലേ ഈ ദുഷിച്ച ജാതി ചിന്തകൾക്ക് ഒരു അറുതി വരൂ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക