രാത്രിയുടെ കാവൽക്കാരൻ ( കവിത : ജോയ്സി റാണി ജോസ് )

Published on 21 September, 2022
രാത്രിയുടെ കാവൽക്കാരൻ ( കവിത : ജോയ്സി റാണി ജോസ് )

എന്തിനാണ് കരയുന്നതെന്നു
പറഞ്ഞു ഫലിപ്പിക്കാൻ
അറിയാത്ത കുഞ്ഞിനെപ്പോലെ
അലറുന്ന അലാറത്തിന്
ഒരടി കൊടുത്തതിനെ
നിശബ്ദനാക്കുന്നു

ഉറക്കമിളച്ചതിന്റെ ക്ഷീണമൊന്നകറ്റാൻ 
പകലൊന്നുറങ്ങാമെന്നു വിചാരിച്ചാണ്
അലാറമൊന്നു തലചായ്ച്ചത്
അപ്പോളാണ് 
വീട്ടുപണിയെല്ലാമൊന്നൊതുക്കി
വീട്ടമ്മയൊന്നു മയങ്ങാൻ വന്നത്

പിന്നെയും ഉറക്കച്ചടവോടുകൂടി
അല്പസമയം ഉണർന്നിരുന്നു

ഞാൻ പകലല്പം ഉറങ്ങി
രാത്രിയിൽ കാവലിരിക്കുന്ന  
കാവൽക്കാരനാണ്
നിന്നെ സമയത്തുണർത്താൻ
ബാധ്യസ്ഥനാണ്

 അതീവജാഗ്രതയോടെ
 നിനക്ക്   കാവലിരുന്നു
 നിന്നെയുണർത്താൻ ശ്രമിക്കുമ്പോൾ
 എന്റെ മണ്ടയ്ക്കിട്ടൊന്നു തന്ന്
 നീ പിന്നെയും തിരിഞ്ഞു കിടന്നുറങ്ങി
 വൈകിയെണീറ്റു
 എന്നെ ശപിച്ചും ശകാരിച്ചും
 ഓടിയിറങ്ങി പുറപ്പെടുമ്പോൾ
 ജോലി കൃത്യം ചെയ്തിട്ടും
 പഴി കേൾക്കേണ്ടി വന്ന
 വേലക്കാരനാകുന്നു ഞാൻ

POEM RAATHRIYUDE KAAVALKARAN JOYCY RANI JOSE

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക