അന്ന് മമ്മൂക്ക താമസിച്ചിരുന്ന പങ്കജ് ഹോട്ടലില്‍ എന്നെങ്കിലും മുറിയെടുക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു; വിക്രം

Published on 21 September, 2022
 അന്ന് മമ്മൂക്ക താമസിച്ചിരുന്ന പങ്കജ് ഹോട്ടലില്‍ എന്നെങ്കിലും മുറിയെടുക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു; വിക്രം

 

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട തമിഴ് നടന്മാരില്‍ ഒരാളാണ് ചിയാന്‍ വിക്രം. 1993-ല്‍ ജോഷി സംവിധാനം ചെയ്ത 'ധ്രുവം' സിനിമയില്‍ ചെറിയ ഒരു വേഷം വിക്രം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ച ചില ഓര്‍മ്മകള്‍ ശ്രദ്ധ നേടുകയാണ്. 

കഴിഞ്ഞ ദിവസം പൊന്നിയിന്‍ സെല്‍വന്‍ കേരളാ ലോഞ്ചിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പരിപാടിയിലാണ് വിക്രം 'ധ്രുവം' സിനിമയ്ക്കായി കേരളത്തില്‍ വന്ന നിമിഷങ്ങള്‍ പങ്കുവെച്ചത്. 'ധ്രുവം' സിനിമയില്‍ ചെറിയ റോള്‍ ചെയ്യാനായി തിരുവനന്തപുരത്ത് വന്നു. ഒരു ചെറിയ ലോഡ്ജിലായിരുന്നു താമസിച്ചത്. ഇന്ന് താമസിക്കുന്നത് അതിനേക്കാള്‍ സൗകര്യമുള്ള ഹോട്ടലിലാണ്. അന്ന് മമ്മൂക്ക താമസിച്ചിരുന്ന പങ്കജ് ഹോട്ടലില്‍ എന്നെങ്കിലും മുറിയെടുക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഇന്നും ആ ലോഡ്ജ് ഇവിടെയുണ്ട്. ഭാര്യയെയും കുടുംബത്തെയും കൂട്ടിക്കൊണ്ടുപോയി ആ ലോഡ്ജ് കാണിച്ചുകൊടുത്തു,' വിക്രം പറഞ്ഞു. 

'തിരുവനന്തപുരം എന്നും എനിക്ക് വലിയ ഓര്‍മ്മകളാണ്. ഒരു തമിഴ് മാസികയില്‍ വന്ന ചിത്രം കണ്ടാണ് ജോഷി സാര്‍ എന്നെ ധ്രുവത്തിലേക്ക് ക്ഷണിച്ചത്. ഷൂട്ടിങ് തിരുവനന്തപുരത്ത്. പ്രഭാതങ്ങളില്‍ എം ജി റോഡിലൂടെ നടക്കാന്‍ പോകുമായിരുന്നു. ആകെ ഒരു ഉന്തുവണ്ടിക്കാരന്‍ മാത്രമാണ് എന്നെ തിരിച്ചറിഞ്ഞ് വിക്രം എന്ന് വിളിച്ച് കൈവീശി കടന്നുപോയത്. മലയാളത്തില്‍ അങ്ങനെ അഭിനയിച്ചിട്ടില്ലെങ്കിലും എന്റെ സിനിമകള്‍ക്ക് മലയാളികള്‍ നല്‍കുന്ന സ്വീകരണത്തിനും തരുന്ന സ്‌നേഹത്തിനും നന്ദിയുണ്ട്. വിക്രം എന്ന് നിങ്ങള്‍ വിളിക്കുമ്പോള്‍ വലിയ സന്തോഷമാണ്,' താരം പറഞ്ഞു. 

ലോഞ്ചിന്റെ ഭാഗമായി പെന്നിയിന്‍ സെല്‍വന്റെ താരങ്ങളായ ജയം രവി, കാര്‍ത്തി, ത്രിഷ, ഐശ്വര്യ ലക്ഷ്മി, ബാബു ആന്റണി എന്നിവരും മണി രത്നവും പങ്കെടുത്തിരുന്നു. ചിത്രം സെപ്റ്റംബര്‍ 30-നാണ് തിയേറ്ററുകളില്‍ എത്തുക. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തില്‍ എത്തിക്കുന്നത്.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക