രാഹുൽ ഗാന്ധിയുടെ കുട്ടിക്കളികള്‍ (സാം നിലമ്പള്ളില്‍)

Published on 21 September, 2022
രാഹുൽ ഗാന്ധിയുടെ കുട്ടിക്കളികള്‍ (സാം നിലമ്പള്ളില്‍)

അടുത്തിടെ കോണ്‍ഗ്രസ്സിനോട് ഗുഡ്‌ബൈ ചൊല്ലിയ  ഗുലാംനബി ആസാദാണ് പറഞ്ഞത് രാഹുല്‍ ഗന്ധിയുടേത് വെറും കട്ടിക്കളികളാണെന്ന്. ഒരുകാര്യവും സീരിയസ്സായി എടുക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. കൂടെ നില്‍കുന്ന കെ. സി. വേണുഗോപാലിനെപ്പോലുള്ളവര്‍ അദ്ദേഹത്തെകൊണ്ട് കുരങ്ങുകളിപ്പിക്കയാണ്. അതിലൊന്നാണ് അദ്ദേഹം ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന ഭാരത് ജോഡോ എന്ന സാഹസം. തെക്ക് കന്യാകുമാരിമുതല്‍ വടക്ക് കാഷ്മീര്‍വരെ 3500 കിലോമീറ്റര്‍ നടന്ന് ചത്തുകിടക്കുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ പുനര്‍ജ്ജീവിപ്പിക്കാനുള്ള ശ്രമമാണ് ജോഡോകൊണ്ട് ഉദ്ദേശിക്കുന്നത്. അങ്ങനെ 2024 ല്‍ നടക്കാന്‍പോകുന്ന പാര്‍ലമെന്റ് ഇലക്ഷനില്‍ ഭൂരിപക്ഷംനേടി പ്രധാനമന്ത്രിയാകുക. 

എന്തൊരു നടക്കാത്ത സ്വപ്നം. കോണ്‍ഗ്രസ്സിന്റെ പ്രസിഡണ്ടാകാന്‍ തയ്യാറാകാത്ത രാഹുലിന് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ പകുതി സമ്മതമാണ്. അറക്കല്‍ ബീവിയെ കെട്ടാന്‍ അര  സമ്മതമാണന്ന് ഏതോ ഒരു കാക്കാ പറഞ്ഞതുപോലെ.

ഏ സി കാറിലും വീട്ടിലും സുഖവസിച്ച് കഴിഞ്ഞിരുന്ന രാഹുല്‍ ഗാന്ധി കേരളത്തിലെ എരിപൊരി വെയിലുംകൊണ്ട് ആലപ്പുഴയില്‍ എത്തിയപ്പോള്‍തന്നെ ജോഡോ മതിയാക്കിയാലോയെന്ന് ആലോചിച്ചുകാണും. എന്നാല്‍ വേണുഗോപാല്‍ വിടാനുള്ള ഉദ്ദേശമില്ല. നടന്നല്ല ഇഴഞ്ഞായാലും കാഷ്മീരിലെത്തിക്കുകയെന്നത് അദ്ദേഹത്തിന്റെ ദൃഢനിശ്ചയമാണ്. വേണു എത്ര നിര്‍ബന്ധിച്ചാലും രാഹുല്‍ ഈ യാത്ര പൂര്‍ത്തിയാക്കില്ലെന്ന് അദ്ദേഹത്തിന്റെ സ്വഭാവം അറിയാവുന്നവര്‍ക്ക് ഉറപ്പുണ്ട്. ഒരുകാര്യത്തിലും ഉറപ്പില്ലാത്ത വ്യക്തി. വ്യക്തമായ പ്‌ളാനോ ആശയങ്ങളോ ഇല്ല. ഇന്ന് ഇന്‍ഡ്യയിലാണെങ്കില്‍ നാളെ ഇറ്റലിയില്‍. അവിടെച്ചെന്ന് മാതൃരാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുക. പ്രധാമന്ത്രിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും വിമര്‍ശ്ശിക്കാനാണെങ്കില്‍ അത് ഇന്‍ഡ്യയില്‍ വെച്ചായിക്കൂടെ., വിദേശത്തുവച്ചുവേണോ.

പാര്‍ലമെന്റില്‍ ചര്‍ച്ചക്കിടെ മോദിയെ കെട്ടിപ്പിടിക്കയും പ്രതിപക്ഷനിരയെനോക്കി കണ്ണിറുക്കുയും ചെയ്തത് അദ്ദേഹത്തിന്റെ പക്വതയില്ലായ്മയാണ് തെളിയിച്ചത്. ഈ പെരുമാറ്റം കോണ്‍ഗ്രസ്സ് എം പിമാരില്‍തന്നെ അപ്രീതി ഉണ്ടാക്കി. മോദിയെപറ്റി ചൗക്കിദാര്‍ ചോര്‍ ഹെ (പ്രധാനമന്ത്രി കള്ളനാണ്)  എന്നുപറഞ്ഞതിനെ ഒരുകോണ്‍ഗ്രസ്സുകാരനും പിന്‍താങ്ങിയില്ല. മോദി അതിനോട് പ്രതികരിച്ചതുമില്ല. ഏതോചെക്കന്‍ എന്തോപറഞ്ഞു എന്നരീതിയിലാണ് അദ്ദേഹം കണക്കാക്കിയത്.

ഇന്‍ഡ്യയിലെ പുതിയതലമുറ വിദ്യാഭ്യാസമുള്ള, സ്വയം ചിന്തിക്കാന്‍ കഴിവുള്ളവരാണ്. അവര്‍ക്ക് നെഹ്‌റുവിനോട് ആരാധനയില്ല. പണ്ട് നെഹ്‌റുവെന്ന ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്നു എന്നുമാത്രമെ അവര്‍ക്കറിയു. നെഹ്‌റു കുടുംബത്തെ മറ്റെല്ലാകുടുംബങ്ങളില്‍നിന്നും വ്യസ്തമായി അവര്‍ കണക്കാക്കുന്നില്ല. ആ കുടുംബത്തോട് അല്‍പമെങ്കിലും ആരാധനയുള്ളവര്‍ ജീവിക്കുന്നത് കേരളത്തിലാണ്.

കോണ്‍ഗ്രസ്സ് പാര്‍ട്ടി അടുത്തകാലത്തൊന്നും ഇന്‍ഡ്യയില്‍ അധികാരത്തിലെത്തത്തില്ല. ഇത്രയും നാളത്തെ ചെയ്തികളാണ് അവരെ ജനങ്ങളില്‍നിന്ന് അകറ്റിയത്. വോട്ടിനുവേണ്ടി സമുദായങ്ങളെയും മതങ്ങളെയും പ്രീണിപ്പിക്കുന്ന നയം ജനങ്ങളില്‍ വെറുപ്പുളവാക്കി. വഴിനീളെയുള്ള കുട്ടികളെ കെട്ടിപ്പിടിച്ചോ ഉമ്മവെച്ചോ വോട്ടുനേടാമെന്ന രാഹുല്‍ വിചാരിക്കുന്നെങ്കില്‍ വിഢികളുടെ ലോകത്താണ് അദ്ദേഹം ജീവിക്കുന്നതെന്ന് പറയേണ്ടിവരും. ഭാരത് ജോഡോ വഴിക്കുവച്ച് രാഹുല്‍ അവസാനിപ്പിക്കും., എന്നിട്ട് ഇറ്റലിക്ക് പറക്കും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക