കര്‍ണാടക മുഖ്യമന്ത്രിക്കെതിരെ പോസ്റ്റര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published on 22 September, 2022
കര്‍ണാടക മുഖ്യമന്ത്രിക്കെതിരെ പോസ്റ്റര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ബെംഗളൂരു: കര്‍ണ്ണാടക സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്ന വിധത്തില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ചിത്രം പേര്‍ത്ത് പോസ്റ്റര്‍ പതിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
 
'പേസിഎം', '40% ഇവിടെ സ്വീകരിക്കും' എന്ന കുറിപ്പോടെ മുഖ്യമന്ത്രിയുടെ മുഖചിത്രം ചേര്‍ത്ത് പോസ്റ്റര്‍ പതിപ്പിച്ചതിനാണ് കോണ്‍ഗ്രസ് സമൂഹമാധ്യമ ടീമിലെ അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തത്. ക്യൂ ആര്‍ കോഡിന്‍്റെ രൂപത്തിലാണ് ബസവരാജ് ബൊമ്മൈയുടെ ചിത്രം പതിച്ചിരുന്നത്.

സമൂഹമാധ്യമ വിഭാഗം മുന്‍ തലവന്‍ ബിആര്‍ നായിഡുവിനെ വസന്ദ് നഗറിലെ എംബസി അപ്പാര്‍ട്ട്മെന്‍്റില്‍ നിന്നാണ് രാത്രി 2 മണിയോടെ പോലീസ് നാടകീയമായി പിടികൂടിയത്. നാല് പോലീസുകാര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ ഹൈ ഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പരിഭ്രാന്തയായ ഇദ്ദേഹത്തിന്‍്റെ ഭാര്യ കോണ്‍ഗ്രസ് സമൂഹമാധ്യമ ടീമിനെയും മറ്റ് നേതാക്കളെയും ബന്ധപ്പെട്ടെന്ന് ടീമിലെ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ന്യൂ ഇന്ത്യന്‍ എക്സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സോഷ്യല്‍ മീഡിയ ടീമിലെ പ്രമുഖനായ ഡിഎ ഗഗന്‍ യാദവാണ് പിടിയിലായ മറ്റൊരു നേതാവ്. കോണ്‍ഗ്രസ് നേതാവ് ഡി എ ഗോപാലിന്‍്റെ മകനും മുന്‍ മന്ത്രി എ കൃഷ്ണപ്പയുടെ അനന്തിരവനുമാണ് ഗഗന്‍. കെ ആര്‍ പുരത്തെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത ഇദ്ദേഹത്തെ സദാശിവ് നഗര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു എന്നാണ് വിവരം. രണ്ടു നേതാക്കളെയും പോലീസ് സ്റ്റേഷനില്‍ വെച്ച്‌ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
 
മുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്ററിലൂടെ ഉന്നയിക്കാന്‍ ശ്രമിച്ചതെങ്കിലും പൊതുസ്ഥലം വൃത്തികേടാക്കിയതിനുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

രാത്രി നടന്ന നാടകീയമായ അറസ്റ്റ് അധികം വൈകാതെ തന്നെ കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിഞ്ഞു. തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ എല്ലാ പ്രവര്‍ത്തകരെയും ഇത് അറിയിക്കുകയും ചെയ്തു. ബിആര്‍ നായിഡുവിനെ അറസ്റ്റ് ചെയ്ത് അധികം വൈകാതെ തന്നെ ഇത് സംബന്ധിച്ച്‌ കെപിസിസി വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ സന്ദേശം പ്രത്യക്ഷപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍്റെ വീട്ടുകാര്‍ പരിഭ്രാന്തരാണെന്നും മാധ്യമ പ്രതിനിധികള്‍ ഹൈ ഗ്രൗണ്ട്സിന് അടുത്തെത്തണമെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.

പേസിഎം പോസ്റ്ററുകള്‍ പതിച്ചവര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ബെംഗളൂരു പോലീസ് കമ്മീഷണര്‍ സി എച്ച്‌ പ്രതാപ് റെഡ്ഡി പറഞ്ഞിരുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക