മോഹങ്ങൾ (കവിത: ശിവൻ തലപ്പുലത്ത്‌)

Published on 22 September, 2022
മോഹങ്ങൾ (കവിത: ശിവൻ തലപ്പുലത്ത്‌)

മുഖം നഷ്ടപ്പെട്ട
മോഹം പോലെ
നനുത്ത കാറ്റിൽ
കരയുന്ന ഇല്ലപോലെ

പാതിവെന്തചിന്തയിൽ
തിളച്ചു മറിയുന്ന
വാക്കിന്റെ
വിലാപം പോലെ

മുറുക്കി യുടുത്ത
ഉടുമുണ്ടിൽ
പിടയുന്ന
വിശപ്പിന്റെ നീറ്റൽ പോലെ

നടന്നു നടന്നു തേഞ്ഞ
ചെരുപ്പിന്റെ
രൗദ്ര വിലാപം പോലെ
ഇന്നിനെ കാണാനുള്ള
കൊതിയിൽ
ഇന്നലെയെ
കൈവിട്ടവരെ പോലെ

ആണ്ടുകൾ താണ്ടാനുള്ള
കുഞ്ഞനുറുമ്പിന്റെ
ചടുല താളം പോലെ
നീട്ടി കൂവാൻ പറ്റാത്ത
അഭിമാനത്തിന്റെ
നീറ്റൽ പോലെ

ഏതോ ഒരു അറ്റം
തേടിയെന്റെ യാത്ര.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക