മകളുടെ മുന്നില്‍ അച്ഛനെ മര്‍ദിച്ച സംഭവം: ജീവനക്കാര്‍ കുറ്റക്കാരെന്ന് കെഎസ്ആര്‍ടിസി എംഡി ഹൈക്കോടതിയില്‍

Published on 22 September, 2022
മകളുടെ മുന്നില്‍ അച്ഛനെ മര്‍ദിച്ച സംഭവം: ജീവനക്കാര്‍ കുറ്റക്കാരെന്ന് കെഎസ്ആര്‍ടിസി എംഡി ഹൈക്കോടതിയില്‍

കൊച്ചി: കാട്ടാക്കടയില്‍ മകളുടെ മുന്നില്‍ അച്ഛനെ മര്‍ദിച്ച സംഭവത്തില്‍ ആര്യനാട് യൂണിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ. മുഹമ്മദ് ഷെരീഫ്, കണ്ടക്ടര്‍ എന്‍. അനില്‍കുമാര്‍, സെക്യൂരിറ്റി ഗാര്‍ഡ് എസ്.ആര്‍. സുരേഷ് കുമാര്‍, കാട്ടാക്കട യൂണിറ്റ് ജൂനിയര്‍ അസിസ്റ്റന്റ് ഡി.പി. മിലന്‍ ഡോറിച്ച് എന്നിവരെ പ്രഥമദൃഷ്ട്യാ കുറ്റക്കാരായി കണ്ടെത്തിയെന്നും ഇവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തെന്നും കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ഹൈക്കോടതിക്കു റിപ്പോര്‍ട്ട് നല്‍കി.

സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണു കെഎസ്ആര്‍ടിസി അഭിഭാഷകന്‍ ദീപു തങ്കന്‍ മുഖേന റിപ്പോര്‍ട്ട് നല്‍കിയത്. വിവരം ലഭിച്ചയുടനെ അന്വേഷണത്തിന് ഉത്തരവിട്ടെന്നും വിജിലന്‍സ് ഇന്‍സ്‌പെക്ടറില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചെന്നും കെഎസ്ആര്‍ടിസി എംഡി അറിയിച്ചു. മകളുടെ കണ്‍സഷന്‍ കാര്‍ഡിനായി കൗണ്ടറില്‍ എത്തിയ പ്രേമനനോട് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഉദ്യോഗസ്ഥന്‍ പറയുകയായിരുന്നു.

കണ്‍സഷന്‍ കാര്‍ഡ് അനുവദിക്കുന്നതിനുള്ള ചട്ടങ്ങളും ആവശ്യങ്ങളും പ്രേമനനെ മനസ്സിലാക്കിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ ചില ജീവനക്കാര്‍ പ്രേമനനെ മകളുടെ മുന്നില്‍ ദേഹോപദ്രവം ഏല്‍പ്പിച്ചു.  ജീവനക്കാരുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയുടെ വിഡിയോ പ്രചരിക്കുകയും കെഎസ്ആര്‍ടിസിക്കു നാണക്കേടാകുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന് അക്രമാസക്തരായ ജനക്കൂട്ടം ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസിന് കേടു പാടുകള്‍ വരുത്തി. തുടര്‍ന്നു കാട്ടാക്കട പൊലീസ് കേസെടുത്തെന്നും എംഡി ഹൈക്കോടതിയെ അറിയിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക