കണക്ടിക്കട്ടിൽ മാസ്കോൺ ഓണം കെങ്കേമമായി കൊണ്ടാടി 

Published on 22 September, 2022
കണക്ടിക്കട്ടിൽ മാസ്കോൺ ഓണം കെങ്കേമമായി കൊണ്ടാടി 

കണക്ടിക്കട്ട്: മലയാളി അസോസിയേഷൻ ഓഫ് സതേൺ കണക്റ്റിക്കട്ടിന്റെ (MASCONN)  ഓണാഘോഷം  മാഡിസൺ മിഡിൽ സ്‌കൂളിൽ നടന്നു. 250-ല്പരം ആളുകൾ പങ്കെടുത്ത പരിപാടി, കേരളത്തിന്റെ സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതി.

സ്‌കൂൾ പ്രവേശന കവാടത്തിൽ വർണ്ണാഭമായ പൂക്കളം ഒരുക്കി. ചന്ദനതിലകമണിഞ്ഞ നിലവിളക്കുമായി പരമ്പരാഗത രീതിയിൽ മാവേലി മന്നനെ വരവേൽക്കാൻ അണിയിച്ചൊരുക്കിയ തിരുമുറ്റം പ്രവാസികൾക്ക് കേരളത്തിലെ ഗൃഹാതുര ഓർമ്മകൾ പകർന്നുനൽകി. പുരുഷന്മാർ മുണ്ടും ഷർട്ടും ധരിച്ചപ്പോൾ നേര്യതുടുത്ത് സ്ത്രീകളും കേരളത്തനിമ വേഷവിധാനത്തിൽ പുലർത്തി. പുതുതലമുറയ്ക്ക് കേരളത്തിന്റെ പൈതൃകം പകർന്നുനൽകുക എന്ന ഉദ്ദേശമാണ് ഇത്തരം ആഘോഷങ്ങൾ പ്രസക്തമാകുന്നത്.

പ്രസിഡന്റ് ടിജോ ജോഷും  എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ  ശ്രീജിത്ത് മമ്പറമ്പത്ത് (വൈസ് പ്രസിഡന്റ്), ജിബി,  വീണ രമേശ് (സെക്രട്ടറി), രശ്മി പാറക്കൽ (ജോയിന്റ് സെക്രട്ടറി), ജേക്കബ് മാത്യു (ട്രഷറർ) , ഡയറക്ടർ ബോർഡ് അംഗങ്ങളായ സുജനൻ ടി പി, അനിത നായർ, അശ്വതി രാജീവൻ, ജോസ് കളരിക്കൽ, കൗശിക് പ്രകാശ്, പ്രിൻസ് ലാൽ, റോയ് സെബാസ്റ്റ്യൻ, സോഫിയ സലിം, സുധി ബാലൻ എന്നിവരും വിശിഷ്ടാതിഥികളും ചേർന്ന്  നിലവിളക്ക് തെളിച്ചുകൊണ്ടാണ്  ഓണാഘോഷങ്ങൾ ആരംഭിച്ചത്. 

കിഡ്‌സ് ക്ലബ് പ്രസിഡന്റ് ലക്ഷ്മി എസ് നായർ ക്ലബ്ബിലെ അംഗങ്ങളെ പരിചയപ്പെടുത്തുകയും പ്രാദേശിക റെഡ് ക്രോസുമായി സഹകരിച്ച് ഒക്ടോബർ 4 ന്  ആസൂത്രണം ചെയ്തിട്ടുള്ള ബ്ലഡ് ഡ്രൈവിന്റെ പ്രഖ്യാപനം നടത്തുകയും ചെയ്തു. വീണ, അശ്വതി, നിമ്മി, റൊണിയ, ആവണി, ദീപ, ഹെൻസി, ശ്രേയ എന്നിവരുൾപ്പെടെ കുട്ടികളുടെയും സ്ത്രീകളുടെയും നേതൃത്വത്തിൽ അരങ്ങേറിയ തിരുവാതിരകളിയും ഏവരുടെയും മനം കവർന്നു.

കണക്റ്റിക്കട്ട് സ്റ്റേറ്റ് അസംബ്ലി അംഗം ഹാരി അറോറയും ട്രംബുളിൽ  നിന്ന്    സ്റ്റേറ്റ് അസംബ്ലിയിലേക്കുള്ള   സ്ഥാനാർത്ഥി സുജാത ഗഡ്കർ-വിൽകോക്സും ഉൾപ്പെടുന്ന മുഖ്യാതിഥികൾ, പരിപാടിയിൽ പങ്കെടുക്കുകയും ഓണാശംസകളും സന്ദേശവും പങ്കുവയ്ക്കുകയും ചെയ്തു.

അധികാരത്തിന്റെ ഇടനാഴികളിൽ ഇന്ത്യൻ-അമേരിക്കക്കാരുടെ ശബ്ദം ഉയർന്നു കേൾക്കാൻ നവംബർ 8 നു നടക്കുന്ന തിരഞ്ഞെടുപ്പിൽ ഏവരുടെയും വിലയേറിയ വോട്ട് രേഖപ്പടുത്തണമെന്ന് അറോറയും ഗഡ്കർ-വിൽകോക്സും  അഭ്യർത്ഥിച്ചു. ഓണസദ്യ വിളമ്പുന്നതിൽ അടക്കം ഇവർ സജീവമായി പങ്കെടുത്തു.

തെക്കൻ കണക്റ്റിക്കട്ട് മേഖലയിലെ മലയാളി സമൂഹത്തിന്റെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്ന സംഘടനയാണ് മാസ്‌കോൺ എന്ന് പ്രസിഡന്റ് ടിജോ ജോഷ് സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. കോവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിച്ച ശേഷം, മാരകമായ വൈറസ് ബാധിച്ചവരുടെ ജീവൻ രക്ഷിക്കാൻ ധീരമായി പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകർക്ക് ആദരവ് അർപ്പിക്കുകയും ചെയ്ത പ്രസിഡന്റ്, മസ്‌കോൺ യൂത്ത് ഗ്രൂപ്പിനെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും അംഗങ്ങളെയും  അഭിനന്ദിച്ചു.

കേരളത്തിന്റെ സാംസ്‌കാരികോത്സവമായ ഓണത്തിന് പിന്നിലെ ഐതീഹ്യത്തെക്കുറിച്ച് പരിപാടിയുടെ എംസി- യായ  ക്ലാരൻസ് സേവ്യറും മിനി അജയ് യും    വിശദീകരിച്ചു.

കേരളത്തിൽ ഒരുകാലത്ത് ജനങ്ങൾക്ക് സുവർണകാലം സമ്മാനിച്ച മഹാബലി ചക്രവർത്തി തന്റെ പ്രജകൾ സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ പാതാളത്തിൽ നിന്ന്  വർഷം തോറും വരുന്നു എന്ന വിശ്വാസത്തെക്കുറിച്ചും അവർ വാചാലരായി. ഓണത്തപ്പൻ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന മഹാബലി തമ്പുരാനോടുള്ള ആദരസൂചകമായാണ് ഓണം ആഘോഷിക്കുന്നതെന്ന് മിനി അജയ് പറഞ്ഞു.
വാഴയിലയിൽ പരമ്പരാഗത വിഭവങ്ങളോടും പായസത്തോടും കൂടി വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യ എല്ലാവരും ആസ്വദിച്ചു. 

മാസ്കോണിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മലയാളി മങ്ക, ഫാമിലി ചമയം ഫോട്ടോ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി. ചെസ്, കാർഡ് ഗെയിംസിലെ വിജയികളെ ട്രോഫികൾ നൽകി ആദരിച്ചു.

ഓണത്തിന്റെ  സൗന്ദര്യം അതിന്റെ മതേതര ഘടനയിലാണെന്നും എല്ലാ മതത്തിലും ജാതിയിലും സമുദായത്തിലും പെട്ട ആളുകൾ സന്തോഷത്തോടെയും ആവേശത്തോടെയും ഇത് കൊണ്ടാടുന്നു എന്നും മാവേലി മന്നൻ ഓണസന്ദേശത്തിൽ പറഞ്ഞു.

 മസ്‌കോൺ വൈസ് പ്രസിഡന്റുമാരായ ശ്രീജിത്ത് മമ്പറമ്പത്തും ജയ ജിബിയും സംഘാടകർക്കും പരിപാടി വിജയമാക്കിത്തീർത്ത ഓരോരുത്തർക്കും നന്ദി രേഖപ്പെടുത്തി.

Rajeevan MS 2022-09-23 13:31:08
ഭംഗിയായി ഓണാഘോഷം നടത്തിയതിന് കമ്മിറ്റിക്കുള്ള ആശംസകൾ അറിയിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക