ഇങ്ങനെ പോയാല്‍ ഞാന്‍ അദ്ദേഹത്തിന്റെ വാപ്പയായി അഭിനയിക്കേണ്ടിവരും -ദുല്‍ഖര്‍

Published on 22 September, 2022
ഇങ്ങനെ പോയാല്‍ ഞാന്‍ അദ്ദേഹത്തിന്റെ വാപ്പയായി അഭിനയിക്കേണ്ടിവരും -ദുല്‍ഖര്‍
മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ച് ഒരു ചിത്രത്തില്‍ എന്ന് അഭിനയിക്കും എന്ന് ആരാധകര്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. അമല്‍ നീരദിന്റെ ബിലാലില്‍ ഇരുവരും ഒന്നിക്കുന്നുവെന്നൊക്കെ പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഇതിനിടെ മമ്മൂട്ടിയേക്കുറിച്ച് രസകരമായൊരു കമന്റ് പറഞ്ഞിരിക്കുകയാണ് ദുല്‍ഖര്‍. മമ്മൂട്ടിയുടെ സൗന്ദര്യത്തേക്കുറിച്ചാണ് ദുല്‍ഖര്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.

കാര്യങ്ങള്‍ ഇങ്ങനെ പോവുകയാണെങ്കില്‍ താന്‍ മിക്കവാറും മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കേണ്ടിവരും എന്നാണ് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞത്. ബാല്‍കി സംവിധാനം ചെയ്ത പാ എന്ന ചിത്രത്തില്‍ അഭിഷേക് ബച്ചനും അമിതാഭ് ബച്ചനും അച്ഛനും മകനുമായി അഭിനയിച്ചത് പരാമര്‍ശിച്ചുള്ള ചോദ്യത്തിനായിരുന്നു ദുല്‍ഖറിന്റെ ഈ ഉത്തരം.


അതത്ര വിചിത്രമൊന്നും ആയിരിക്കില്ല. എന്റെ വാപ്പച്ചിയെ നോക്കൂ. ഞാനിപ്പോഴേ മസ്‌കാരയൊക്കെ ഉപയോഗിച്ച് താടി കറുപ്പിക്കാന്‍ തുടങ്ങി. താടിയില്‍ ഇടയ്ക്ക് പിടിക്കുമ്പോള്‍ കയ്യില്‍പ്പറ്റും. വിരലൊക്കെ കറുത്തിരിക്കും. തീര്‍ച്ചയായും എനിക്ക് പ്രായമായിക്കൊണ്ടിരിക്കുകയാണ്. പക്ഷേ എനിക്കറിയില്ല, അദ്ദേഹമെന്താണ് ചെയ്യുന്നതെന്ന്. ഇങ്ങനെ പോവുകയാണെങ്കില്‍ പ്രത്യേകിച്ച് മേക്കപ്പ് ഒന്നും ഇല്ലാതെ തന്നെ ഞാന്‍ ആളുടെ വാപ്പയായി അഭിനയിക്കേണ്ടിവരും.' ദുല്‍ഖര്‍ പറഞ്ഞു.


വാപ്പയുടെ കടുത്ത ആരാധകനെന്ന നിലയില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ നല്ല ആ?ഗ്രഹമുണ്ട്. പക്ഷേ തീരുമാനം അദ്ദേഹത്തിന്റേതാണ്. എന്റെ കരിയറിനെ കുറിച്ച് കമന്റുകളൊന്നും വാപ്പ അങ്ങനെ പറയാറില്ലെങ്കിലും ഉമ്മയോട് സംസാരിക്കുന്നതില്‍നിന്നും മറ്റും മനസ്സിലായത്, ഞാനെല്ലാം എന്റേതായ വഴിയേ ചെയ്യുന്നതില്‍ അദ്ദേഹത്തിന് ഏറെ അഭിമാനമുണ്ട് എന്നാണെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക