പാനിക് ബട്ടണ്‍ വരുന്നു.സ്ത്രീ സുരക്ഷയ്ക്കു കൂടുതല്‍ സംവിധാനമൊരുക്കി കേന്ദ്ര ഗതാഗത മന്ത്രാലയം (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 23 September, 2022
പാനിക് ബട്ടണ്‍ വരുന്നു.സ്ത്രീ സുരക്ഷയ്ക്കു കൂടുതല്‍ സംവിധാനമൊരുക്കി കേന്ദ്ര ഗതാഗത മന്ത്രാലയം (ദുര്‍ഗ മനോജ് )

ബസ്സ് ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളില്‍ പാനിക് ബട്ടണും ലൊക്കേഷന്‍ ട്രാക്കിങ് സിസ്റ്റവും കൊണ്ടുവരാനൊരുങ്ങി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. 2023 മാര്‍ച്ച് മാസം മുതലാകും ഇവ പ്രാബല്യത്തില്‍ വരിക. കുട്ടികളുടേയും സ്ത്രീകളുടേയും സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനം. മഞ്ഞ നമ്പര്‍ പ്ലേറ്റുള്ള എല്ലാ കൊമേര്‍ഷ്യല്‍ വാഹനങ്ങളും ഈ നിയമം അനുസരിക്കേണ്ടതായിട്ടുണ്ട്. കൂടാതെ ബസ്സുകള്‍, സ്‌കൂള്‍ വാഹനങ്ങള്‍, ടാക്‌സി വാഹനങ്ങള്‍ എന്നിവയില്‍ ലൊക്കേഷന്‍ ട്രാക്കര്‍ വേണം. അടിയന്തിര ഘട്ടങ്ങള്‍ നേരിടാനാണ് പാനിക് ബട്ടണ്‍. സ്ത്രീ സുരക്ഷക്കണക്കിലെടുത്ത് സീറ്റിന് അരികില്‍ വേണം പാനിക് ബട്ടണ്‍ സ്ഥാപിക്കേണ്ടത്.അതില്‍ അമര്‍ത്തിയാല്‍ ഉടന്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ സന്ദേശം എത്തും. ഇതു വഴി വാഹനം ട്രാക്ക് ചെയ്യാനും അക്രമം തടയാനുമാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു.

2012 ല്‍ ദില്ലിയില്‍ സംഭവിച്ച കൂട്ടബലാല്‍സംഗക്കേസ് നടന്നത് ഓടിക്കൊണ്ടിരുന്ന ബസ്സിനുള്ളിലാണ്. അന്ന് രാജ്യത്തെ രാഷ്ട്രീയ സ്ഥിതിഗതികളെ മാറ്റിമറിച്ചു കൊണ്ട് രാജ്യമെമ്പാടും ഉയര്‍ന്ന കനത്ത പ്രതിഷേധം ആരും മറന്നു തുടങ്ങിയിട്ടില്ല. അതിക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി മരണത്തിനു കീഴടങ്ങി. ആ സംഭവത്തിനു ശേഷം, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ധാരാളം നിയമനിര്‍മാണങ്ങള്‍ നടന്നുവരികയാണ്. വാഹനങ്ങളില്‍ ഒറ്റയ്ക്കുള്ള യാത്ര ഇന്നും ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് സമ്പൂര്‍ണ്ണ സുരക്ഷിതത്വം നല്‍കുന്നില്ല. അതിലേക്കുള്ള ചുവടുവയ്പ്പാകട്ടെ പുതിയ നിയമങ്ങള്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക