'വര്‍ക് ഫ്രം ഹോം' അവസാനിപ്പിക്കാനൊരുങ്ങി ടാറ്റ കണ്‍സള്‍ടന്‍സി സര്‍വീസസ്

Published on 23 September, 2022
'വര്‍ക് ഫ്രം ഹോം' അവസാനിപ്പിക്കാനൊരുങ്ങി  ടാറ്റ കണ്‍സള്‍ടന്‍സി സര്‍വീസസ്
മുംബൈ: ഇന്‍ഡ്യയിലെ ഏറ്റവും വലിയ ഐടി സേവന സ്ഥാപനമായ ടാറ്റ കണ്‍സള്‍ടന്‍സി സര്‍വീസസ് (TCS) വര്‍ക് ഫ്രം ഹോം അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപോര്‍ട്.
 
ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഓഫീസില്‍ നിന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ച്‌ ജീവനക്കാര്‍ക്ക് ഇമെയില്‍ സന്ദേശം അയച്ചതായി മണി കണ്‍ട്രോള്‍ റിപോര്‍ട് ചെയ്തു. കോവിഡിനെ തുടര്‍ന്നാണ് ടിസിഎസ് അടക്കമുള്ള കംപനികള്‍ വര്‍ക് ഫ്രം ഹോം ഏര്‍പെടുത്തിയത്.

ടിസിഎസ്, ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍, തങ്ങളുടെ ഉന്നത ജീവനക്കാര്‍ ഇതിനകം ഓഫീസില്‍ നിന്ന് ജോലി ചെയ്യുന്നുണ്ടെന്നും ഉപഭോക്താക്കളും ടിസിഎസ് ഓഫീസുകള്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും വ്യക്തമാക്കി. മാനജര്‍മാര്‍ ജോലിസമയ വിവരപ്പട്ടിക തയ്യാറാക്കുമെന്നും ജീവനക്കാര്‍ ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസില്‍ നിന്ന് ജോലി ചെയ്യണമെന്നും സന്ദേശത്തില്‍ പറയുന്നു.

'ജോലിസമയ വിവരപ്പട്ടിക പാലിക്കല്‍ നിര്‍ബന്ധമാണ്, അത് ട്രാക് ചെയ്യപ്പെടും. എന്തെങ്കിലും അനുസരണക്കേട് ഗൗരവമായി കാണുകയും ഭരണപരമായ നടപടികള്‍ എടുക്കുകയും ചെയ്യും', ഇമെയില്‍ വ്യക്തമാക്കുന്നു. ജീവനക്കാരെ ഓഫീസിലേക്ക് തിരികെ കൊണ്ടുവരാന്‍ ഘട്ടം ഘട്ടമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത് കംപനിയുടെ '25X25 മോഡലിലേക്ക് മാറാനുള്ള കാഴ്ചപ്പാടിന്' അനുസൃതമാണെന്നും കംപനി വക്താവ് അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക