MediaAppUSA

ബസ്സോടിക്കാൻ ഹെൽമറ്റ് ; നാട്ടിലെ ഇന്നത്തെ വഹ 

കെ.എ ഫ്രാന്‍സിസ്  Published on 23 September, 2022
ബസ്സോടിക്കാൻ ഹെൽമറ്റ് ; നാട്ടിലെ ഇന്നത്തെ വഹ 
 
 
ബൈക്കോടിക്കുന്നവരല്ലേ ഹെൽമറ്റ് വെക്കാറ്. എന്നാൽ, ട്രാൻസ്പോർട്ട് ബസ്സിലെ ഡ്രൈവർമാർക്ക് കല്ലേറിൽനിന്ന് തലയും മുഖം രക്ഷിക്കാൻ ഹെൽമറ്റ് ഇന്ന് വെക്കേണ്ടതായി വന്നു !  പോലീസുകാർ നോക്കു കുത്തികളായി നിൽക്കെ  51 ട്രാൻസ്പോർട്ട് ബസുകൾക്ക് നേരെ ആക്രമണമുണ്ടായി. അതിൽ 30 ബസുകളുടെ മുൻ ചില്ലുകൾ കല്ലേറിൽ തകർന്നു. കാഴ്ചക്കാരായി നിന്ന പൊലീസുകാരെ അക്രമികൾ ബൈക്കിലെത്തി ഇടിച്ചുവീഴ്ത്തി. അവർ ആശുപത്രിയിലായി. സഹികെട്ട നാട്ടുകാർ കടകൾ അടപ്പിക്കാൻ വന്ന നാല് അക്രമികളെ അടിച്ചു നിരപ്പാക്കി പൊലീസിന് പിടിച്ചു കൊടുത്തു. പൊതുജന സംരക്ഷണ ചുമതലയുള്ള ഡി.ജി.പി അനിൽ കാന്താകട്ടെ, ഇതൊന്നും അറിഞ്ഞില്ലെന്നു തോന്നുന്നു. അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ :  എല്ലാം ഭദ്രം! അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന്റെ കസേരയുടെയും ശമ്പളത്തിന്റെയും  കാര്യമാകുമോ ?  
 
നേരം വെളുത്തതോടെ കേരളത്തിന്റെ അങ്ങോളമിങ്ങോളം അക്രമസംഭവങ്ങൾ ഉണ്ടായി. മിന്നൽ ഹർത്താലിൽ കേരളം വിറങ്ങലിച്ചു നിന്നത് കണ്ട് ഹൈക്കോടതി സ്വയം കേസെടുത്തു. പൊതുജനത്തിന്റെ സ്വത്തിനും ജീവനും രക്ഷ  വേണമെന്ന് വികാരഭരിതമായി പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായത് മിന്നൽ ഹർത്താലിന് ആഹ്വാനം ചെയ്തവരിൽ നിന്ന് ഈടാക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. പതിവുപോലെ നമ്മുടെ നാട്ടിൽ നിയമം നിയമത്തിന്റെ  വഴിക്കും  സർക്കാർ സർക്കാരിന്റെ വഴിക്കും തന്നെ പോകും. 
 
ഏറെ സഹതാപം അർഹിക്കുന്ന ഒരു വിഭാഗമായിരുന്നു ട്രാൻസ്പോർട്ട് ജീവനക്കാർ. മാസാമാസം ശമ്പളം പോലും ലഭിക്കാത്ത ആ പാവങ്ങൾ ആണല്ലോ നാട്ടുകാരുടെ സമരവീര്യത്തിന് എന്നും ഇരയാവുന്നത്. ട്രാൻസ്പോർട്ട് വകുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് ദയനീയമായിരുന്നു "അരുതേ, ഞങ്ങളോട്..." എന്ന തലക്കെട്ടിൽ വന്ന ആ പോസ്റ്റ് കണ്ട്  ദൃശ്യമാധ്യമ പ്രേക്ഷകർ സങ്കടപ്പെട്ടെങ്കിലും എന്തുപ്രയോജനം? സമര സമയത്ത് എത്ര പേടിച്ചാണ് അവർ ജീവിച്ചു പോകാൻ വളയം പിടിക്കേണ്ടി വരുന്നത്. ഹെൽമറ്റ് വച്ച് ബസ് ഓടിക്കുന്ന ഒരു ഡ്രൈവർ തനിക്ക് മുമ്പ് കിട്ടിയ ഒരു കല്ലേറിൽ  കണ്ണാടി പൊട്ടിത്തെറിച്ച് കണ്ണിന്  ചികിത്സിക്കേണ്ടി വന്ന കഥകൂടി പറഞ്ഞത് കരളലിയിക്കുന്നതായി. 
 
പലയിടത്തും അക്രമികൾ മുഖംമൂടി വച്ചാണ് അതിക്രമങ്ങൾ നടത്തിയത്. ആക്രമണ വാർത്തകൾ ചാനലുകളിൽ വന്നതോടെ ആരും പുറത്തിറങ്ങാതായി. ഓരോ കാര്യങ്ങൾക്കായി അത്യാവശ്യം പുറത്തിറങ്ങിയവർ ജീവൻ കയ്യിലെടുത്ത് പേടിച്ചാണ് വീടുകളിൽ എത്തിയത്. 60% സർവീസുകളും മുടക്കം വരുത്താതെ ഇറക്കി എന്ന് വീമ്പു പറയുന്ന മന്ത്രി ആന്റണി രാജുവിന് പൊലീസ് സംരക്ഷണം ലഭിക്കാത്തതിനാൽ ബസ്സുകൾ കൺവേയായി ഓടിപ്പിക്കേണ്ടതായി വന്നു. സമരക്കാർ പത്രം കൊണ്ടുപോകുന്ന വാഹനങ്ങളും എന്തിനേറെ ആംബുലൻസ് വരെ എറിഞ്ഞു തകർത്തു. ചിലയിടങ്ങളിൽ പെട്രോൾ ബോംബ് പ്രയോഗവും ഉണ്ടായി. എന്തായാലും അടുത്ത കാലത്തൊന്നും ഇങ്ങനെയൊരു മിന്നൽ ഹർത്താൽ ഇത്രയും വലിയൊരു നാശം വിതറിയിട്ടില്ല. സമരം ചെയ്യുന്നവർക്ക് അത് വിജയിപ്പിക്കുന്ന തിരക്കിൽ മറ്റുള്ളവരുടെ പ്രശ്നങ്ങൾ നോക്കേണ്ട കാര്യം നാം മലയാളികൾക്കില്ലല്ലോ. കൂട്ടത്തിൽ മറ്റൊരു കാര്യം കൂടി പറയാനുണ്ട്: 11 സംസ്ഥാനങ്ങളിൽ റെയ്ഡും കസ്റ്റഡിയിലെടുക്കലും  ഉണ്ടായതാണ്. ഹർത്താൽ കേരളത്തിൽ മാത്രം. ദേശീയ പണിമുടക്ക് എന്ന പേരിൽ ട്രേഡ് യൂണിയൻ സംഘടനകൾ നടത്തുന്ന ഐതിഹാസിക പണിമുടക്കുകളും നടക്കുന്നത് ഭൂമി മലയാളത്തിൽ മാത്രം തന്നെ. കടക്കൂ പുറത്ത് എന്ന് ഒരു മുഖ്യമന്ത്രി മുഖത്തുനോക്കി പറഞ്ഞിട്ടും പ്രതികരിക്കാത്ത മലയാളി പത്രപ്രവർത്തകരോട് ഇനി മിണ്ടില്ല എന്നാണ് മരപ്പട്ടികളുടെ ബഹളം കാരണം ഉറക്കം നഷ്ടപ്പെട്ട്  ഡൽഹിയിലെത്തിയ നമ്മുടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരിഭവിച്ചത്. 
 
ജിതിനും അറസ്റ്റും : 
 
പടക്കം അല്ല, ബോംബ് തന്നെ എറിഞ്ഞ യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻ പത്രക്കാരെ കണ്ടപ്പോൾ കഞ്ചാവ് കേസിൽ കുടുക്കുമെന്ന് പറഞ്ഞാണ് താൻ ചെയ്യാത്ത കുറ്റത്തിന് പ്രതിയാക്കിയത് എന്ന് വിളിച്ചു പറഞ്ഞതും നാം കേട്ടു. അതേസമയം കേസ് അന്വേഷണം ജിതിനിലേക്ക് 85 ദിവസം കൊണ്ടെത്തിച്ച കഥ പൊലീസ് പറഞ്ഞത് കേട്ടോ? ഫോറൻസിക് ലാബുകളിലെ അത്യന്താധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു നോക്കിയിട്ടും പ്രതിയെ കണ്ടെത്താൻ പറ്റാതിരുന്ന ക്രൈംബ്രാഞ്ച് പോലീസ്, ചാക്കയിലെ ട്രാവൻകൂർ മാളിലെ (ലുലു സാഹിബിന്റെ  സഹായം ഗൾഫിൽ മാത്രമല്ല) കാർണിവൽ സിനിമാസിലെ ഏഴാം നമ്പർ സ്ക്രീനിൽ അഞ്ചുദിവസം 150 സി.സി.ടി.വി ദൃശ്യങ്ങളിട്ടു പരിശോധിച്ചു നോക്കി.
 
എന്റെ റബ്ബേ, ചുവന്ന സ്കൂട്ടറിൽ വെളുത്ത ടീഷർട്ട് ഇട്ട പ്രതി ബോംബ് എറിയുന്നതല്ലേ നാമൊക്കെ  ഇതുവരെ കണ്ടത്. സംഗതി അങ്ങനെയല്ല പോലും ! സ്‌റ്റിമുലേഷൻ സംവിധാനമുപയോഗിച്ചപ്പോഴല്ലേ കള്ളി അറിയുന്നത്. അത് ചുവന്ന സ്കൂട്ടർ അല്ലപ്പാ അതിന്റെ കളർ ചാരനിറം ഗ്രേ! ടീഷർട്ട് വെള്ള അല്ലെടോ, അത് പ്യൂർ വൈറ്റ്! സി.സി.ടി.വി ക്യാമറയിലെ കറുത്തനിറം വെള്ളയായും ചാരനിറം ചുവപ്പായും കാണുമെന്ന് ക്രൈംബ്രാഞ്ചിന് പുതിയൊരു അറിവായിരുന്നു. പിന്നെ സംഗതിയങ്ങ്  എളുപ്പമായി.
 
അക്രമി സഞ്ചരിച്ച ഡിയോ സ്കൂട്ടറുകളുടെ എണ്ണം നോക്കി. കേരളത്തിൽ ആകെ  അത്തരത്തിൽ 3,15,552 സ്കൂട്ടറേയുള്ളൂ. അതിൽ ഡിയോ സ്റ്റാൻഡേർഡാണ് അക്രമി ഉപയോഗിച്ചിരിക്കുന്നത്. 1,27,431 മാത്രം. ഇതിൽ തിരുവനന്തപുരത്തുള്ളത് വെറും 17,333. സംഗതി ഈസി ആയില്ലേ? 
 
അക്രമി ഉപയോഗിച്ച ഫോൺ കൂടി കണ്ടെത്തണം. ജിതിൻ ഉപയോഗിച്ച ഫോൺ വിറ്റ് പുതിയത് വാങ്ങിയിരുന്നു. വിറ്റ ഫോൺ പിടിച്ചെടുത്തതോടെ വാട്സ്ആപ്പ് ചാറ്റുകളും ഫോൺകോളുകളും നശിപ്പിച്ചത് വീണ്ടെടുത്തു. സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ട ഷൂവിന്റെ പടം ഫോണിൽ ഉണ്ടായിരുന്നതുകൊണ്ട് അത് ഈസിയായി. അതോടെ ഏകദേശം ഒരു ചിത്രമായി. ഏറ്റവുമൊടുവിൽ ഇന്നലെ രാവിലെ 9.45 നു വണ്ടി ഓടിച്ചു വരുകയായിരുന്ന ജിതിനെ, കഴക്കൂട്ടത്ത് വച്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ അനിൽകുമാർ കൈകാണിച്ച് വണ്ടി നിർത്തി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോൾ തത്ത പറയുംപോലെയല്ലേ ജിതിൻ കാര്യങ്ങളെല്ലാം സമ്മതിച്ചത്. ഇപ്പോൾ ജിതിൻ അത് മാറ്റി പറയുന്നു. 
 
മലയാളികൾക്ക് ഇപ്പോൾ ഏതു കാര്യം ആരു പറഞ്ഞാലും വിശ്വാസമാവില്ല. സത്യം സത്യമായി കാര്യങ്ങൾ നമുക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന ഇ.പി എന്തുപറയുന്നു എന്ന് ചാനലുകാരും അന്വേഷിക്കാറുണ്ട്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ: "കൊട് പൊലീസിന്  ഒരു പൂച്ചെണ്ട്! ഇത്രയും ശാസ്ത്രീയമായി ആർക്കും ഒരു സംശയം തോന്നാൻ ഇടവരാത്തവണ്ണം ലോകത്തെ ഏതു പൊലീസിനാണ് ഒരു പ്രതിയെ പിടികൂടാൻ കഴിയുക ? കുറച്ച് ദിവസം പിടിച്ചതുമൊക്കെ ശരി, അത് കൃത്യത വരുത്താനുള്ള കാലതാമസം മാത്രം!" എല്ലാവർക്കും എല്ലാം ക്ലിയർ എന്നല്ല, ക്രിസ്റ്റൽ  ക്ലിയർ ! ചില കോൺഗ്രസ് പ്രസിഡന്റുമാർ വേറെയും കുടുങ്ങിയാലും അത്ഭുതപ്പെടേണ്ട എന്ന ഒരു വാണിങും  ഇ.പി വക  ഉണ്ട്. സുധാകരൻ രണ്ടാമതും കെ.പി.സി.സി പ്രസിഡന്റ് ആയി പ്രഖ്യാപനം വരും മുൻപ് വല്ലതും വരുമോ, ആവോ ? 
 
വാൽക്കഷണം : എന്നാലും അച്ചായന്മാരെ സമ്മതിക്കണം. ട്രാൻസ്പോർട്ട് ബസുകളിൽ 20 എണ്ണത്തിൽ പരസ്യം പതിക്കണമെങ്കിൽ മൂന്നുമാസം കൂടുമ്പോൾ 1,80,000  രൂപ മുടക്കണം. അതിൽനിന്ന് 50,000 രൂപ മുടക്കി അതിലും വലിയ ഒരു പബ്ലിസിറ്റിക്കാണ് കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന അച്ചായൻസ് ജ്വല്ലറി ശ്രമിച്ചത്. മകളുടെ മുന്നിലിട്ട് അച്ഛനെ തല്ലിയ കെ.എസ്.ആർ.ടി.സിയിൽ മൂന്നുമാസം പരസ്യം വേണ്ടെന്നുവച്ചു. മാനസിക പ്രയാസമേറ്റ മോൾക്ക് നാലുവർഷത്തെ ബസ് കാശായി അരലക്ഷം നൽകുക അങ്ങനെ ആലോചിക്കുക മാത്രമല്ല, വീട്ടിലെത്തി അച്ചായനത് നൽകി. മന്ത്രി അച്ചായൻ ആ വീഡിയോ എടുത്ത നല്ല 'ശമരിയാക്കാര'ന് സുരക്ഷിതമായ സ്ഥലത്ത് ജോലി മാറ്റവും നൽകി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക