Image

ഭാഗ്യവാൻ്റെ ഗതികേട് (ദുർഗ മനോജ്)

Published on 25 September, 2022
ഭാഗ്യവാൻ്റെ ഗതികേട് (ദുർഗ മനോജ്)

കേരളം കാത്തിരുന്ന മഹാ സംഭവമായിരുന്നു ഇത്തവണത്തെ ഓണം ബംപർ നറുക്കെടുപ്പ്. ഇരുപത്തഞ്ചു കോടി രൂപയാണ് സമ്മാനത്തുക. അഞ്ഞൂറു രൂപ വിലയുള്ള ടിക്കറ്റ്, ഒറ്റയ്ക്കും പലർ ചേർന്ന് ഷെയറിട്ടും വാങ്ങിയവർ ഏറെ. വാങ്ങി വച്ച ലോട്ടറി നോക്കി സ്വപ്നം കണ്ടവർക്കും കണക്കില്ല. ഒടുവിൽ എല്ലാ കാത്തിരിപ്പുകൾക്കും വിരാമമിട്ടു കൊണ്ട് ഭാഗ്യശാലിയെ പ്രഖ്യാപിച്ചു. തിരുവനന്തപുരം സ്വദേശി അനൂപ് ആണ് ആ ഭാഗ്യശാലി. ഒറ്റ ദിവസം കൊണ്ട് ചാനലുകളിൽ അനൂപ് നിറഞ്ഞു. അതേ സമയം ഭാഗ്യ ദേവതയുടെ കടാക്ഷം തെല്ലും പതിയാത്തവർ വാങ്ങിയ ഭാഗ്യക്കുറി നോക്കി നെടുവീർപ്പിട്ടു. ഇപ്പോൾ ഇതാ പുതിയ വാർത്ത, ഫേസ് ബുക്ക് വീഡിയോയിലൂടെ തന്നെ ജീവിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെടുകയാണ് ഭാഗ്യവാൻ അനൂപ്. 

ലോട്ടറി അടിച്ചതിനു പിന്നാലെ സഹായ അഭ്യർത്ഥനകൾ കുമിഞ്ഞുകൂടുകയാണ് അനൂപിനു മുന്നിൽ. വിവാഹം, ചികിത്സ, വീട് എന്നു തുടങ്ങിയ ആവശ്യങ്ങൾക്കു സഹായം ചോദിച്ച് എത്തുന്നവരെക്കൊണ്ട് പൊറുതിമുട്ടിയ അനൂപിന് സ്വന്തം വീട്ടിലേക്കു പ്രവേശിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ട്. ചേച്ചിയുടെ വീട്ടിലടക്കം അയാൾ മാറി മാറി താമസിക്കുകയാണ്. പക്ഷേ, എവിടെ എത്തിയാലും അതു മണത്തറിഞ്ഞ് ആവശ്യക്കാർ പിന്നാലെ എത്തുന്നു. ലോട്ടറി അടിച്ചാൽ കാശ് ഉടനെ കൈയ്യിലെത്തും എന്നാണ് ചിലരുടെയെങ്കിലും ചിന്ത. അതിനാൽത്തന്നെ ഒന്ന് സ്വസ്ഥമായി ഇരിക്കാൻ പോലും സമ്മതിക്കാതെ ഭാഗ്യവാൻ്റെ പിന്നാലെയാണ് ആവശ്യക്കാർ. സുഖമില്ലാത്ത കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയും ഉണ്ട് അനൂപിന്. ഒരാൾക്ക് ഭാഗ്യക്കുറി അടിച്ച ഉടനെ അയാളെ നിരന്തരം ശല്യം ചെയ്യുന്നതു കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്ന് ശല്യപ്പെടുത്തുന്നവർ ഓർത്താൽ നന്നായിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക