Image

ഹന എന്ന അത്ഭുതം; ഏറ്റവുംപ്രായം കുറഞ്ഞ ആപ്പ് ഡവലപ്പർ ഈ മലയാളി പെൺകുട്ടി (ദുർഗ മനോജ് )

Published on 26 September, 2022
ഹന എന്ന അത്ഭുതം; ഏറ്റവുംപ്രായം കുറഞ്ഞ ആപ്പ് ഡവലപ്പർ ഈ മലയാളി പെൺകുട്ടി (ദുർഗ മനോജ് )

എട്ടു വയസ്സ് എന്നതു വീട്ടിൽ വഴക്കിടാനും, സ്ക്കൂളിൽ പോകാൻ മടി കാണിക്കാനും പറ്റിയ പ്രായമാണ്. അതു പോലെ ഹോം വർക്കുകൾ വെറുക്കേണ്ട സമയവുമാണ്. എന്നാൽ അക്കാലമൊക്കെ പഴങ്കഥയാകുന്നു. ഇന്നു കുട്ടികൾ ബാല്യകാലം മുതൽ വിവിധ കാര്യങ്ങളിൽ, പ്രതിഭ തെളിയിച്ചു തുടങ്ങുന്നു.. അങ്ങനെ ഒരു മിടുമിടുക്കിയാണ് ഹന എന്ന കൊച്ചു പെൺകുട്ടി. ആ
എട്ടു വയസുകാരി സ്വന്തമായി നിര്‍മിച്ച ആപ്പുകണ്ട് അഭിനന്ദനം അറിയിച്ചിരിക്കുന്നത് മറ്റാരുമല്ല, സാക്ഷാൽ ആപ്പിൾ സി ഇ ഒ, ടിം കുക്ക് തന്നെ. ദുബായിലെ മലയാളി വിദ്യാര്‍ത്ഥിനിയായ ഹന മുഹമ്മദിന്റെ പ്രതിഭ തിരിച്ചറിഞ്ഞ് ടിം കുക്ക് അഭിനന്ദന സന്ദേശം അയയ്ക്കുകയായിരുന്നു. കുട്ടിക്കഥകള്‍ റെക്കോര്‍ഡ് ചെയ്യാനാകുന്ന സ്‌റ്റോറി ടെല്ലിംഗ് ആപ്പാണ് ഈ കൊച്ചുമിടുക്കി സ്വന്തമായി നിര്‍മിച്ചത്. 

കാസര്‍ഗോഡ് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനിയാണ് ഹന. ഏറ്റവും പ്രായം കുറഞ്ഞ ഐഒഎസ് ആപ്പ് ഡവലപ്പര്‍ എന്ന് സ്വയം പരിചയപ്പെടുത്തി ഹന എഴുതിയ കത്തിന് ടിം കുക്ക് മറുപടി അയയ്ക്കുകയായിരുന്നു. ഇത്ര ചെറുപ്രായത്തില്‍ ഇത്രയും ആവേശകരമായ നേട്ടമുണ്ടാക്കിയതിന് അഭിനന്ദനങ്ങള്‍ എന്നാണ് കുക്ക് ഇ-മെയില്‍ സന്ദേശത്തില്‍ പറഞ്ഞത്. ഭാവിയില്‍ അത്ഭുതങ്ങള്‍ കാണിക്കാന്‍ സാധിക്കട്ടേയെന്നും കുക്ക് ആശംസിച്ചു തന്നെ. സ്‌റ്റോറി ടെല്ലിംഗ് ആപ്പിനായി പതിനായിരത്തോളം കോഡുകളാണ് ഹന സ്വന്തം കൈകൊണ്ട് എഴുതിയത്. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് വിശദമായി സംസാരിക്കുന്ന ഒരു ഡോക്യുമെന്ററി കണ്ടതില്‍ നിന്നാണ് തനിക്ക് ഇത്തരമൊരു ആശയം തോന്നിയതെന്ന് ഹന പറയുന്നു. മാതാപിതാക്കള്‍ തിരക്കിലായാലും ഈ ആപ്പ് ഉപയോഗിച്ച് കുട്ടികള്‍ക്ക് അവരുടെ ശബ്ദത്തില്‍ കഥകള്‍ കേട്ടുറങ്ങാമെന്ന് ഈ കുട്ടി ഡെവലപ്പര്‍ കൂട്ടിച്ചേര്‍ത്തു.
ഏതായാലും ഇനി കുട്ടികൾക്കു കഥ പറഞ്ഞു കൊടുക്കുമ്പോൾ ഈ കൊച്ചു മിടുക്കിയുടെ കഥയും പറഞ്ഞു കൊടുക്കാം അവർക്ക്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക