Image

തേനീച്ചക്കൂട്ടിൽ കയ്യിട്ട സോണിയ ! നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 27 September, 2022
തേനീച്ചക്കൂട്ടിൽ കയ്യിട്ട സോണിയ ! നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)
 
നല്ല തോതിൽ കോൺഗ്രസ് ഭരണം നടത്തുന്ന രാജസ്ഥാൻ സംസ്ഥാനത്തിൽ മകൾ പ്രിയങ്കയുടെ വാക്കുകേട്ട് സോണിയാജി അല്ലാതെ വേറെ ആരെങ്കിലും കയ്യിടുമോ? മകൻ രാഹുലിനെ പൊട്ട ബുദ്ധിക്കു വഴങ്ങി പഞ്ചാബിൽ കയ്യിട്ട അനുഭവം സോണിയാജി മറന്നോ? ഇപ്പോൾ കൂടെ നടന്നിരുന്ന ഗെലോട്ട് വിമതൻ! ഒരു മുഖ്യമന്ത്രിയായി സുഖമായി കഴിയുന്ന ഒരാൾ ഭരണമില്ലാത്ത ഒരു പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തിന് വേണ്ടി തന്റെ പദവി വേണ്ടെന്ന് വയ്ക്കുമോ? അതും ഗെലോട്ടിനെ പോലെ ഒരാൾ ?
 
മകളുടെ അതിബുദ്ധി ഏത് അമ്മയും നല്ലതാണെന്നേ കരുതൂ. പൈലറ്റിന് ഒരു ഓപ്പണിങ്, അതിനും ഗെലോട്ടിനെ  കോൺഗ്രസ് പ്രസിഡന്റാക്കുക. ഗാന്ധികുടുംബം വിചാരിച്ചതുപോലെ ആ പദവി ഒരു ചക്കരക്കുടം ആണെന്ന് ഗെലോട്ടിന് തോന്നണ്ടേ? മോൻറെ അതിബുദ്ധിമൂലം ഉള്ള പഞ്ചാബ് കയ്യിൽ നിന്ന് പോയില്ലേ ? അവിടുത്തെ അന്നത്തെ മുഖ്യമന്ത്രി ഇപ്പോൾ ബി.ജെ.പിയിലായി. സ്ഥാനം കളഞ്ഞശേഷമായിരുന്നു, അദ്ദേഹത്തിന്റെ കാവി പ്രവേശം. 
 
ഗാന്ധി കുടുംബത്തിന്റെ മരുമകൾ, അതുവരെ കോൺഗ്രസിൽ ഉണ്ടായിരുന്ന ഐക്യം ഒരു പഴങ്കഥയാക്കി. അല്ലെങ്കിൽ, അധികാരമില്ലാത്ത പഴയ തറവാട്ടുകാരെ ആരുണ്ട് മാനിക്കാൻ? പണവും പ്രതാപവും അധികാരവുമില്ലെങ്കിൽ മാഡം പിന്നെന്ത് തിണ്ണബലം ?  ഇപ്പോഴും പ്രസിഡന്റ് ഇലക്ഷനിൽ ഗാന്ധി കുടുംബത്തിന് പക്ഷം ഇല്ലെന്ന് പറയുന്നത് തന്നെ കളവല്ലേ ? ജി-23 ക്കാരെ മുഴുവനായി അകറ്റി നിർത്തിയത് നമ്മളൊന്നുമല്ലല്ലോ. കൃത്യമായ പക്ഷം  പിടിച്ച ശേഷം  മാഡം ഇലക്ഷൻ കാര്യത്തിൽ തങ്ങൾക്ക് ഒരു ഇഷ്ടാനിഷ്ടം  ഇല്ലെന്ന് പ്രചരിപ്പിക്കുന്ന രീതി തന്നെ കാപട്യമല്ലേ? ഗെലോട്ടിന് എന്തിനാ കോൺഗ്രസ്? കോൺഗ്രസിന് അല്ലേ തന്നെ വേണ്ടതെന്ന് ഗെലോട്ടിനും ചിന്തിക്കാമല്ലോ. കാലം മാറിയതും അതനുസരിച്ച് ആളും തരവും മാറിയതും പഴയ തറവാട്ടുകാർക്ക് എളുപ്പം അറിയില്ലല്ലോ. സോണിയാജി തേനീച്ചക്കൂട്ടിൽ കയ്യിട്ട് കൊണ്ടേയിരിക്കട്ടെ... 
 
ഇതിനിടയിൽ കോളടിച്ചത് തരൂർജി.  ചാരം മൂടിക്കിടന്ന ആ പ്രതിഭയുടെ പ്രകാശത്തിൽ മുരളി, രമേശ് എന്നിവരുടെ കണ്ണഞ്ചിപ്പോയി. നാലുവർഷത്തിനുശേഷം കേരളത്തിന് ഒരു ചാൻസ് വരുമ്പോൾ ഒരു അവകാശി കൂടിയോ? സോണിയാജി കഴിഞ്ഞാൽ കെ.സി വേണുഗോപാലിനെ  പോലെ ഒരു അധികാരസ്ഥാനം ആയി തരൂർജിക്ക് മാറാവുന്നതാണ്. ഇപ്പോഴേ ബുദ്ധിയുള്ളവർ എന്തൊക്കെയോ ചാനലിൽ  വാങ്ങാറില്ലേ ? അതുപോലെ ചില കോൺഗ്രസുകാരെ തരൂരിന്റെ കൂടെ കാണാറുണ്ട്. അതല്ലപ്പീ  കോൺഗ്രസ്, അതൊരു ആൾക്കൂട്ടമല്ലേ? ആനപ്പൊക്കം കണ്ടാൽ ആരാധകർ ഒപ്പം കൂടും. ആർപ്പു വിളിക്കും. കൂടെയോടും  പിന്നെ മറക്കും. ഓർക്കുന്നത് അടുത്ത പൂരം വരുമ്പോൾ. അപ്പോൾ തിടമ്പുള്ള ആന തന്നെ നമ്മുടെ ആന. വെഞ്ചാമരം വീശാനും പൊന്നിൻ കുട ചൂടാനും മത്സരിക്കാൻ ഒരുപാട് പേരെത്തും. 
 
വയസ്സന്മാർ തമ്മിൽ : 
 
സി.പി.ഐയിൽ വയസ്സന്മാർ തമ്മിൽ വയസ്സിനെച്ചൊല്ലി കലഹം. കാനനച്ചോലയിൽ പാർട്ടിയിലേക്ക് സി.പി.എമ്മിലെ അസംതൃപ്തർ മെല്ലെ മെല്ലെ ഒഴുകി വരുന്നതിനാൽ പാർട്ടി തന്നെ തടിച്ചു കൊഴുത്തു. ഇങ്ങനെ ഒരു വളർച്ച സി.പി.ഐക്ക്  കേരളത്തിലല്ലാതെ ഒരിടത്തും ഇല്ലല്ലോ. അതോടെ, കാനം മൂന്നാംവട്ടവും സെക്രട്ടറി ആകുമെന്ന നില വന്നതോടെ സി.ദിവാകരന്റെയും ഇസ്മായിലിന്റെയും മുഖം വാടി. പാർട്ടിയാകട്ടെ, ജില്ലാസമ്മേളനം വരെ പരസ്പരം വെട്ടാനും പുതുക്കാനുമുള്ള വേദിയായി. രസം മൂത്തത് പ്രകാശ് ബാബുവിന്റെ  പ്രകാശം ഇസ്മായിലിന്റെ  പുഞ്ചിരിക്ക് തിളക്കം കൂട്ടിയപ്പോഴാണ്. പ്രകാശ് ബാബുവിനെ മുന്നിൽ നിർത്തി ഇസ്മായിൽ നല്ല കളി കളിച്ചു. പൊടുന്നനവേ, പ്രകാശ് ബാബു കാലുവാരി. പ്രായത്തെച്ചൊല്ലിയായി പിന്നത്തെ കളി. 72 വയസ്സുള്ള കാനത്തിന് മത്സരിക്കാം. 75 വയസ്സുകഴിഞ്ഞ ഇസ്മായിലോ ദിവാകരനോ  പരിസരത്തു നിന്നുകൂടാ  എന്നായി ഇപ്പോൾ. വയസ്സല്ല കഴിവും ആരോഗ്യവും നോക്കിയാൽ പോരെ എന്ന് ദിവാകരൻ. മാത്രമല്ല, രണ്ടുതവണ സെക്രട്ടറിയായ ഒരാൾ മൂന്നാം തവണ ആകുന്നതിനെ  കാനത്തിന്റെ ആക്രാന്തമായാണ് അദ്ദേഹം കാണുന്നത്. ചാനലുകാരെ വിളിച്ചുവരുത്തി അഭിമുഖം സംഘടിപ്പിച്ച കാനത്തിനെതിരെ തുറന്ന ക്യാമ്പയിൻ ദിവാകരൻ ആരംഭിച്ചു കഴിഞ്ഞു. ആര് സെക്രട്ടറി ആയാലും കാനം ആവരുതെന്നേ ദിവാകരനുള്ളൂ. 
 
ചിറ്റപ്പൻമാർ : 
 
സി.പി.ഐയിലെ ഇ.പി ആണ് ദിവാകരൻ.ആ സൂര്യപ്രഭയിൽ ആരുടേയും കണ്ണ് മഞ്ഞളിക്കും. തന്റേടിയെന്നോ അഹങ്കാരിയെന്നോ വായാടിയെന്നോ  വിളിച്ചാൽ അതിൽ  അഭിമാനം കൊള്ളുന്ന നേതാവ്. പല തവണ ജനം  തെരഞ്ഞെടുത്തു നിയമസഭയിൽ എത്തിച്ചത്  തന്റെ കഴിവുകൊണ്ടാണ് എന്ന തിരിച്ചറിവും ദിവാകരനുണ്ട്. സി.പി.എമ്മിൽ ഇ.പി നല്ലൊരു ചിറ്റപ്പനാണ്. ചിറ്റപ്പനായി നിൽക്കുന്നത്തിൽ ഇ.പിക്കും  സന്തോഷമേയുള്ളൂ. കൂടെ മറ്റൊരു ചിറ്റപ്പൻ കൂടിയുണ്ട്- മന്ത്രി ശിവൻകുട്ടി. ശിവൻകുട്ടിയും ഇ.പിയും  ഇപ്പോൾ ഉറ്റചങ്ങാതിമാരാണ്. നിയമസഭയിലെ കയ്യാങ്കളി കേസ് വന്നതോടെ ഇ.പി യാണ് അതാദ്യം തിരിച്ചറിഞ്ഞത്. 
 
താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താനെന്നോട് ചോദിക്ക് എന്ന മട്ടിലുള്ള കുതിരവട്ടം പപ്പുവിന്റെ  ഒരു സിനിമ ഡയലോഗ് ഓർമ്മിപ്പിക്കുന്നത് പോലെയായില്ലേ  ഇ.പി സഖാവിന്റെ ഡയലോഗ്. നിയമസഭ കയ്യാങ്കളി കാര്യം വിശദീകരിച്ചപ്പോഴാണ് അദ്ദേഹം തന്നെ സ്വയം എലിവേറ്റ്  ചെയ്തത്. മഹാത്മജിയുടെയും നെഹ്റുജിയുടെയും ലെവലിൽ. അവരുടെ ജയിൽവാസം, വരാനിടയുള്ള ഏതു ശിക്ഷയും ലഘൂകരിക്കാനുള്ള ഇ.പിയുടെ അടവ് നയം. 'ആന വന്നാൽ കൊല്ലുമായിരിക്കും രോമം വടിക്കുകയൊന്നും ചെയ്യില്ലല്ലോ' എന്ന് മലബാർ തന്റേടം ഇ.പിക്ക് ഉണ്ട്. ആന വന്നു കുത്തുകയും ചവിട്ടുകയും തുമ്പിക്കൈ കൊണ്ട് ചുറ്റിയെടുത്ത് എറിയുകയും ചെയ്തു കൊന്നാലും  ഒരു മാനഹാനിയും ഇല്ല. 
പക്ഷേ, ഇതൊന്നും ചെയ്യാതെ ആന ബാർബർഷോപ്പ് പണി ചെയ്യുന്നതിലാണ് ഈ പഴമൊഴി അനുസരിച്ച് ക്ഷീണം. പിന്നെ മറ്റുള്ളവരുടെ മുഖത്ത് നോക്കാൻ പറ്റാത്ത നാണക്കേടാണ് പോലും!
 
നിയമസഭയിൽ ഇ.പിയോ  ശിവൻകുട്ടിയോ ഒരു കുറ്റവും ചെയ്തിട്ടില്ല! ശിവൻകുട്ടിയെ തല്ലി ബോധംകെടുത്തിയത് പോലും ശിവൻകുട്ടി ഓർത്തിരിക്കില്ലെങ്കിലും ബോധത്തോടെ അതൊക്കെ കണ്ടുനിന്ന ഇ.പി എങ്ങനെ അത് മറക്കും? വനിതാ സഖാക്കളായ എം.എൽ.എമാരെ കോൺഗ്രസ് തെമ്മാടികൾ അമ്പലപ്പറമ്പിൽ കയറിയത് പോലെ കാട്ടിക്കൂട്ടിയത് കണ്ടു കൈ ശരിക്കും തരിച്ചിട്ടും ക്ഷമിച്ചതിന്റെ ടെൻഷൻ മാറിയിട്ടില്ല. ഇനി അടുത്ത മാസം 26-നാണ് കേസ്. കേസും കൂട്ടവും അറസ്റ്റും ജയിൽവാസവും എല്ലാം രാഷ്ട്രീയക്കാർക്ക് പറഞ്ഞതല്ലേ, ഇ.എം.എസും ജയിൽവാസം അനുഭവിച്ചതല്ലേ? 
 
വാൽക്കഷണം : പോപ്പുലർ ഫ്രണ്ട് ആസ്ഥാനം കേരളമാണെന്ന് തെളിഞ്ഞില്ലേ? ലോകത്തെ ഏത് പ്രസ്ഥാനം ഉണ്ടെങ്കിലും അതിന്റെ തലപ്പത്ത് ഒരു മലയാളി ഉണ്ടാകും. നല്ലതായാലും ചീത്തയായാലും അതിൽ ഒരു മലയാളി ഉണ്ട്. അത്രയും പോപ്പുലർ ആണ് മലയാളി. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടിയുടെയും  തലപ്പത്ത് എങ്ങനെയെങ്കിലും ഒരു 'പോപ്പുലർ' കയറികൂടും. പിന്നെ ആ പാർട്ടിയുടെ ചാലകശക്തി ആകാൻ പോപ്പുലർ പ്രാപ്തനാകും.  ഇപ്പോഴത് സംസ്ഥാനതലത്തിൽ ആയിട്ടില്ലെങ്കിലും നിയോജകമണ്ഡലം വരെ ശരിയായിട്ടുണ്ട് എന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ആർ.എസ്‌.എസിനും  അതു മനസ്സിലായി അതാണ് അമിത് ഷാ ആക്ഷൻ തുടങ്ങിയതിന്റെ രഹസ്യവും. 
 
കഴിഞ്ഞ ഹർത്താൽ എപ്പിസോഡിനു ബദലായി പല പോപ്പുലർ പണികൾ ഉണ്ടാകാനിടയുണ്ടെങ്കിലും  ഹർത്താലിന്റെ  പേരിൽ പുറത്തെത്തിയ എല്ലാ നേതാക്കളെയും അമിത് ഷായുടെ ആളുകൾ നോട്ട് ചെയ്തു കഴിഞ്ഞു. പോപ്പുലറിന്റെ  ശക്തിപ്രകടനത്തോടെ അവരുടെ എന്തും ചെയ്യാൻ കഴിവുള്ള എല്ലാ പോരാളികളും മറനീക്കി പുറത്തുവന്നത്, അവർ ആരൊക്കെയെന്ന്  അന്വേഷിച്ച് നടക്കുന്നവർക്ക് ഗുണമായി എന്ന് സാരം.  മുഖംമൂടിയും ഹെൽമറ്റ് വച്ച് ആര് ഇറങ്ങിയാലും അത് ആരാണെന്ന തിരിച്ചറിവ് മാസ്ക് വച്ച് നടക്കുന്ന നമുക്കൊക്കെയില്ലേ ?  ഏറെനാളായി കാണാത്ത ഒരു സുഹൃത്തിനെ  മാസ്ക് വച്ചു വന്നാലും ദൂരെനിന്നു പോലും തിരിച്ചറിയാൻ പലപ്പോഴും നമുക്കറിയുന്നത് ആ പരിചയം കൊണ്ടല്ലേ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക