Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 29 September, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രമാകുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെ ദിഗ്‌വിജയ് സിംഗും ശശി തരൂരും ആയിരിക്കും സ്ഥാനാര്‍ത്ഥികളെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിഗ്വിജയ് സിംഗിനാവും ഹൈക്കമാന്‍ഡിന്റെ പിന്തുണ. ഇരുവരും ഇന്ന് കൂടിക്കാഴ്ച നടത്തി എതിരാളികള്‍ തമ്മിലുലള്ള മത്സരമല്ല സൗഹൃദ മത്സരമാണ് നടക്കുന്നതെന്ന് ഇരുവരും പറഞ്ഞു. സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ച അശോക് ഗെലോട്ട് രാജസ്ഥാനിലെ സംഭവവികാസങ്ങളില്‍ മാപ്പ് ചോദിച്ചു. താന്‍ മത്സരിക്കാനില്ലെന്നും അറിയിച്ചു. 
*****************************************
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളില്‍ കടുത്ത നടപടിയുമായി ഹൈക്കോടതി. ഹര്‍ത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളുടെ പേരില്‍ കെഎസ്ആര്‍ടിസിയും സര്‍ക്കാരും ആവശ്യപ്പെട്ട നഷ്ടപരിഹാരമായ 5 കോടി 20 ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ പണം കെട്ടിവച്ചാല്‍ മാത്രമെ ജാമ്യം നല്‍കൂ. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ച പിഎഫ്‌ഐ ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെ പ്രതിയാക്കാനും കോടതി നിര്‍ദ്ദേശിച്ചു. 
*****************************************
കണ്ണൂര്‍ വിസി നിയമനത്തില്‍ മുഖ്യമന്ത്രി നിയമ വിരുദ്ധമായി ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ . വിജിലന്‍സ് കോടതിയിലാണ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കേട്ട് കേള്‍വിയുടെ അടിസ്ഥാനത്തിലാണോ മുഖ്യമന്ത്രിക്ക് എതിരായ ഹര്‍ജി എന്ന് വിജിലന്‍സ് കോടതി പരാതിക്കാരനോട് ചോദിച്ചു. ഹര്‍ജിയില്‍ തുടര്‍വാദം അടുത്ത മാസം 22ലേക്ക് മാറ്റി.
******************************************
സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട് ചരിത്രവിധിയുമായി സുപ്രീംകോടതി. ഗര്‍ഭഛിദ്രം സ്ത്രീകളുടെ അവകാശമാണെന്നും അവിവാഹിതര്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്നും സുപ്രീംകോടതിയുടെ വിധി പ്രസ്താവം. സമ്മതമില്ലാതെ ഭര്‍ത്താവ് നടത്തുന്ന ലൈംഗികവേഴ്ചയും ബലാത്സംഗമാണെന്നും മെഡിക്കല്‍ പ്രഗ്‌നന്‍സ ടെര്‍മിനേഷന്‍ നിയമം ഭര്‍ത്താവിന്റെ പീഡനത്തിനും ബാധകമാണെന്നും കോടതി വിധിയില്‍ വ്യക്തമാക്കുന്നു.
**************************************
ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ആറാം പ്രതി. യുഎഇ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥന്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് ഒന്നാം പ്രതി. ഇവരെ പ്രതി ചേര്‍ത്ത് കസ്റ്റംസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെത്തിയത് ശിവശങ്കറിന്റെ പണമാണെന്നും സംസ്ഥാന ഇന്റലിജന്‍സ് വിവരങ്ങള്‍, അന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ സ്വപ്നക്ക് ചോര്‍ത്തി നല്‍കിയെന്നും കസ്റ്റംസിന്റെ കുറ്റപത്രത്തിലുണ്ട്.
*****************************
കോഴിക്കോട് സിനിമാ പ്രമോഷന്‍ ചടങ്ങിനെത്തിയ യുവനടിമാര്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ പൊലീസന്വേഷണം ഊര്‍ജിതം. സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇത് ഉടന്‍ ശാസ്ത്രീയ പരിശോധനക്കായി അയക്കും. പരിപാടി നടന്ന ഇടം, നടവഴി എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് പൊലീസ് ഇപ്പോള്‍ ശേഖരിച്ചത്. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കുകയും ചെയ്തു.
*********************************************
എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്റെ ജാമ്യാപേക്ഷ തളളി. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തളളിയത്. എകെജി സെന്ററിലേക്ക് ജിതിന്‍ എറിഞ്ഞത് ബോംബ് തന്നെയെന്നായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.
*********************************************
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി അതിജീവിത സുപ്രീംകോടതിയില്‍. കോടതിമാറ്റണം എന്ന ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്താണ് ഹര്‍ജി നല്‍കിയത്. പ്രതി ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. പൊലീസിന് ലഭിച്ച ശബ്ദരേഖയില്‍ നിന്ന് ഈ ബന്ധം വ്യക്തമാണെന്നും അതിജീവിത ഹര്‍ജിയില്‍ പറയുന്നു.
******************************************************
നാല്‍പ്പത്തിയഞ്ച് ദിവസത്തില്‍ ഒരിക്കല്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം നേരിട്ടെത്തി റോഡുകള്‍ പരിശോധന നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. നാല് ഘട്ടം ആയിട്ടാണ് പരിശോധന നടത്തുക. സൂപ്രണ്ടിംഗ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘം ഒരു മാസത്തിലൊരിക്കല്‍ റോഡ് പരിശോധന നടത്തും. ഇവര്‍ എല്ലാ മാസവും റിപ്പോര്‍ട്ട് നല്‍കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
*******************************************************
തമിഴ്നാട്ടില്‍ ആര്‍എസ്എസിന്റെ റൂട്ട് മാര്‍ച്ചിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് സംസ്ഥാനത്തെ 50 സ്ഥലങ്ങളിലാണ് റൂട്ട് മാര്‍ച്ച് നടത്താന്‍ ആര്‍എസ്എസ് തീരുമാനിച്ചിരുന്നത്.
***********************************

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക