Image

നിലപാട് മാറാതെ എറണാകുളം അങ്കമാലി അതിരൂപത; വൈദിക സമിതിയെ ഫാ.മുണ്ടാടന്‍ നയിക്കും

Published on 29 September, 2022
നിലപാട് മാറാതെ എറണാകുളം അങ്കമാലി അതിരൂപത; വൈദിക സമിതിയെ ഫാ.മുണ്ടാടന്‍ നയിക്കും

 

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍  അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത് രൂപീകരിച്ച പുതിയ വൈദിക സമിതിയില്‍ അതിരൂപത വൈദിക പക്ഷത്തിന് വന്‍ ഭൂരിപക്ഷം. വൈദിക സമിതിയിലേക്ക് നിയോഗിച്ച 60 പേരില്‍ രണ്ട് പേരൊഴികെ എല്ലാവരും ഒറ്റക്കെട്ട. തിരഞ്ഞെടുക്കപ്പെട്ട 45 പേരും അതിരൂപതയുടെ നിലപാടിനോട് അടിയുറച്ച് നില്‍ക്കുന്നവര്‍. നോമിനേറ്റ് ചെയ്ത 15 പേരിലാണ് മെത്രാന്മാരോട് കൂറുള്ള രണ്ട് പേര്‍ കയറിപ്പറ്റിയത്. 

ആര്‍ച്ച് ബിഷപ്പും 60 വൈദികരും ചേരുന്നതാണ് സമിതി. ഭൂമി കുംഭകോണത്തില്‍ കര്‍ദിനാള്‍ ആലഞ്ചേരിക്കൊപ്പം പ്രതിചേര്‍ക്കപ്പെട്ട ഒരു വൈദികനെ സമിതിയിലേക്ക് നോമിനേറ്റ് ചെയ്യാന്‍ നീക്കം നടത്തിയെങ്കിലും വൈദികരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിക്കേണ്ടിവന്നുവെന്നാണ് റിപ്പോര്‍ട്ട്. 

നാല് വര്‍ഷമാണ് വൈദിക സമിതിയുടെ കാലാവധി. വൈദിക സമിതിയുടെ ആദ്യയോഗം വ്യാഴാഴ്ച ചേര്‍ന്നു. സമിതി സെക്രട്ടറിയായി റവ.ഡോ.കുര്യാക്കോസ് മുണ്ടാടനെ വീണ്ടും തിരഞ്ഞെടുത്തു. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഫാ.മുണ്ടാടന്‍ സെക്രട്ടറിയാകുന്നത്. 

ഭൂമി കുംഭകോണക്കേസിലും ആരാധനക്രമ വിഷയത്തിലും ശക്തമായ പോരാട്ടം നടത്തുന്ന ഫാ.മുണ്ടാടന്‍ അതിരൂപതയുടെ നിലപാടിന്റെ പ്രതീകം കൂടിയാണ് . ഓരോ തവണയും വൈദിക സമിതി അഴിച്ചുപണിയുമ്പോള്‍ ഫാ.മുണ്ടാടനെ ഒഴിവാക്കാന്‍ മെത്രാന്‍ സിനഡ് പല തന്ത്രങ്ങളും പയറ്റുമെങ്കിലും ഒറ്റക്കെട്ടായ വൈദികരുടെ ഐക്യത്തിനു മുന്നില്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്. 

അജണ്ട കമ്മിറ്റി അംഗങ്ങളായി റവ.ഡോ. ബെന്നി മാരാംപറമ്പില്‍, റാ.ഡോ. വര്‍ഗീസ് പെരുമായന്‍, റവ.ഡോ.പോള്‍ ചിറ്റിനപ്പിള്ളി എന്നിവരെയും തിരഞ്ഞെടുത്തതായി അതിരൂപത പി.ആര്‍.ഒ ഫാ. മാര്‍ട്ടിന്‍ കല്ലുങ്കല്‍ അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക