Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 30 September, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമായി. മൂന്ന് പേരാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ, ശശി തരൂര്‍, എന്‍.കെ ത്രിപാഠി എന്നിവരാണ് പത്രിക നല്‍കിയത്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെയാണ് ഗാന്ധി കുടുംബത്തിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി. മത്സരം ഒഴിവാക്കാനുള്ള ശ്രമം നടക്കുന്നതായി നേതാക്കള്‍ അറിയിച്ചു. ജി 23 യുടേയും പിന്തുണ ഖാര്‍ഖയ്ക്കാണ്
*********************************************
സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളി കെ.സി.ബി.സി. ഒക്ടോബര്‍ രണ്ടിന് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് കെ.സി.ബി.സി. അറിയിച്ചു. ലഹരിവിരുദ്ധ പ്രചാരണത്തിന് സ്‌കൂളുകള്‍ തുറക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഞായറാഴ്ച വിശ്വാസപരമായ ആചാരങ്ങളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കണം. കത്തോലിക്കാ രൂപതകളില്‍ വിശ്വാസത്തിന്റെ ഭാഗമായുള്ള പരിക്ഷകളും ഉണ്ട്. ഞായറാഴ്ച വിശ്വാസപരമായ കാര്യങ്ങള്‍ക്ക് നീക്കിവയ്ക്കണമെന്നും കെസിബിസി പറഞ്ഞു.
********************************************
എകെജി സെന്റര്‍ ആക്രമണ കേസിലെ അന്വേഷണത്തില്‍ നിര്‍ണ്ണായക നേട്ടവുമായി അന്വേഷണ സംഘം. മുഖ്യതെളിവായ സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ച് കണ്ടെത്തി. പ്രതി ജിതിന്‍ ഉപയോഗിച്ച ഡിയോ സ്‌കൂട്ടറാണ് കണ്ടെത്തിയത്. കഴക്കൂട്ടത്തുനിന്നാണ് സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിന്റെ സുഹൃത്തിന്റേതാണ് ഈ സ്‌കൂട്ടര്‍. സുഹൃത്ത് അറിയാതെയാണ് പ്രതി സ്‌കൂട്ടര്‍ എടുത്ത് കൊണ്ടുവന്നതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.
*********************************************************
ലഫ്. ജനറല്‍ (റിട്ട.) അനില്‍ ചൗഹാന്‍ പുതിയ സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റു. ഡല്‍ഹിയിലെ പ്രതിരോധ മന്ത്രാലയത്തില്‍ നടന്ന ചടങ്ങിലാണ് ലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍ ചുമതല ഏറ്റെടുത്തത്. ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷമാണ് ജനറല്‍ ചൗഹാന്‍ ചുമതലയേറ്റത്.
********************************************************
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ സ്ഥലത്തേയ്ക്കുള്ള പ്രധാന റോഡിലെ തടസ്സങ്ങള്‍ നീക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തുറമുഖത്തേക്കുള്ള പ്രധാന റോഡിലെ തടസ്സം ഇതുവരെ നീക്കിയില്ലെന്ന് ഹര്‍ജി പരിഗണിക്കവേ, അദാനി ഗ്രൂപ്പ് അറിയിച്ചു.വാഹനങ്ങള്‍ പോകുന്നതിന് തടസ്സം ഉണ്ടാക്കാന്‍ പാടില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. 
*********************************************************
പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത് സംശയാസ്പദമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ലീഗ് നേതാക്കള്‍ക്ക് നിരോധനത്തെക്കുറിച്ച് ഭിന്നാഭിപ്രായമില്ല. നിരോധനം വന്നയുടന്‍ പല നേതാക്കളും പ്രതികരിച്ചിരുന്നു. എന്നാല്‍ കാര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പിഎംഎ സലാം പറഞ്ഞു.
*****************************************************
കെഎസ്ആര്‍ടിസിയില്‍ ആഴ്ചയില്‍ ആറ് ദിവസം സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കുന്നതിനെതിരെ കോണ്‍ഗ്രസ് അനുകൂല ടിഡിഎഫ് യൂണിയന്‍ നാളെ മുതല്‍ പണിമുടക്കുന്നതില്‍ മുന്നറിയിപ്പുമായി ഗതാഗതമന്ത്രി ആന്റണി രാജു. ഡ്യൂട്ടി തടഞ്ഞാല്‍ ക്രിമിനല്‍ കേസെടുക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. സമരം ചെയ്യുന്നവര്‍ക്ക് ശമ്പളമില്ലെന്നും തിരിച്ചു വരുമ്പോള്‍ ജോലി പോലും ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.
*****************************************************
ബസ് കണ്‍സെഷന്‍ പുതുക്കാന്‍ വന്ന മകളെയും പിതാവിനേയും മര്‍ദ്ദിച്ച കാട്ടാക്കട കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരായ മുഹമ്മദ് ഷെരീഫ് (52),  മിലന്‍ ഡോറിച്ച് (45), അനില്‍കുമാര്‍ (49) കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ വര്‍ക്ക് ഷോപ്പ് ജീവനകാരനായ സുരേഷ് കുമാര്‍, അജികുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. 
***************************************************
ഗാന്ധി ജയന്തി ദിനത്തില്‍ ആര്‍എസ്എസിന്റെ റൂട്ട് മാര്‍ച്ച് തടഞ്ഞ തമിഴ്‌നാട് സര്‍ക്കാര്‍ നടപടി ശരിവച്ച് മദ്രാസ് ഹൈക്കോടതി. റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ചതിനെതിരെ ആര്‍എസ്എസ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് കോടതി, സര്‍ക്കാര്‍ നിലപാട് ശരിവച്ചത്. പിഎഫ്‌ഐ നിരോധനത്തെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷ സാധ്യത ഉള്ളതിനാലാണ് റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ചതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 
************************************
കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ  ഭാര്യ പ്രിയ വര്‍ഗീസിന്റെ  നിയമനത്തിനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി.ഒക്ടോബര്‍ 20 വരെയാണ് സ്റ്റേ നീട്ടിയത്  അഭിമുഖത്തില്‍ പ്രിയക്ക് ഒന്നാം റാങ്ക്‌നല്‍കിയ ഉത്തരവിനെതിരെ രണ്ടാം റാങ്ക് കാരനായ ചങ്ങനാശേരി എസ്.ബി. കോളേജ് അധ്യാപകന്‍ ഡോ: ജോസഫ് സ്‌കറിയ നല്‍കിയ  ഹര്‍ജിലാണ് നടപടി, പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസ്സറാകാനുള്ള നിശ്ചിത അധ്യാപന പരി ചയമില്ലെന്നും, ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കുകൂട്ടാനാവില്ലെന്നും യൂ ജി സി സത്യവാഗ്മൂലം നല്‍കി.
**************************************

അവതാരകയെ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞെന്ന കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ്. ക്ഷമാപണം നടത്തിയതിനെത്തുടര്‍ന്ന് നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കുകയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ അറിയിച്ചിരുന്നു.

 

DAILYROUND UP - NEWS - NATIONAL - KERALA 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക