Image

ബോംബ് കേസ് നീളുന്നത്  ശബരീനാഥനിലേക്കോ ? നാട്ടിലെ ഇന്നത്തെ വഹ : (കെ.എ. ഫ്രാന്‍സിസ്)

കെ.എ. ഫ്രാന്‍സിസ്  Published on 30 September, 2022
ബോംബ് കേസ് നീളുന്നത്  ശബരീനാഥനിലേക്കോ ? നാട്ടിലെ ഇന്നത്തെ വഹ : (കെ.എ. ഫ്രാന്‍സിസ്)
എ.കെ.ജി സെന്ററിലേക്ക് ബോംബെറിഞ്ഞ കേസിൽ സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടതുപോലെ അതേ അളവിലും തൂക്കത്തിലുമുള്ള ഒരു കോൺഗ്രസുകാരനെ എങ്ങനെയെങ്കിലും കണ്ടെത്തണമെന്നായിരുന്നു പൊലീസിന് ലഭിച്ച ആദ്യ ടാസ്ക്. പൊലീസ് അത് എങ്ങനെയൊക്കെയോ ഒപ്പിച്ചു നടു നിവർത്തുമ്പോഴാണ് അടുത്ത ടാസ്ക് : ആ കേസ് എങ്ങനെയെങ്കിലും ശബരീനാഥനിലേക്ക് നീട്ടാമോ ? 
 
ക്രൈംബ്രാഞ്ച് പൊലീസ് ഇന്ന് അതിന്റെ പാതിവഴിയിലെത്തി. പ്രതി സഞ്ചരിച്ചിരുന്ന ഡിയോ സ്റ്റാൻഡേർഡ് സ്കൂട്ടർ കണ്ടെത്തുക മാത്രമല്ല, അത് പിടിച്ചെടുക്കുകയും ചെയ്തു. കഠിനംകുളത്തു നിന്നാണ്  പൊലീസ് വളരെ കഠിനശ്രമത്തിലൂടെ അത് കണ്ടെത്തിയത്. കഴക്കൂട്ടം സുധീഷിന്റേത് ആണത്രേ ആ സ്‌കൂട്ടർ. കാറിൽ വന്ന പ്രതി കാർ ഒരിടത്ത് നിർത്തിയിട്ടാണ് കൃത്യം നടത്താനായി സ്കൂട്ടറിൽ പോയി തിരിച്ചുവന്നത്.  ഈ സ്കൂട്ടർ ഇവിടെ എത്തിക്കുകയും തിരിച്ചു കൊണ്ടുപോവുകയും ചെയ്തത് ഒരു സ്ത്രീ! (ഒരു സ്ത്രീ കാറിനൊപ്പം സ്കൂട്ടറിൽ പോകുന്നത് സി.സി.ടി.വിയിൽ ഉണ്ടല്ലോ) ഈ സ്കൂട്ടറിന്റെ  ഉടമ ഒരു ഡ്രൈവറാണ്. ഡ്രൈവർ എന്ന് പറഞ്ഞാൽ മാത്രം പോരാ, യൂത്ത് കോൺഗ്രസിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാന്റെ ഡ്രൈവർ!
 
  സുഹൈൽ ഷാജഹാൻ ചില്ലറക്കാരനല്ല. മുഖ്യമന്ത്രി പിണറായിയെ  വധിക്കാൻ കയറിയ സംഘത്തിൽ നാലാമനായി പേരുവന്ന അതേ സുഹൈൽ തന്നെ. വിമാനത്തിൽ ഇ.പിയുടെ ഒറ്റ തള്ളിൽ വീണ രണ്ടുപേരും വീഡിയോ ചിത്രീകരിച്ച ഒരാളും മാത്രമേ രംഗത്ത് വന്നിട്ടുള്ളൂ. സുഹൈൽ നിരീക്ഷകനായി ഒന്നുമറിയാത്തതുപോലെ ഇരിക്കുകയായിരുന്നു പോലും!
 
"പ്രതിഷേധം, പ്രതിഷേധം" എന്ന് മാത്രം പറഞ്ഞു ചെറിയൊരു സീൻ ഉണ്ടാക്കാൻ അവരെ നിയോഗിച്ചത് യൂത്ത് കോൺഗ്രസിലെ കെ.എസ് ശബരിനാഥനായിരുന്നു. ഗൂഢാലോചനാ കുറ്റം ചുമത്തി ശബരീനാഥനെ  തടവിലാക്കാൻ നടത്തിയ ശ്രമം പൊളിഞ്ഞു പാളീസായത്  നാമെല്ലാം ചാനലുകളിൽ കണ്ടതാണല്ലോ. ബോംബേറ് കേസിൽ ഉൾപ്പെടുത്താനായാൽ ശബരിക്ക് പെട്ടെന്നൊന്നും രക്ഷപ്പെടാനാവില്ല. അങ്ങനെയൊരു പൂട്ട് വീണാൽ, സി.പി.എമ്മിനും ഇ.പിക്കും നല്ലൊരു വെടിക്കെട്ടിന് വകയാകും. ജിതിനെ സംഭവം നടന്ന് രണ്ടര മാസത്തിനു  ശേഷം പിടിച്ചപ്പോൾ ഇ.പിയുടെ പ്രതികരണം തന്നെ ഇങ്ങനെയായിരുന്നു : "കൊട് മോനെ, പൊലീസിന് ഒരു പൂച്ചെണ്ട്!  ദിവസം കുറച്ചു കഴിഞ്ഞാലെന്താ, എറിഞ്ഞോനെ തന്നെ പിടിച്ചില്ലേ? ലോകത്ത് ഇങ്ങനെയുണ്ടോ ഒരു പൊലീസ് ?പിടിവീണയാൾ ഒരു ലോക്കൽ നേതാവ്, ഒരു പ്രാദേശിക പ്രസിഡന്റ്. ഇത് ഇവിടെയൊന്നും നിൽക്കില്ല. പല പ്രസിഡന്റുമാരും കുടുങ്ങും" . 
 
പ്രവചനത്തിന്റെ  കാര്യത്തിൽ ഇ.പിയെ വെല്ലാൻ ആരുണ്ട് ? ബോംബേറുണ്ടായ ഉടൻ തന്നെ സ്ഥലം പരിശോധിച്ച ശേഷം ഇ.പി പറഞ്ഞില്ലേ, ഇത് എറിഞ്ഞത് കോൺഗ്രസുകാരാണെന്ന്. ബോംബെറിഞ്ഞത് കോൺഗ്രസ് കുട്ടി എന്നു തെളിഞ്ഞു. സ്‌കൂട്ടർ മറ്റൊരു കോൺഗ്രസ് കുട്ടിയുടെ കോൺഗ്രസുകാരനായ ഡ്രൈവർ കുട്ടിയുടേത്  എന്നും തെളിഞ്ഞു.  സംഭവസ്ഥലത്തേയ്ക്ക് സ്കൂട്ടർ എത്തിച്ചതും കൊണ്ടുപോയതും ഒരു സ്ത്രീ. ഇത് ഒരു യുവതി ആവുന്നതാണ് തിരക്കഥ മികച്ചതാകാൻ ബെസ്റ്റ്. അങ്ങനെയൊന്നിനെയും പൊലീസ് കണ്ടെത്തിയിട്ടുണ്ടാവും. ആ യുവനടിയെ പ്രതിയാക്കാൻ വഴിയില്ല. മാപ്പുസാക്ഷിയാക്കും.  കേസ് അങ്ങനെ നീണ്ടുപോയി ശബരിനാഥനിലെത്തും.  വിളിച്ചാൽ ഫോണെടുക്കാത്ത പത്തനംതിട്ട കലക്ടർക്ക് അങ്ങനെയും ഒരു അടി കിട്ടണ്ടേ ? ദിവ്യ അയ്യർ ഐ.എ.എസ്  ശബരിയെ കല്യാണം കഴിക്കുകയും ഒരു കുഞ്ഞുണ്ടാവുകയും ചെയ്ത ശേഷം പത്തനംതിട്ട കലക്ടറായി സേവനം ചെയ്യുകയാണെന്ന് വായനക്കാരിൽ ചിലർക്കെങ്കിലും അറിയാമല്ലോ. ഈ ശബരി ആരാണെന്ന് അറിയാത്തവരും കാണും.എന്നാൽ കേട്ടോളൂ: മന്ത്രിയായും  സ്പീക്കറായും  തിളങ്ങിയ ജി.കാർത്തികേയന്റെ  മകനാണ്.
 
വാൽക്കഷണം : സോണിയാജിയും  മക്കളും തങ്ങൾക്ക് കോൺഗ്രസ് പ്രസിഡന്റ് ഇലക്ഷനിൽ (22 വർഷത്തിനുശേഷം ഇതാദ്യം) ആരോടും പ്രത്യേക മമത ഇല്ലെന്ന്  ആണയിട്ടു പറയുമ്പോഴും, കൃത്യമായ പക്ഷം  പിടിക്കുന്നു. ആദ്യം രാജസ്ഥാനിൽ അതിൻറെ പേരിൽ ഒരു കളി നടത്തിനോക്കി. ഗെലോട്ട്  'ക്ഷമിക്കണം മാഡം, അതിനെന്നെ കിട്ടില്ല' എന്ന് തുറന്നു പറഞ്ഞുകഴിഞ്ഞു. പിന്നെ ദിഗ്വിജയ് സിംഗിനെ വച്ച് കളിച്ചു. ഒടുവിൽ മല്ലികാർജുൻ ഖാർഗെ ആയി ഔദ്യോഗിക സ്ഥാനാർത്ഥി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ് കർണാടകക്കാരനായ ആ ദളിത് നേതാവ്. ഗെലോട്ടിനെ ഇരട്ടപദവിയിൽ ഒന്ന് ഒഴിയാനാണ്  നിർബന്ധിച്ചത്.  ഗാർഗെയ്ക്കും  ഇത് ബാധകമല്ലേ മാഡം? 
 
ഇതിനിടെ തരൂർജി ചേറ്റൂർ ശങ്കരൻ നായർക്ക് ശേഷം ആദ്യമായി ഒരു മലയാളി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റാകാൻ സ്വയം തയ്യാറായി നിൽക്കുന്നു! ഇതോടെ തന്നെ തരൂരെന്ന ലോകപൗരൻ ഇടക്കാലത്ത് അൽപമൊന്ന് മങ്ങിയെങ്കിലും വെട്ടിത്തിളങ്ങാൻ തുടങ്ങി. തമ്പാനൂർ രവി, കെ എസ് ശബരിനാഥ് തുടങ്ങിയവർ പരസ്യമായി തരൂരിനൊപ്പം കേരളത്തിൽ നിന്നുണ്ട്. കെ.സുധാകരൻ മനസ്സുകൊണ്ട് തരൂരിനൊപ്പം. സതീശന് ദൈവം കെ.സി.വേണുഗോപാലായതുകൊണ്ട് ആ വോട്ടിൽ നോട്ടം വേണ്ട. മറ്റു വോട്ടുകളിൽ മുഖ്യമന്ത്രിപദം അടുത്ത നിയമസഭയിൽ ആഗ്രഹിക്കാത്തവർ തരൂരിനൊപ്പം നിന്നാൽ തന്നെ വലിയ കാര്യമല്ലേ? എന്തായാലും കേരളത്തിൽ കോൺഗ്രസിന് ഭരണം ഒത്തുവന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തരൂരിന്റെ പേര് വരുമെന്നുറപ്പ്. തരൂരിനെ പൊക്കിയെടുത്തതിൽ മനോരമ പത്രത്തിനും വലിയ പങ്കുണ്ട്. അദ്ദേഹത്തിന്റെ 'ആഴ്ച കോളം' വായിക്കുന്ന ഏത് കോൺഗ്രസുകാരനും വോട്ട് ചെയ്യുന്നുണ്ടെങ്കിൽ അത് തരൂരിനേ ചെയ്യൂ.
Join WhatsApp News
സുരേന്ദ്രൻ നായർ 2022-09-30 21:05:55
കുടുംബാധിപത്യവും അഴിമതിയും കൊടികുത്തി വാഴുന്ന കോൺഗ്രസ്സിനെ രക്ഷപ്പെടുത്താൻ പറ്റിയ മികച്ച പ്രസിഡന്റായിരിക്കും തരൂർ, പക്ഷെ നടക്കുമെന്ന് ഉറപ്പില്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക