Image

മാര്‍ ആന്‍ഡ്‌റൂസ് താഴത്തിന്റെ സര്‍ക്കുലര്‍ തികഞ്ഞ അവജ്ഞയോടെ തള്ളികളയുന്നു: അല്മായ മുന്നേറ്റം 

Published on 30 September, 2022
മാര്‍ ആന്‍ഡ്‌റൂസ് താഴത്തിന്റെ സര്‍ക്കുലര്‍ തികഞ്ഞ അവജ്ഞയോടെ തള്ളികളയുന്നു: അല്മായ മുന്നേറ്റം 

 

കൊച്ചി :ജനാഭിമുഖ കുര്‍ബാന അല്ലാതെ മറ്റൊന്നും അനുവദിക്കില്ല എന്ന് എറണാകുളം അതിരൂപതയിലെ വിശ്വാസികളുടെ തീരുമാനം മുഴുവന്‍ ഇടവക സമിതികളും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ജനഭിമുഖ കുര്‍ബാന മാത്രമേ അംഗീകരിക്കൂ എന്ന് ഒരു ലക്ഷം വിശ്വാസികള്‍ ഒന്നിച്ചു കൂടി പ്രമേയം പാസ്സാക്കി അത് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്‌റൂസ് താഴത്തിനെയും വത്തിക്കാനെയും അറിയിച്ചിട്ടുണ്ട്. എന്നിട്ടും എറണാകുളം അതിരൂപതയില്‍ നിന്ന് വൈദീകരും വിശ്വസികളും നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എന്ന് കള്ളം പറഞ്ഞു സിനഡ് കുര്‍ബാന നടപ്പാക്കാന്‍ മാര്‍ ആന്ഡ്‌റൂസ് താഴത്ത് സിര്‍ക്കുലര്‍ പുറത്തിറക്കിയത് എറണാകുളം അതിരൂപത വിശ്വാസികള്‍ അവജ്ഞയോടെ തള്ളിക്കളയുന്നതായിഅല്മായ മുന്നേറ്റം അറിയിക്കുന്നു.

 എറണാകുളം അതിരൂപതയിലെ വിശ്വാസികള്‍ക്ക് ആവശ്യമില്ലാത്ത സിനഡ് കുര്‍ബാന ഉള്‍പ്പെടെ ഒരു അടിച്ചേല്പിക്കലും അധിനിവേശവും അതിരൂപതയില്‍ നടപ്പാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് അല്മായ മുന്നേറ്റം അതിരൂപത കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു.

മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ സര്‍ക്കുലര്‍ പരസ്യമായി മുഴുവന്‍ ഇടവകകളിലും കത്തിക്കുമെന്ന് അല്മായ മുന്നേറ്റം അറിയിച്ചു. വത്തിക്കാനില്‍ പോയി മാര്‍പ്പാപ്പയുടെ പേരിലോ ഓറിയന്റല്‍ കോണ്‍ഗ്രിയേഷന്റ പേരിലോ ജനാഭിമുഖ കുര്‍ബാനക്കെതിരെ ഏത് തരത്തിലുള്ള ഉത്തരവുകള്‍ കൊണ്ട് വന്നാലും, ഏതെങ്കിലും സര്‍ക്കുലര്‍ അതുമായി ബന്ധപ്പെട്ട് ഇറക്കിയാലും അതു പൂര്‍ണ്ണമായി തള്ളിക്കളയുമെന്നും അല്മായ മുന്നേറ്റം അറിയിക്കുന്നു.

 ഡിസ്പെന്‍സേഷന്‍ നിലനില്‍ക്കുന്ന എറണാകുളം അതിരൂപത അതിര്‍ത്തിക്കുള്ളില്‍ വിശ്വാസികളെ കേള്‍ക്കാതെ സ്വന്തം ഇഷ്ടം അനുസരിച്ചു ഏതെങ്കിലും പള്ളിയിലോ സന്യാസ ആശ്രമങ്ങളിലോ സിനഡ് കുര്‍ബാന അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് അല്മായ മുന്നേറ്റം അറിയിക്കുന്നു. സന്യാസ ആശ്രമങ്ങളില്‍ സിനഡ് കുര്‍ബാന അര്‍പ്പിക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കില്‍ പ്രൈവറ്റ് മാസ്സ് നടത്തണമെന്ന് അല്മായ മുന്നേറ്റം അറിയിച്ചതായി വക്താവ് റിജു കാഞ്ഞൂക്കാരന്‍ വ്യക്തമാക്കി

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക