Image

കൊടുംകാറ്റിൽ ഫ്ളോറിഡയുടെ മരണം 100 കടന്നു 

Published on 04 October, 2022
കൊടുംകാറ്റിൽ ഫ്ളോറിഡയുടെ മരണം 100 കടന്നു 

ഇയാൻ കൊടുംകാറ്റിൽ ഫ്ളോറിഡയുടെ 10 കൗണ്ടികളിലായി നൂറിലേറെപ്പേർ മരിച്ചെന്നു തിങ്കളാഴ്ച  ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ മരണം ലീ കൗണ്ടിയിലാണ്. അവിടെ 10 അടിയിലേറെ ഉയർന്ന തിരകൾ നിരവധി വീടുകൾ തകർത്തു. 

ലീ കൗണ്ടി ഷെരിഫ് കാർമിൻ മാർസിനോ തിങ്കളാഴ്ച സ്ഥിരീകരിച്ച മരണസംഖ്യ 54 ആണ്. ഒന്നൊഴികെ ഏലവും മുങ്ങിമരണമാണ്. "ഇങ്ങിനെയൊരു കെടുതി ജീവിതത്തിൽ കണ്ടിട്ടില്ല," മാർസിനോ പറഞ്ഞു. "വാക്കുകളില്ല. മരിച്ച പ്രിയപ്പെട്ടവരെ തിരിച്ചു കൊണ്ടുവരാൻ നമുക്കാവില്ല. 

"മരണ സംഖ്യ ഇനിയും ഉയരാം. കൂടാതിരിക്കട്ടെ എന്ന് നമുക്കു പ്രാർഥിക്കാം." 

മറ്റു കൗണ്ടികളിൽ മരിച്ചവരുടെ എണ്ണം ഇങ്ങിനെ: ഷാർലറ്റി 24; കോളിയർ 3 മുതൽ 8 വരെ; വോളുഷ്യ 5; സരസോട്ട 4; മനാറ്റീ 2; ഹെൻഡ്രി 1; ഹിൽസ്‌ബറ 1, ലേക്ക് കൗണ്ടി 1, പോൾക് കൗണ്ടി 1. 

നോർത്ത് കാരോളിനയിൽ കൊടുംകാറ്റു നാലു പേരുടെ ജീവനെടുത്തു. സൗത്ത് കാരോളിനയിൽ കാറ്റഗറി 1 ആയി എത്തിയ കാറ്റിൽ ജീവനാശം ഉണ്ടായില്ല. 

ഫ്‌ളോറിഡയിൽ 1,600 ലേറെപ്പേരെ രക്ഷിച്ചെന്നു ഗവർണർ റോൺ ഡിസന്റിസ് പറഞ്ഞു. 


ബൈഡൻ പോർട്ടോ റിക്കയിൽ 

പ്രസിഡന്റ് ബൈഡനും പ്രഥമവനിത ജിൽ ബൈഡനും തിങ്കളാഴ്ച ഫയോണ കൊടുംകാറ്റ് തകർത്ത യു എസ് ടെറിട്ടറി പോർട്ടോ റിക്കയിൽ സന്ദർശനം നടത്തി. പുനർ നിർമാണത്തിനു എല്ലാ സഹായവും അദ്ദേഹം വാഗ്‌ദാനം ചെയ്തു. 

കൊടുംകാറ്റുകൾ മുൻകൂട്ടി അറിയാൻ കഴിയുന്ന ഉപകരണങ്ങൾക്കും മറ്റു ഒരുക്കങ്ങൾക്കും വേണ്ടി 60 മില്യൺ ഡോളർ നൽകും. വൈദ്യുതി പുനഃസ്‌ഥാപിക്കാൻ ഫെമ എത്തിച്ച നിരവധി ജനറേറ്ററുകൾക്കു മുന്നിൽ നിന്നാണ് അദ്ദേഹം സംസാരിച്ചത്. 

നഷ്ടാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ 180 ദിവസം കൂടി വേണമെന്ന ഗവർണർ പെഡ്രോ പിയർലൂസിയുടെ അഭ്യർത്ഥന ബൈഡൻ സ്വീകരിച്ചു. ചെലവുകൾ 100% ഫെഡറൽ ഗവൺമെന്റ് വഹിക്കും.  

ദ്വീപിലെ പലർക്കും ഫ്‌ളോറിഡയിൽ ബന്ധുക്കളുണ്ടെന്നു ബുധനാഴ്ച അവിടേക്കു പോകുന്ന ബൈഡൻ ഓർമിച്ചു. 


Florida toll soars past 100; Biden in Puerto Rico  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക