Image

ശനിപ്പിഴയിൽ വലഞ്ഞ് വന്ദേ ഭാരത് എക്സ്പ്രസ് (ദുർഗ മനോജ്)

Published on 10 October, 2022
ശനിപ്പിഴയിൽ വലഞ്ഞ് വന്ദേ ഭാരത് എക്സ്പ്രസ് (ദുർഗ മനോജ്)

വന്ദേ ഭാരത് എക്സ്പ്രസിന് ഇതു കഷ്ടകാലം. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ തുടരെ അപകടത്തിൽപ്പെടുകയാണ് ഈ അതിവേഗ അഭിമാന വണ്ടി. ആദ്യം സംഭവിച്ചത് ട്രാക്കിൽക്കൂടി കടന്നു പോയ പോത്തിൻ കൂട്ടത്തിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടമാണ്. പോത്തിൻ കൂട്ടത്തെ കണ്ടാൽ വെട്ടിത്തിരിച്ചു പോകാൻ സൈക്കിളോ കാറോ ഒന്നുമല്ലല്ലോ, ഇത് അതിവേഗ തീവണ്ടിയല്ലേ. ഏതായാലും ആ ഇടിയിൽ മുൻവശം ആകെ തകർന്ന ട്രെയിൻ അതിവേഗം കേടുപാട് തീർത്തെടുത്ത് സർവീസ് പുനരാരംഭിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം വില്ലനായി വന്നത് പശുവാണ്. ഇത്തവണയും വന്ദേ ഭരതിൻ്റെ മുഖം ചളുങ്ങി. അതും ശരിയാക്കി ഒന്നു ശ്വാസം വിട്ടതേ ഉള്ളൂ, അതാ വരുന്നു അടുത്ത പ്രശ്നം, ഇത്തവണ ചതിച്ചത് പശുവും പോത്തും ഒന്നുമല്ല, സ്വന്തം ചക്രങ്ങൾ തന്നെയാണ്. ബെയറിങ് കുടുങ്ങിയത് കൊണ്ട് സി 8 കോച്ചിൻ്റെ ചക്രം തകരാറിലായി.


ശനിയാഴ്ച രാവിലെ ഡൽഹിയിൽ നിന്നു വാരണാസിയിലേക്കുള്ള യാത്രാമധ്യേയാണ് തകരാർ സംഭവിച്ചത്. തകരാർ കണ്ടെത്തിയ ഗ്രൗണ്ട് സ്റ്റാഫ് 100 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിനിനെ നിർത്താൻ, റെയിൽവേ ഓപ്പറേഷൻ കൺട്രോളിനെ അറിയിച്ചത്. ഡൽഹിയിൽ നിന്നും 67 കിലോമീറ്റർ അകലെയുള്ള ബുലന്ദ്ഷഹറിന് സമീപത്തെ റെയിൽവേ സ്റ്റേഷനിലാണ് രാവിലെ ഏഴു മണിയോടെ ട്രെയിൻ നിർത്തിയത്. പിന്നാലെ അതിലെ യാത്രക്കാരെ,ജനശതാബ്ദിയിലേക്കു മാറ്റി. വെള്ളിയാഴ്ച ഗാന്ധിനഗർ മുംബൈ റൂട്ടിൽ ആനന്ദ് സ്റ്റേഷനു സമീപത്തുവച്ചാണ് പശുവിനെ ഇടിച്ച സംഭവം ഉണ്ടായത്. പോത്തുകളെ ഇടിച്ചിട്ടതും ഇതേ റൂട്ടിലായിരുന്നു.


വന്ദേ ഭാരത് എക്സ്പ്രസ് രാജ്യത്തിൻ്റെ അതിവേഗ ട്രെയിനുകൾ ആണ്. തിരഞ്ഞെടുത്ത റൂട്ടുകളിലാണ് ഇവ സർവ്വീസ് നടത്തുന്നത്. സമയ ലാഭം ഉണ്ടെന്നതിനാൽ തന്നെ ഈ സർവ്വീസുകൾക്ക് വലിയ സ്വീകാരത ജനങ്ങൾക്കിടയിലുണ്ട്. ഏതായാലും അപകടങ്ങൾ പറ്റുന്നത് കുറേയൊക്കെ മുൻകൂട്ട കാണാനാകുന്നത് വലിയ ദുരന്തങ്ങളിൽ നിന്നും രക്ഷിക്കുന്നുണ്ട് എന്നു പറയാതെ വയ്യ.

(Vande Bharat Express - troubles - Jammed wheel)

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക