MediaAppUSA

സാരഥികൾ: ഡോ. ബാബു സ്റ്റീഫൻ, ഫൊക്കാന പ്രസിഡണ്ട് 

Published on 11 October, 2022
സാരഥികൾ: ഡോ. ബാബു സ്റ്റീഫൻ, ഫൊക്കാന പ്രസിഡണ്ട് 
 
നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി വ്യവസായ പ്രമുഖരിൽ ഒരാൾ. രാജ്യ തലസ്ഥാനമായ വാഷിംഗ്‌ടൺ ഡി.സി. കേന്ദ്രീകരിച്ച് ഹെൽത്ത് കെയർ മേഖലയിലും റിയൽ എസ്റ്റേറ്റ് - കൺസ്ട്രക്ഷൻ മേഖലയിലും നാലു പതിറ്റാണ്ടുകളിലായി ബിസിനസ് നടത്തിവരുന്ന അദ്ദേഹത്തിന് നിരവധി നഴ്സിംഗ് ഹോമുകൾ,  ഹൈ റൈസ്ഡ് (ബഹുനില) കെട്ടിടങ്ങളും ഉണ്ട്. കൂടാതെ വൻകിട കെട്ടിടങ്ങളുടെ നിർമ്മാണ മേഖലയിലും പ്രവർത്തിക്കുന്നു. കൂടാതെ കേരളത്തിലും അദ്ദേഹത്തിനു നിരവധി സ്ഥാപനങ്ങളുണ്ട്. 
 
വാഷിംഗ്‌ടൺ ഡി.സി യിലെ സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ- സന്നദ്ധ സംഘടനാ രംഗങ്ങളിൽ സജീവ സാന്നിധ്യമായ ഡോ. ബാബു സ്റ്റീഫന് മലയാളികൾക്കിടയിൽ മാത്രമല്ല ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അമേരിക്കൻ ഇന്ത്യക്കാരുമായും ഒരു വലിയ സുഹൃദ്‌വലയം തന്നെയുണ്ട്. ഇന്ത്യൻ കോൺസുലേറ്റുമായും എക്കാലവും അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന ഡോ. ബാബു സ്റ്റീഫനുമായി സൗഹൃദം പങ്കു വയ്ക്കാത്ത അമേരിക്കയിലെ ഇന്ത്യൻ അംബാസിഡർമാർ വിരളമായിരുന്നുവെന്ന് ഡോ. ബാബു സ്റ്റീഫന് അടുത്തയിടെ കേരളീയം എന്ന സാമൂഹിക സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത അമേരിക്കയിൽ ഇന്ത്യയുടെ അംബാസിഡർ ആയിരുന്ന ഡോ. ടി.പി. ശ്രീനിവാസൻ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നത് സാക്ഷ്യപ്പെടുത്തുന്നതാണ്.
 
കൂടാതെ വാഷിംഗ്‌ടൺ ഡി.സി.യിലെ പ്രാദേശിക രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായ അദ്ദേഹം ഡി.സി. മേയറുടെ സാമ്പത്തിക ഉപദേശകനും ഫൈനാൻസ് കമ്മിറ്റി അംഗവുമാണ്. അടുത്തയിടെ ഡി.സി. മേയറുടെ നേതൃത്വത്തിൽ നടത്തിയ ചൈന സന്ദർശനത്തിലെ സംഘത്തിൽ ഡോ.ബാബു സ്റ്റീഫനും അംഗമായിരുന്നു. കൂടതെ വൈറ്റ് ഹൗസുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ഡോ. ബാബു സ്റ്റീഫന് ഇപ്പോഴത്തെ പ്രസിഡൻറ് ജോ ബൈഡൻ, വൈസ് പ്രസിഡണ്ട് കമല ഹാരിസ്,മറ്റു നിരവധി മുൻ പ്രസിഡണ്ടുമാരുമായും മുൻ വൈസ് പ്രസിഡണ്ടുമാരുമായും സെനറ്റർമാർ, കോൺഗ്രസ് മാൻമാർ, മറ്റ് രാഷ്ട്രീയ പ്രമുഖരുമായും അടുത്ത ബന്ധമുണ്ട്. 
 
ഉത്തരേന്ത്യൻ നേതാക്കളുമായുള്ള സൗഹൃദം വഴി അദ്ദേഹത്തിനു ഇന്ത്യയിലെ ഒട്ടുമിക്ക രാഷ്ട്രീയ പ്രമുഖരുമായും അടുത്ത ബന്ധമുണ്ട്. കൂടതെ കേരളത്തിൽ പ്രത്യേകിച്ച് ഇടതു മുന്നണിയിലെ നേതാക്കന്മാരുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന ഡോ. ബാബു സ്റ്റീഫന് മുഖ്യമന്ത്രി പിണറായി വിജയൻ, അദ്ദേഹത്തിന്റെ ക്യാബിനെറ്റിലെ മറ്റ് നിരവധി മന്ത്രിമാർ, കേരള ഗവർണർ പ്രൊഫ. മുഹമ്മദ് ആരിഫ് ഖാൻ തുടങ്ങിയവരുമായും അടുത്ത സൗഹൃദമാണുള്ളത്. കഴിഞ്ഞമാസം ഗവർണർ ആരിഫ് ഖാൻ രാജ് ഭവനിൽ ഡോ.ബാബു സ്റ്റീഫന് വിരുന്നു നൽകി ആദരിച്ചിരുന്നു. ഒന്നാം പിണറായി സര്ക്കാരിന്റെ കാലത്തുണ്ടായ മഹാപ്രളയത്തിൽ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ പ്രളയ സഹായ നിധിയിലേക്ക് ഡോ . ബാബു സ്റ്റീഫൻ സംഭാവന നൽകിയിരുന്നു. സ്റ്റീഫൻ ഫൗണ്ടേഷൻ എന്ന പേരിൽ അദ്ദേഹം ആരംഭിച്ച ചാരിറ്റബിൾ ട്രസ്റ്റ് വഴി നിരവധി നിർദ്ധനർക്കും ആലംബഹീനർക്കും അദ്ദേഹം സഹായ ഹസ്തമേകിയിട്ടുണ്ട്. 
 
ലോകം മുഴുവനും സൗഹൃദ വലയമുള്ള ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ 2024ൽ വാഷിംഗ്‌ടൺ ഡി.സി.യിൽ നടക്കുന്ന കൺവെൻഷൻ പങ്കാളിത്തം കൊണ്ട് ഇന്റർനാഷണൽ കൺവെൻഷനും  വി.ഐ.പി കളുടെ സാന്നിധ്യം കൊണ്ട് ഫൊക്കാനയുടെ ചരിത്രത്തിന്റെ തങ്ക ലിപികളാൽ എഴുതപ്പെടേണ്ട ഒന്നായിരിക്കുമെന്ന കാര്യം ഉറപ്പാണ്. കൂടതെഅടുത്ത രണ്ടു വർഷങ്ങളിൽ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്ന കാര്യങ്ങൾ നടപ്പിലായാൽ അതും ഫൊക്കാനയുടെ ചരിത്രത്തിന്റെ താളുകളിൽ ഇടം പിടിക്കുന്ന ഭരണ നേട്ടമായി മാറും. ഒരു കാര്യം ഡോ. ബാബു സ്റ്റീഫൻ ഉറപ്പിച്ചു പറയുന്നു. ചെയ്യാൻ കഴിയുമെന്ന് ഉറപ്പുള്ള കാര്യങ്ങളെ പറയാറുള്ളൂ; അതുകൊണ്ട് പറയുന്ന കാര്യങ്ങൾ ഉറപ്പായും നടപ്പിലാക്കും. അദ്ദേഹത്തിന്റെ വാക്കുകളിലെ ദൃഢതയിൽ നിന്നുള്ള ആത്‌മവിശ്വാസത്തിലാണ് മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക