Image

"തരൂർ ഇഫ്ഫെക്ട്" പ്രവാസികളുടെ ഇടയിലും അലയടികളായി മുന്നേറുന്നു (മാത്യുക്കുട്ടി ഈശോ)

Published on 11 October, 2022
"തരൂർ ഇഫ്ഫെക്ട്" പ്രവാസികളുടെ ഇടയിലും അലയടികളായി മുന്നേറുന്നു (മാത്യുക്കുട്ടി ഈശോ)

ന്യൂയോർക്ക്:  ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പുനരുജ്ജീവനം ആഗ്രഹിക്കുന്ന എല്ലാ കോൺഗ്രസ്സ് അനുഭാവികളുടെ ഇടയിലും "തരൂർ ഇഫ്ഫെക്ട്" ഒരു തരംഗമായി മുന്നേറുകയാണ്. അതിന്റെ അലയടികൾ ഇന്ത്യയുടെ അതിർത്തികൾക്കുള്ളിൽ ഒതുങ്ങി നിൽക്കാതെ ലോകമെമ്പാടുമുള്ള പ്രവാസികളുടെ ഇടയിലൂടെ ഒരു വികാരമായി ആർത്തിരമ്പുകയാണ്. നീണ്ട 22 വർഷങ്ങൾക്കു ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് ജനാധിപത്യപരമായ ഒരു തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ച സാധാരണ കോൺഗ്രസ്സ് പ്രവർത്തകരുടെയും അനുഭാവികളുടെയും  പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്ന പ്രവർത്തികളാണ് നിലവിലുള്ള കോൺഗ്രസ്സ് നേതാക്കളുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. ജനാധിപത്യപരമായ തെരഞ്ഞെടുപ്പാണെങ്കിൽ പിന്നെ എന്തിനു ഹൈക്കമാൻഡ് തങ്ങളുടെ പ്രതിനിധി എന്ന നിലയിൽ  അശോക്  ഗെലോട്ട്, ദിഗ്‌വിജയ് സിംഗ്, കമൽനാഥ്‌ തുടങ്ങിയ നേതാക്കളുടെ പേരുകൾ മത്സരത്തിനായി പരിഗണിച്ചതിനു ശേഷം  അവസാന നിമിഷം മല്ലികാർജുൻ ഖാർഗെയെ രംഗത്തിറക്കി എന്നാണ് എല്ലാവരുടെയും സംശയം. ജനാധിപത്യ രീതിയിലുള്ള  തെരഞ്ഞെടുപ്പാണെന്നു പറയുകയും ആർക്കും മത്സരിക്കാൻ അവകാശമുണ്ടെന്നിരിക്കെ ശശി തരൂർ മത്സര രംഗത്തേക്ക് വന്നപ്പോൾ അദ്ദേഹത്തിനെതിരെ ഔദ്യോഗിക പക്ഷം പല സ്ഥാനാർഥികളുടെ പേരുകൾ നിർദ്ദേശിച്ചിട്ടു അവസാനം ഖാർഗെയെ മത്സര രംഗത്തിറക്കിയത് എന്തിന്?  എന്നിട്ട് ഔദ്യോഗിക സ്ഥാനാർത്ഥിയില്ല എന്ന് ഹൈക്കമാൻഡ് എന്തിനു കള്ളം പറയുന്നു? ശശി തരൂരിന് മത്സരിക്കുന്നതിന് എന്ത് അയോഗ്യത? ഇതൊക്കെയാണ് കോൺഗ്രസ്സിന്റെ നല്ല ഭാവി ആഗ്രഹിക്കുന്ന ഓരോരുത്തരും ചോദിക്കുന്ന ചോദ്യങ്ങൾ.

ലോകമെമ്പാടും ആരാധകരുള്ള "വിശ്വപൗരൻ" എന്നറിയപ്പെടുന്ന,  ദശലക്ഷക്കണക്കിനു സോഷ്യൽ മീഡിയ ഫോള്ളോവെർസ് ഉള്ള  ശശി തരൂരിനെ പോലെ പ്രഗത്ഭനായ ഒരു വ്യക്തിക്ക് പ്രവർത്തന പാരമ്പര്യമില്ല, കോൺഗ്രസ്സ് പ്രസിഡൻറ് ആകാൻ യോഗ്യതയില്ല  എന്ന് കൊട്ടിഘോഷിക്കുന്ന കേരളത്തിലെ തല മുതിർന്ന കോൺഗ്രസ്സ് നേതാക്കളെന്ന് അവകാശപ്പെടുന്നവർ എന്താണ് ആ സ്ഥാനത്തേക്കുള്ള "യോഗ്യത" എന്ന് നിർവചിച്ചാൽ കൊള്ളാം?  ഹൈക്കമാൻഡ് എന്ന് വിശേഷിക്കപ്പെടുന്ന ഗാന്ധി കുടുംബത്തെ ചക്രംതിരിക്കുന്ന ചിലരുടെ ആജ്ഞാനുവർത്തികളായി നിൽക്കുന്നതാണോ കോൺഗ്രസ്സ് പ്രസിഡൻറ് ആകാനുള്ള യോഗ്യത?  മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കുന്ന കോൺഗ്രസ്സ് പാർട്ടിയെ മാറ്റങ്ങളിലൂടെ രക്ഷപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്നതാണോ തരൂരിനുള്ള അയോഗ്യത? കോൺഗ്രസ്സ് പാർട്ടിയുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള ധാരാളം അഭ്യുദയ കാംക്ഷികളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതാണ് കേരളത്തിലെ തലമൂത്ത നേതാക്കളുടെ ഇപ്പോഴത്തെ നിലപാട്. ശശി തരൂർ പ്രസിഡന്റായി വന്നാൽ തങ്ങളുടെ സ്ഥാനങ്ങൾ നഷ്ടപ്പെടും എന്ന് ഭയപ്പെടുന്നവരാണ് അതിനെ എതിർക്കുന്ന പല മലയാളീ  നേതാക്കളും. തരൂർ പ്രസിഡന്റായാൽ തങ്ങളുടെ വ്യക്തി പ്രഭാവം കുറഞ്ഞു പോകുമെന്ന് അസൂയപ്പെടുന്നവരാണ് പ്രസ്തുത നേതാക്കളിൽ അധികം പേരും. അപ്പോൾ തരൂരിനെ തോൽപ്പിക്കാൻ എന്തെല്ലാം അടവുകൾ പ്രയോഗിക്കാമോ അതെല്ലാം പ്രയോഗിക്കാൻ അക്കൂട്ടർ തത്രപ്പെടും എന്നതിൽ ഒട്ടും അതിശയിക്കാനില്ല.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ സ്നേഹിക്കുന്നവരും ഇന്ത്യയിൽ  കോൺഗ്രസ്സ്  തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരുമായ  ധാരാളം പ്രവാസി മലയാളികളുടെ വികാരങ്ങളും സന്ദേഹങ്ങളുമാണ് മുകളിൽ  വിവരിച്ചത്.  ഞണ്ടിന്റെ തനി സ്വഭാവം കാണിക്കുന്ന മലയാളീ നേതാക്കളുടെ തനി നിറം വെളിപ്പെടുത്തുന്നതാണ്  ഇപ്പോഴത്തെ വാർത്തകൾ സൂചിപ്പിക്കുന്നതെന്നാണ് ന്യൂയോർക്ക് ഭാഗത്തെ ധാരാളം കോൺഗ്രസ്സ് അഭ്യുദയകാംക്ഷികൾ അഭിപ്രായപ്പെടുന്നത്. കോൺഗ്രസ്സ് അധ്യക്ഷ പദവിയിലേക്ക് ആസന്നമായിരിക്കുന്ന തെരഞ്ഞെടുപ്പിന് ഇത്രയധികം വാർത്താ പ്രാധാന്യം ലഭിക്കുന്നത് തന്നെ തരൂരിനെപ്പോലെ വിശ്വപ്രസിദ്ധനായ ഒരു വ്യക്തി മത്സരിക്കുന്നതുകൊണ്ടാണ് എന്ന്  പ്രവാസി മലയാളികൾ  അഭിപ്രായപ്പെടുന്നു.  തരൂരിന് പകരം രമേശ് ചെന്നിത്തലയോ, വി. ഡി. സതീശനോ, ഉമ്മൻ ചാണ്ടിയോ, കെ.സി. വേണുഗോപാലോ  മറ്റേതെങ്കിലും നോർത്ത് ഇന്ത്യൻ നേതാക്കളോ മത്സര രംഗത്ത് വന്നിരുന്നെങ്കിൽ ഇത്ര വലിയ കൊട്ടിഘോഷങ്ങളോ  ചർച്ചകളോ വിവാദങ്ങളോ ഇല്ലാതെ ഈ ഇലക്ഷൻ നടക്കുമായിരുന്നു. ഈ മത്സരം ഇത്രയും വാശിയേറിയതും ചർച്ചാ വിഷയമായതും തരൂരിനെപ്പോലെ വിശ്വപ്രസിദ്ധമായ കഴിവുള്ള ഒരു മത്സരാർത്ഥി രംഗത്തുള്ളത് കൊണ്ടാണ്. അതുകൊണ്ടു തന്നെ ഹൈക്കമാൻഡിനും തല മൂത്ത നേതാക്കൾക്കും തരൂർ ഒരു ഭീഷണിയായി നിൽക്കുന്നു. ഹൈക്കമാൻഡിന്റെ കളിപ്പാവയായി മറ്റു നേതാക്കൾക്ക് ഭീഷണിയാകാത്ത കഴിവ് കുറഞ്ഞ ഒരു പ്രസിഡന്റിനെയാണ് നേതാക്കൾക്ക് താൽപ്പര്യം. എന്നാൽ താഴെക്കിടയിലുള്ള സാധാരണക്കാരായ പാർട്ടി പ്രവർത്തകർക്കും കോൺഗ്രസ്സ് രക്ഷപ്പെട്ടു വരണമെന്ന് ആഗ്രഹമുള്ള  ലക്ഷക്കണക്കിന് അനുകൂലികൾക്കും നിഷ്പക്ഷർക്കും തരൂരിനെപ്പോലെ പ്രഗത്ഭനായ ഒരാൾക്കു മാത്രമേ ഈ പാർട്ടിയെ ഇന്നത്തെ അവസ്ഥയിൽ നിന്നും രക്ഷപ്പെടുത്താനാകൂ എന്ന പ്രതീക്ഷയാണുള്ളത്. ഇത്തരം വികാര അഭിപ്രായ പ്രകടനങ്ങളാണ് ന്യൂയോർക്ക് ലോങ്ങ് ഐലൻഡിൽ ഒത്തു ചേർന്ന കോൺഗ്രസ്സിനെ സ്നേഹിക്കുന്ന ഏതാനും പ്രവാസി മലയാളികൾ കഴിഞ്ഞ ദിവസം നടത്തിയത്.

സാമൂഹിക പ്രവർത്തകനും കമ്മ്യൂണിറ്റി ലീഡറുമായ കോശി ഓ. തോമസിന്റെ നേതൃത്വത്തിൽ കൂടിയ ചെറിയ കൂട്ടായ്മ ബഹുഭൂരിപക്ഷം മലയാളികളുടെ ചിന്തകളും കാഴ്ചപ്പാടുകളുമാണ് പങ്കു വച്ചത്.  ഐ.ഓ.സി വൈസ് ചെയർമാൻ ജോർജ് എബ്രഹാം,  രാഷ്ട്രീയ നിരീക്ഷകനും കലാകാരനുമായ മോൻസി കൊടുമൺ, സീനിയർ കമ്മ്യൂണിറ്റി നേതാക്കളായ വി.എം. ചാക്കോ, വർഗീസ്  എബ്രഹാം (രാജു), ജോണി സക്കറിയ, അപ്പുക്കുട്ടൻ, ഏലിയാമ്മ അപ്പുക്കുട്ടൻ,  സാമൂഹിക പ്രവർത്തക തെരേസ സെബാസ്റ്റ്യൻ, മാധ്യമ പ്രവർത്തകനായ  മാത്യുക്കുട്ടി ഈശോ തുടങ്ങിയവർ തങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങളും തരൂരിനോടുള്ള ഐക്യദാർട്യവും രേഖപ്പെടുത്തുവാൻ ഒത്തുകൂടി.

കെ.പി.സി.സി. ആസ്ഥാനത്ത് എത്തി കേരളത്തിലെ മുതിർന്ന നേതാക്കളെ കണ്ട് വോട്ട് അഭ്യർഥിക്കുവാൻ തയ്യാറായ തരൂരിനെ അഭിമുഖീകരിക്കുവാൻ പോലും തയ്യാറാകാത്ത കേരളാ നേതാക്കളുടെ ഒളിച്ചോട്ടം ഭയപ്പെട്ടിട്ടാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താനാകില്ല എന്ന് ഈ പ്രവാസികൾ അഭിപ്രായപ്പെട്ടു. ഐക്യ രാഷ്ട്ര സംഘടനയിൽ ദീർഘകാലം പ്രവർത്തിച്ച് പരിചയസമ്പന്നനായ തരൂരിന് പതിമൂന്നു വർഷക്കാലത്തോളം തുടർച്ചയായി കോൺഗ്രസ്സ് പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായി പാർലമെന്റിൽ പ്രവർത്തിച്ച പരിചയവും കുറച്ചുകാലം കേന്ദ്ര മന്തിയായി പ്രവർത്തിച്ച പരിചയവും ഒന്നും നമ്മുടെ കേരളത്തിലെ നേതാക്കൾക്ക് ഒരു പ്രവർത്തി പരിചയമായി  തോന്നുന്നില്ല എന്നത് വിരോധാഭാസമാണ്.  മുതിർന്ന കേരള നേതാക്കൾ  പലരും തരൂരിനെതിരേ പറഞ്ഞെങ്കിലും പല അയോഗ്യത കണ്ടെത്തിയെങ്കിലും തിരിച്ച് അവരെയാരെയും കുറ്റപ്പെടുത്താതെ അത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണ് എന്നും അതിൽ തനിക്ക് പരാതിയൊന്നുമില്ല എന്നുമുള്ള  നിലപാടെടുത്ത തരൂരിന്റെ ആ വ്യക്തിപ്രഭാവം ആരും കാണാതെ പോകരുത്.

ഈ തലമൂത്ത നേതാക്കൾ കോൺഗ്രസ്സ് പാർട്ടിയെ കുഴിച്ചുമൂടി ശവമടക്കി അടിയന്തരവും നടത്തി മാത്രമേ തൃപ്തരാകൂ എന്നാണ് തോന്നുന്നത് എന്ന്  പ്രവാസികളായവർ അഭിപ്രായപ്പെട്ടു. എന്ത് ചെയ്യാം?  വോട്ടു ചെയ്യുന്നവരുടെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിനു ഉതകും വിധം വോട്ടുകൾ എല്ലാം ഷഫിൾ ചെയ്തു മാത്രമേ എണ്ണുകയുള്ളു എന്ന് പാർട്ടിയിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി തീരുമാനിച്ച സാഹചര്യത്തിൽ   ഭയപ്പെട്ടു നിന്നിരുന്ന വോട്ടർമാർ തരൂരിന് അനുകൂലമായി  മാറി ചിന്തിച്ചാൽ മാത്രമേ ഈ പ്രതിസന്ധിയിൽനിന്നും  ഇനിയെങ്കിലും കോൺഗ്രസിനെ രക്ഷപ്പെടുത്താനാകൂ. പ്രവാസികളുടെ ഈ വികാരം ഹൈക്കമാൻഡും കേരളത്തിലെ നേതാക്കളും മനസ്സിലാക്കും എന്ന് കരുതുന്നു.

# sasi tharoor

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക