Image

പാസ്പോർട്ട്/വിസ സേവനങ്ങളുമായി വി.എഫ്.എസ്. ഗ്ലോബൽ: ചുക്കാൻ പിടിക്കുന്നത് സോണിയ ദയാഗുഡെ

Published on 21 October, 2022
പാസ്പോർട്ട്/വിസ സേവനങ്ങളുമായി വി.എഫ്.എസ്. ഗ്ലോബൽ: ചുക്കാൻ പിടിക്കുന്നത് സോണിയ ദയാഗുഡെ

ഇന്ത്യൻ പാസ്പോർട്ട്, ഇന്ത്യൻ വിസ, ഓ.സി.ഐ കാർഡ്  തുടങ്ങിവയുമായി ബന്ധപ്പെടുമ്പോൾ ആദ്യം വരുന്ന പേരാണ് വി.എഫ്.എസ് . ഗ്ലോബൽ.  രേഖകളെല്ലാം  വാങ്ങി പരിശോധിച്ച് തൃപ്തികരമെന്നു അവർ സാക്ഷ്യപ്പെടുത്തി കോൺസുലേറ്റുകൾക്ക്/എംബസികൾക്ക് നൽകിയാലേ അവിടെ നിന്ന് ഒരു തീരുമാനം ഉണ്ടാകു. ഒന്നുകിൽ അപേക്ഷ അംഗീകരിക്കാം, അല്ലെങ്കിൽ നിരസിക്കാം. അത് അധികൃതരുടെ കാര്യം. വി.എഫ്.എസിനു അതിൽ പങ്കില്ല.

എന്നാൽ നാല് മില്യണിലേറെ ലീഗലായും ഒട്ടേറെ ഇല്ലീഗലായും കഴിയുന്ന ഇന്ത്യാക്കാർക്ക് വേഗത്തിലും സുഗമമായും കോണ്സുലർ  സേവനം എത്തിക്കുന്നതിൽ വി.എഫ്.എസ. മുഖ്യ പങ്കു വഹിക്കുന്നു. അവർ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ എല്ലാം അവതാളത്തിലാകും. ജനം, കഷ്ടപ്പെടും. 

ഇപ്പോൾ യു.എസ്., കാനഡ, തെക്കേ അമേരിക്ക, കരീബിയൻ എന്നിവിടങ്ങളിൽ  വി.എഫ്.എസ് .  ഗ്ലോബലിന്റെ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നത് രണ്ട് പതിറ്റാണ്ടിന്റെ പരിചയസമ്പത്തുള്ള സോണിയ ദയാഗുഡെ ആണ്.  ഓപ്പറേഷൻസ്, പ്രോജക്റ്റ് മാനേജ്‌മെന്റ്, സൊല്യൂഷൻ ഡിസൈനിംഗ്, ട്രാൻസിഷൻ, റിലേഷൻഷിപ്പ് മാനേജ്‌മെന്റ് എന്നിവയുൾപ്പെടെ വിവിധ പ്രവർത്തനങ്ങൾക്ക് അവർ നേരത്തെ നേതൃത്വം നൽകി. കൂടാതെ ഇന്ത്യ, യുഎസ്എ, കൊളംബിയ എന്നിവയിലുടനീളമുള്ള VFS ഗ്ലോബലിന്റെ ഓഫീസുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ   മാനേജ്‌മെന്റ് അനുഭവം കൈമുതലായുള്ള സോണിയ   വി.എഫ്.എസ് . സേവനം   ഉപയോഗപ്പെടുത്തുന്ന വിവിധ  രാജ്യങ്ങളിലെ  ഗവൺമെന്റുകൾക്കായി  കേന്ദ്രങ്ങളും പ്രക്രിയകളും ഏർപ്പെടുത്തുന്നതിലും  പ്രധാന പങ്കുവഹിച്ചു.

ഒരു നല്ല വായനക്കാരിയായ സോണിയ ചരിത്ര കഥകളും പ്രചോദനാത്മകമായ പുസ്തകങ്ങളും ഇഷ്ടപ്പെടുന്നു, സാധാരണയായി കുടുംബത്തോടൊപ്പമുള്ള യാത്രകളും.

വി.എഫ്.എസ് . സേവനങ്ങളെപ്പറ്റി അവർ ഇ-മലയാളിയുമായി സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങൾ

ചോദ്യം: കുറഞ്ഞശേഷം, യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇപ്പോൾ എങ്ങനെ പോകുന്നു?

 അതെ. ഒന്നൊന്നര വർഷക്കാലം മഹാമാരി മൂലമുണ്ടായ അടച്ചുപൂട്ടലുകൾക്ക് ശേഷം, ലോകം വീണ്ടും യാത്രകൾ പുനരാരംഭിച്ചിരിക്കുകയാണ്. സഞ്ചരിക്കാനുള്ള താല്പര്യം ആളുകളിൽ വർദ്ധിച്ചിരിക്കുന്നതുകൊണ്ടുതന്നെ, ഈ മേഖലയിലൊരു കുതിപ്പാണ്.  രാജ്യത്തിനകത്തും പുറത്തുമായി യാത്ര ചെയ്യാൻ ആളുകൾ തിടുക്കപ്പെടുന്നു. ഉപഭോക്താക്കൾ അവരുടെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതും അതിന് ആവശ്യമായ ഡോക്യുമെന്റേഷൻ നേരത്തെതന്നെ ശരിയാക്കുന്നതും ഉൾപ്പെടെയുള്ള മാറ്റങ്ങളാണ് പ്രധാനമായും  ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. അന്താരാഷ്‌ട്ര അതിർത്തികൾ തുറന്നതും, യാത്രാ നിയന്ത്രണങ്ങൾ നീക്കിയതും, പതിവുമട്ടിൽ അന്താരാഷ്‌ട്ര വിമാന സർവീസുകൾ പുനരാരംഭിച്ചതും എല്ലാം ഈ രംഗത്ത് പുത്തൻ ഉണർവ്വ് പകർന്നിട്ടുണ്ട്. ഏകദേശം 6 മാസം മുമ്പേ തന്നെ അപേക്ഷ സമർപ്പിക്കുന്നവരുണ്ട്. ലോകത്തിന്റെ ചില ഭാഗങ്ങൾ കോവിഡ് പ്രത്യാഘാതങ്ങളിൽ നിന്ന് ഇനിയും കരകയറാഞ്ഞിട്ടുകൂടി,  യാത്രാമേഖല കരുത്താർജ്ജിച്ചത് സന്തോഷകരവും അതുപോലെതന്നെ ആശ്ചര്യവുമായി തോന്നുന്നു.

ചോദ്യം:  'റിവെഞ്ച് ടൂറിസം' എന്നൊരു പ്രതിഭാസത്തെക്കുറിച്ച് കേൾക്കുന്നുണ്ടല്ലോ. മഹാമാരിക്ക് മുമ്പുള്ള സമയവുമായി താരതമ്യപ്പെടുത്തുമ്പോൾ  ഇപ്പോൾ യാത്രാ താല്പര്യങ്ങൾക്ക് മാറ്റം വന്നിട്ടുണ്ടോ?

യഥാർത്ഥത്തിൽ, അത് ശരിയാണ്, പക്ഷേ അതിനെ  റിവെഞ്ച് ടൂറിസമെന്ന് വിളിക്കാമോ എന്ന് എനിക്കറിയില്ല.  അപ്രതീക്ഷിതമായി കുറച്ചുകാലം വീട്ടിൽത്തന്നെ ഇരിക്കേണ്ടി വന്നതുകൊണ്ടാകാം ആളുകളിൽ, പുറത്തേക്ക് പോകാനുള്ള താല്പര്യം കൂടിയത്. വീണ്ടും യാത്ര ചെയ്യാൻ സാധിക്കുന്നതിൽ അവർ ആവേശഭരിതരാണെന്നാണ്  ഞാൻ മനസ്സിലാക്കുന്നത്. മഹാമാരിക്കിടെ യാത്ര പോലെ പല സംഗതികളും നിർത്തിവച്ചിരുന്നല്ലോ; ബിസിനസ് സംബന്ധമായതും വിനോദപരവുമായ  യാത്രകൾക്കുപുറമേ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും മറ്റുസ്ഥലങ്ങളിലേക്ക് പോകാൻ കഴിയാതെ വന്നില്ലേ? കോളജുകളിലേക്കും  പരിശീലന കോഴ്‌സുകൾക്കു വേണ്ടിയും, ഉല്ലാസത്തിനും വേണ്ടി ആളുകൾ യാത്രകൾ പുനരാരംഭിക്കുകയാണ്. ഈ മടക്കംകൊണ്ട് ടൂറിസം രംഗത്തെയും വിനോദ യാത്രാ മേഖലയിലെയും ഡിമാൻഡ് ഉയർന്നതായാണ് ഞങ്ങൾ കാണുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ സമർപ്പിച്ച വിസ അപേക്ഷകളുടെ എണ്ണത്തെ അപേക്ഷിച്ച്  ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ വിഎഫ്എസ് ഗ്ലോബലിന് ഇരട്ടി അപേക്ഷകൾ ലഭിച്ചു.

ചോദ്യം: ഡിമാൻഡ് വർദ്ധനവ് മൂലമുള്ള പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് ധാരാളം മുൻകരുതൽ നടപടികളും  സേവനങ്ങളും പുറത്തുവരുന്നുണ്ടല്ലോ. പ്രക്രിയകൾ ലളിതവും എളുപ്പവുമാക്കുന്നതിന് വിഎഫ്എസ് ഗ്ലോബൽ അവതരിപ്പിച്ച പുതിയ പദ്ധതികൾ എന്തൊക്കെയാണ്?

ഞങ്ങൾ പ്രോസസിങ് പൂർണ്ണമായും ഓൺലൈനായി സജ്ജീകരിച്ചിരിക്കുകയാണ്. ഇന്ത്യക്കാർക്കുള്ള ഒസിഐ കാർഡ്,  പാസ്‌പോർട്ട്, വിസ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ വീട്ടിൽ നിന്ന് തന്നെ അപേക്ഷിക്കാൻ ഇതിലൂടെ എളുപ്പത്തിൽ സാധിക്കും. ഓൺലൈനായി മുഴുവൻ പേയ്‌മെന്റും നടത്താൻ കഴിയുന്ന എൻഡ് ടു എൻഡ് ഓൺലൈൻ പ്രക്രിയകളുമുണ്ട്. ഓൺലൈൻ പ്രോസസ് പൂർത്തിയാക്കി ഡോക്യുമെന്റുകളും തയ്യാറായിക്കഴിഞ്ഞാൽ,  അവ കൊറിയർ വഴി ഞങ്ങൾക്ക് അയച്ചാൽ മതി. നിങ്ങളുടെ ഡോക്യുമെന്റുകളുടെ കാര്യത്തിൽ തീരുമാനമെടുത്ത ശേഷം, അവ  വീട്ടിലേക്ക് തിരികെ എത്തിക്കും. ഒരു ഘട്ടത്തിലും നിങ്ങൾക്ക്  വീടുവിട്ട് പുറത്തുപോകേണ്ട  ആവശ്യമില്ലെന്ന് സാരം.

ഫോണിലൂടെയുള്ള ഹെൽപ്പ്ലൈനുകൾ വഴി ഫോം പൂരിപ്പിക്കാനുള്ള  സഹായവും അവതരിപ്പിച്ചിട്ടുണ്ട്. ഫോം പൂരിപ്പിക്കാൻ സഹായം വേണമെങ്കിൽ അപേക്ഷകന് ഞങ്ങളെ വിളിക്കുകയോ വെബ്‌സൈറ്റിലൂടെ ബന്ധപ്പെടുകയോ ചെയ്യാവുന്ന രീതിയിൽ കാര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.  അപ്പോയിന്റ്മെന്റ് എടുത്തുകഴിഞ്ഞാൽ, ഒരു ഏജന്റ് നിങ്ങളെ വിളിക്കുകയും ഫോമുകൾ പൂരിപ്പിക്കുന്നതിനും  ഫോട്ടോഗ്രാഫ് അപ്‌ലോഡ് ചെയ്യുന്നതിനും അനുബന്ധ സേവനങ്ങൾക്കും ആവശ്യമായ സഹായം നൽകും. നിരന്തരമായി ഉപഭോക്താക്കളിൽ നിന്ന് ഫീഡ്‌ബാക്ക് എടുത്തുകൊണ്ട്, പ്രോസസ് മെച്ചപ്പെടുത്താനും ശ്രമിക്കുന്നുണ്ട്.

സമയോചിതമായി തന്നെ ആപ്ലിക്കേഷനുകളുടെ  പ്രോസസ്സിംഗ് എളുപ്പത്തിലും ലളിതമായും നടക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുക എന്നതാണ് ഉദ്ദേശം. ഫോട്ടോ എടുക്കാനും മറ്റു രേഖകൾ പകർത്താനും  അപേക്ഷയുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾക്കും ഞങ്ങളുടെ കേന്ദ്രങ്ങളിൽ സൗകര്യമുണ്ട്. ഞങ്ങളുടെ ഓഫീസുകളിൽ നേരിട്ട് ഒറ്റത്തവണ വന്നാൽ, എല്ലാക്കാര്യങ്ങളും നടത്തി തിരിച്ചുപോകാം.  ഇന്ത്യൻ എംബസി അംഗീകരിച്ച എല്ലാ സഹായവും ഞങ്ങളുടെ ഓഫിസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഓൺലൈൻ സൗകര്യങ്ങൾ സമാന്തരമായി തുടരുമ്പോൾ, എല്ലാ സേവനങ്ങളും ഇപ്പോൾ നേരിട്ടും ലഭ്യമാണെന്ന് ആളുകൾക്ക് അറിയാമെന്നും ഞങ്ങൾ ഉറപ്പാക്കുന്നു. ഓഫീസുകളിൽ വരാൻ കഴിയാത്തവർക്കായി, ഞങ്ങളുടെ ടീം, കോൺസുലാർ ക്യാമ്പുകൾ വഴി സേവനം എത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ കമ്മ്യൂണിറ്റിയുമായി കൂടുതൽ അടുത്തിടപഴകാൻ, ഈ ക്യാമ്പുകൾ സഹായകമായി. പല സ്ഥലങ്ങളിലും വിജയകരമായി ക്യാമ്പുകൾ വിജയകരമായി പൂർത്തിയാക്കി. അടുത്ത ഏതാനും മാസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.

ചോദ്യം: കോൺസുലർ ക്യാമ്പുകളോട് പൊതുവേ ആളുകളുടെ പ്രതികരണം എങ്ങനെയാണ്? ഇതുവരെ ഏതൊക്കെ മേഖലകളിൽ ക്യാമ്പുകൾ നടന്നു? ഭാവിയിൽ ഏതൊക്കെ സ്ഥലങ്ങളിൽ കൂടി നടത്താനാണ് ഉദ്ദേശിക്കുന്നത്?

 കോൺസുലർ ക്യാമ്പുകൾ എന്നത് വളരെ നല്ല ആശയമായാണ് പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാക്കുന്നത്. ഇന്ത്യൻ എംബസിയും കോൺസുലേറ്റും ഞങ്ങളുമായി വളരെ യോജിച്ചാണ്  പ്രവർത്തിക്കുന്നത്.
ക്യാമ്പുകൾ നടത്താൻ ക്ഷണം ലഭിച്ച സ്ഥലങ്ങളിൽ, എംബസിയിലൂടെയും അനുബന്ധ കോൺസുലേറ്റുകളിലൂടെയും നിരവധി സംഘടനകളുമായി ചേർന്നാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്.

വിദഗ്ധരുടെയും പരിശീലനം ലഭിച്ച ജീവനക്കാരുടെയും ടീം ക്യാമ്പിന് മുമ്പ് ഈ സ്ഥലങ്ങൾ സന്ദർശിക്കുകയും, അപ്പോയിന്റ്മെന്റ് സിസ്റ്റം സജ്ജീകരിക്കുകയും ചെയ്യും. പ്രോസസിംഗ് സുഗമമാക്കുന്നുവെന്നും ആളുകൾ ആവശ്യമായ രേഖകൾ സഹിതം തയ്യാറാണെന്നും  ഉറപ്പാക്കാൻ ഈ രീതി ഗുണം ചെയ്തിട്ടുണ്ട്. മാർഗ്ഗനിർദ്ദേശ രേഖയെ ആശ്രയിച്ചാണ്  ക്യാമ്പിൽ ഞങ്ങളുടെ ജീവനക്കാർ അപേക്ഷകൾ സ്വീകരിക്കുന്നതും  വേണ്ട നടപടികൾ കൈക്കൊള്ളുന്നതും. ഏതെങ്കിലും ഡോക്യുമെന്റ് നഷ്‌ടപ്പെടുകയോ, തെറ്റ് തിരുത്തപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ, ഞങ്ങളുടെ ജീവനക്കാർ അത് ആ ലൊക്കേഷനിൽ തന്നെ പരിഹരിക്കാൻ ശ്രമിക്കും. ഇതുവഴി, ഓഫീസ് ലൊക്കേഷനുകളിലേക്ക് യാത്ര ചെയ്യാൻ ആളുകൾ എടുക്കുന്ന സമയംകൂടി ലാഭിക്കാനാകും.

കോൺസുലർ ക്യാമ്പുകളെ ആളുകൾ അഭിനന്ദിക്കുന്നതോടൊപ്പം തന്നെ അപേക്ഷകരുടെ സാമാന്യം മികച്ച പങ്കാളിത്തം ലഭിക്കുന്നു. ഇത്രയും വലിയ വിജയം ഞങ്ങളുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. ക്യാമ്പിൽ ലഭിച്ച അപേക്ഷകൾ സ്വീകരിച്ചശേഷം അവ ഞങ്ങളുടെ ഓഫീസിലേക്ക് തിരിച്ചയക്കുകയും സാധാരണരീതിയിൽ തന്നെ പ്രോസസിംഗ് പ്രക്രിയ നടക്കുകയും ചെയ്യും. ഞങ്ങളുടെ കോൺസുലർ ക്യാമ്പുകൾ സാധാരണയായി ശനിയാഴ്ചകളിലാണ് സംഘടിപ്പിക്കുന്നത്. ജോലിക്കും മറ്റും പോകുന്നവർക്ക് സൗകര്യപ്രദമാകും എന്ന നിലയ്ക്കാണ് അവധിദിവസം ഇതിനായി തിരഞ്ഞെടുത്തത്.

ഈ വർഷം മാത്രം 6 നഗരങ്ങളിലായി 16 കോൺസുലർ ക്യാമ്പുകൾ  വിജയകരമായി പൂർത്തിയാക്കി. ഇന്ത്യൻ എംബസിയുടെയും ന്യൂയോർക്ക് കോൺസുലേറ്റിന്റെയും ചിക്കാഗോ കോൺസുലേറ്റിന്റെയും മറ്റും അധികാരപരിധിയിൽ ഇതുവരെ പങ്കെടുത്തിട്ടുണ്ട്. സാൻഫ്രാൻസിസ്കോ കോൺസുലേറ്റിന്റെ അധികാരപരിധിയിലെ ഏതാനും ക്യാമ്പുകളിൽ ഉടൻ പങ്കെടുക്കും. ഇത്തരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ ഏതെങ്കിലും അസോസിയേഷനോ ഗ്രൂപ്പോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ ബന്ധപ്പെട്ടാൽ ഞങ്ങൾ അവിടെ എത്തുന്നതായിരിക്കും.  ഏത് പ്രദേശത്തും ക്യാമ്പുകൾ നടത്താൻ ഞങ്ങൾ തയ്യാറാണ്. ഇനിയും ഈ പ്രക്രിയ തുടരാനാണ് ഉദ്ദേശം.

ഒരു ക്യാമ്പ് നടത്താമെന്ന് ഉറപ്പായാൽ അതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ഞങ്ങളുടെ വെബ്‌സൈറ്റിൽ മുൻകൂട്ടി നൽകും. അങ്ങനെ ചെയ്യുന്നതുകൊണ്ടാണ് സമീപപ്രദേശത്തെ ആളുകൾക്ക് ക്യാമ്പിൽ യഥാസമയം എത്തിച്ചേരാൻ സാധിക്കുന്നത്. ക്യാമ്പുകൾ എവിടെയാണ് ഉടനടി വരാനിരിക്കുന്നതെന്ന് ഞങ്ങളുടെ വെബ്‌സൈറ്റിൽ അറിയിപ്പുണ്ടോ എന്ന് നോക്കി ആളുകൾക്ക് ഉറപ്പിക്കാനാകും. ഉപഭോക്താക്കൾ ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനും ഡോക്യുമെന്റേഷൻ സഹിതം തയ്യാറെടുക്കുന്നതിനും ഞങ്ങൾ അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ വളരെ നേരത്തെ തന്നെ തുറക്കും. നിങ്ങൾ അപ്പോയിന്റ്മെന്റ് മുൻകൂട്ടി എടുത്ത ശേഷം വരണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. എങ്കിലേ, കൂടുതൽ തയ്യാറെടുക്കാനും ആവശ്യമായ പിന്തുണ നൽകാൻ പര്യാപ്തമായ ടീമിനെ സജ്ജമാക്കാനും ഞങ്ങൾക്കും കഴിയൂ.
 
ചോദ്യം: ഏതെങ്കിലും പ്രത്യേക മേഖലയിലുള്ള അസോസിയേഷനുകൾക്കും ഗ്രൂപ്പുകൾക്കും കോൺസുലർ ക്യാമ്പുകൾക്ക് വേണമെന്നുണ്ടെങ്കിൽ നിങ്ങളെ ബന്ധപ്പെടാനാകുമോ?

 തീർച്ചയായും. അത്തരം അഭ്യർത്ഥനകൾ സ്വീകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളു. കോൺസുലേറ്റുകളുമായും എംബസിയുമായും ചേർന്ന് പ്രവർത്തിക്കുന്നതുകൊണ്ടുതന്നെ ഞങ്ങൾക്ക് ഏതെങ്കിലും ഫെഡറേഷനോ അസോസിയേഷനോ ഒരു ക്യാമ്പിന്റെ ആവശ്യകതയുണ്ടെങ്കിൽ  ഞങ്ങളെ ബന്ധപ്പെടാൻ മടിക്കേണ്ടതില്ല. ഞങ്ങൾക്കുള്ള അഭ്യർത്ഥന എംബസിയിലോ കോൺസുലേറ്റിലോ കൈമാറാം. Communications@vfsglobal.com എന്ന വിലാസത്തിൽ ഇമെയിൽ അയച്ചും നിങ്ങൾക്ക് ഞങ്ങളുമായി നേരിട്ട് ബന്ധപ്പെടാം.

ചോദ്യം: തീരുമാനങ്ങൾ  വേഗത്തിലാക്കാൻ നിങ്ങൾ പുതിയതായി അവതരിപ്പിച്ച സേവനങ്ങൾ ഏതൊക്കെയാണ്?

ആപ്ലിക്കേഷൻ സെന്റർ സന്ദർശിക്കുന്നതിന് മുൻപുതന്നെ അപേക്ഷാ രേഖകൾ പരിശോധിച്ചുറപ്പിക്കാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിലൂടെ സമയം ലാഭിക്കാൻ സാധിക്കുന്ന രീതിയിലാണ് ക്ലയന്റ് മിഷനുകൾക്കായുള്ള ഡിജിറ്റൽ ഡോക്യുമെന്റ് ചെക്ക് പോലുള്ള സേവനങ്ങൾ ഞങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഫോം പൂരിപ്പിക്കൽ പ്രക്രിയയും മെച്ചപ്പെടുത്തിയിട്ടുണ്ട്. പ്രോസസിംഗിന്റെ കൃത്യതയും വേഗതയും ഉറപ്പാക്കിക്കൊണ്ട്, വീട്ടിൽ നിന്ന് തന്നെ ഡിജിറ്റലായി അപ്‌ലോഡ് ചെയ്യാനും  പൂർത്തിയാക്കാനും സാധിക്കും. ഞങ്ങളുടെ കോൾ സെന്ററിൽ നിന്നും സഹായം സ്വീകരിക്കാനും കഴിയും.

ചോദ്യം? കോവിഡ്   വൈറസിന്റെ വിവിധ വകഭേദങ്ങൾ ഇപ്പോൾ ഉയർന്നുവരുന്നതിനാൽ, യാത്രയുടെ സമീപകാല ഭാവിയെക്കുറിച്ച് എന്തെങ്കിലും ആശങ്കകൾ   കാണുന്നുണ്ടോ?

മിക്ക രാജ്യങ്ങളിലും വാക്സിനേഷൻ വ്യാപകമായതിനാൽ, ഇപ്പോൾ കാര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് അമേരിക്കയിൽ, കാര്യങ്ങൾ വളരെ പോസിറ്റീവായി കാണപ്പെടുന്നത്. ഈ വേനൽക്കാലത്ത് ഇപ്പോൾ കണ്ടുവരുന്നതുപോലെതന്നെ, വരുംമാസങ്ങളിൽ കൂടുതൽ യാത്രകൾ നടക്കാൻ സാധ്യതയുണ്ട്.

വിഎഫ്എസ് ഗ്ലോബലിലെ  ഞങ്ങളുടെ എല്ലാ ഓഫീസുകളിലും എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും കർശനമായി പാലിക്കുന്നുണ്ട്. ഞങ്ങളുടെ എല്ലാ ജീവനക്കാരും മാസ്‌ക്ക് ധരിക്കുന്നുണ്ടെന്നും ഉറപ്പുനൽകുന്നു. അപേക്ഷകരും ഓഫീസുമായി ബന്ധപ്പെടുമ്പോൾ സമാനമായിത്തന്നെ എല്ലായ്‌പ്പോഴും നിയമങ്ങൾ പാലിക്കണമെന്നും നിർബന്ധമാണ്. എവിടെയായിരുന്നാലും അതാത്  സംസ്ഥാനത്തിന്റെ നിയമം പാലിക്കുകയും സിഡിസി മാർഗ്ഗനിർദ്ദേശങ്ങൾ വളരെ കൃത്യമായി പിന്തുടരുകയും ചെയ്താൽ കോവിഡിൽ ആശങ്കപ്പെടേണ്ടതില്ല. മഹാമാരി അവസാനിച്ചെന്നും ഏറ്റവും മോശമായ ഘട്ടം നമ്മൾ കടന്നു എന്നും തന്നെയാണ് കരുതുന്നത്.

# VFS global

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക