Image

യുക്മ ദേശീയ കലാമേള നഗര്‍ നാമനിര്‍ദേശക, ലോഗോ മത്സരത്തില്‍ സോണിയ ലൂബിയും ഡോണി ജോര്‍ജ് ജോസഫും വിജയികളായി

Published on 27 October, 2022
 യുക്മ ദേശീയ കലാമേള നഗര്‍ നാമനിര്‍ദേശക, ലോഗോ മത്സരത്തില്‍ സോണിയ ലൂബിയും ഡോണി ജോര്‍ജ് ജോസഫും വിജയികളായി

 

ലണ്ടന്‍: നവംബര്‍ 5 ന് ചെല്‍റ്റന്‍ഹാമില്‍് നടക്കുന്ന പതിമൂന്നാമത് യുക്മ ദേശീയ കലാമേള നഗര്‍ നാമനിര്‍ദ്ദേശക, ലോഗോ മത്സരങ്ങളുടെ വിജയികളെ യുക്മ ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. യുകെ മലയാളികള്‍ക്കിടയില്‍ നടത്തിയ നഗര്‍ നാമനിര്‍ദ്ദേശക മത്സരത്തില്‍ നിരവധിയാളുകള്‍ ആവേശപൂര്‍വം പങ്കെടുത്തു. നിരവധി പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടുവെങ്കിലും എട്ട് പതിറ്റാണ്ടിലധികം ഇന്ത്യന്‍ സംഗീത ലോകത്ത് ചക്രവര്‍ത്തിനിയായി വിരാജിച്ച അതുല്ല്യ സംഗീത പ്രതിഭ മണ്‍മറഞ്ഞ ''ലത മങ്കേഷ്‌കര്‍'' ന്റെ പേരാണ് കലാമേള നഗറിന് വേണ്ടി തെരഞ്ഞെടുക്കപ്പെട്ടത്.

ഈസ്റ്റ് ലണ്ടനില്‍ നിന്നുള്ള സോണിയ ലൂബി ബാര്‍ട്ട്‌സ് ഹെല്‍ത്ത് എന്‍.എച്ച്.എസ് ട്രസ്റ്റില്‍ പ്രിസപ്റ്റര്‍ഷിപ്പ് പ്രോഗ്രാം ലീഡ് ആയി ജോലി ചെയ്യുന്നു. ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്‍ വണ്ണിലെ സജീവാംഗമായ സോണിയ, യുഎന്‍എഫ് ദേശീയ നേതൃനിരയിലെ ഒരു പ്രമുഖാംഗമാണ്. പുതുതായി യുകെയില്‍ എത്തുന്ന മലയാളി നഴ്‌സുമാര്‍ക്കായി യുഎന്‍എഫ് നടത്തുന്ന ട്രെയിനിംഗ്കള്‍ക്ക് നേതൃത്വം നല്‍കുന്നതും സോണിയയാണ്. ആങ്കറിംഗ് ഏറെ ഇഷ്ടപ്പെടുന്ന സോണിയ, യുകെകെസിഎ. ദേശീയ സമ്മേളനം ഉള്‍പ്പടെയുള്ള പ്രോഗ്രാമുകളുടെ ആങ്കറിംഗ് വളരെ ഭംഗിയായി നടത്തിയിട്ടുണ്ട്.

 

യു.കെ മലയാളികള്‍ക്കായി നടത്തിയ കലാമേള ലോഗോ മത്സരത്തില്‍ ലണ്ടനില്‍ താമസിക്കുന്ന ഡോണി ജോര്‍ജ് ജോസഫാണ് വിജയിയായത്. നിരവധി മത്സരാര്‍ഥികള്‍ പങ്കെടുത്ത ലോഗോ ഡിസൈന്‍ മത്സരത്തില്‍ ശ്രദ്ധേയമായ നിരവധി ഡിസൈനുകളില്‍ നിന്നാണ് വിജയിയെ കണ്ടെത്തിയത്. ഡോണി തയാറാക്കിയ ലോഗോ ആശയപരമായും സാങ്കേതികമായും ഏറെ മികച്ചതെന്ന് ജഡ്ജിംഗ് പാനല്‍ വിലയിരുത്തിയതായി മത്സര വിജയികളെ പ്രഖ്യാപിച്ച് കൊണ്ട് യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ അറിയിച്ചു.


കലാമേള നഗര്‍ നാമനിര്‍ദ്ദേശക മത്സരത്തില്‍ വിജയിയായ സോണിയക്ക് ഫലകവും ലോഗോ മത്സരത്തില്‍ വിജയിയായ ഡോണിക്ക് ക്യാഷ് അവാര്‍ഡും ഫലകവും നവംബര്‍ 5 ന് ചെല്‍റ്റന്‍ഹാമിലെ ദേശീയ കലാമേള വേദിയില്‍ സമ്മാനിക്കുന്നതാണ്. ലണ്ടന്‍ സിഡന്‍ഹാമിലെ സ്‌നാപ്പി സ്‌നാപ്‌സില്‍ വിഷ്വല്‍ ഡിസൈനറായി ജോലി ചെയ്യുന്ന ഡോണി കോട്ടയം ജില്ലയിലെ കുറവിലങ്ങാട്, വളയനാനിക്കല്‍ കുടുംബാംഗമാണ്. കുടുംബസമേതം ലണ്ടനില്‍ താമസിക്കുന്ന ഡോണി ഓഗസ്റ്റ് 27 ന് നടന്ന യുക്മ കേരള പൂരം വള്ളംകളി മത്സരത്തിന്റെ ലോഗോ മത്സരത്തില്‍ പങ്കെടുത്ത് പ്രോത്സാഹന സമ്മാനത്തിന് അര്‍ഹനായിരുന്നു.

പതിമൂന്നാമത് ദേശീയ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് യുക്മ സൗത്ത് വെസ്റ്റ് റീജിയണ്‍ ആണ്. ഗ്ലോസ്റ്റര്‍ഷയറിലെ ചരിത്ര പ്രസിദ്ധമായ ചെല്‍റ്റന്‍ഹാമിലാണ് ഇക്കുറി യുക്മ ദേശീയ കലാമേളയുടെ അരങ്ങുണരുന്നത്. കുതിരയോട്ട മത്സരങ്ങള്‍ക്കും ഫെസ്റ്റിവലുകള്‍ക്കും പേരു് കേട്ട ചെല്‍റ്റന്‍ഹാമിലേയ്ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരന്‍മാരെയും കലാകാരികളെയും യുക്മ പ്രവര്‍ത്തകരെയും സസന്തോഷം സ്വാഗതം ചെയ്യുന്നതായി യുക്മ ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്, കലാമേള ദേശീയ കോര്‍ഡിനേറ്റര്‍ ജയകുമാര്‍ നായര്‍, സൌത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് സുജു ജോസഫ്, ദേശീയ സമിതി അംഗം ടിറ്റോ തോമസ് എന്നിവര്‍ അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക