Image

അയര്‍ലന്‍ഡിലും ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രിയാകും

Published on 27 October, 2022
 അയര്‍ലന്‍ഡിലും ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രിയാകും

 

ഡബ്ലിന്‍: ബ്രിട്ടനില്‍ ഋഷി സുനാക്കിനു പിന്നാലെ അയല്‍രാജ്യമായ അയര്‍ലന്‍ഡിലും ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രിപദത്തിലേക്ക്. ഫിനഗേല്‍ പാര്‍ട്ടി ലീഡറും നിലവില്‍ ഉപപ്രധാനമന്ത്രിയുമായ ലിയോ വരാദ്കറാണ് ഡിസംബര്‍ 15ന് ഐറിഷ് പ്രധാനമന്ത്രിപദമേറ്റെടുക്കാനിരിക്കുന്നത്.

കൂട്ടുമന്ത്രിസഭാ ധാരണ പ്രകാരം ലിയോയാണ് ഇപ്പോഴത്തെ മന്ത്രിസഭയുടെ അവസാന ടേമില്‍ പ്രധാനമന്ത്രിയാകേണ്ടത്. രണ്ടര വര്‍ഷക്കാലമായിരിക്കും കാലാവധി. ഫീയനാഫോള്‍ നേതാവ് മീഹോള്‍ മാര്‍ട്ടിനാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി. നാല്പത്തിമൂന്നുകാരനായ ലിയോയുടെ രണ്ടാമൂഴമായിരിക്കും ഇത്.


2017ല്‍ ലിയോ വരാദ്കര്‍ മുപ്പത്തെട്ടാമത്തെ വയസില്‍ പ്രധാനമന്ത്രിപദത്തിലെത്തിയിരുന്നു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടാഞ്ഞതിനാലാണ് കൂട്ടുകക്ഷി ഭരണം വേണ്ടിവന്നത്. 2011-16 കാലഘട്ടത്തില്‍ ലിയോ വിവിധ വകുപ്പുകളില്‍ മന്ത്രിയായിരുന്നു.


1960 കളില്‍ മുംബൈയില്‍നിന്നു ബ്രിട്ടനിലേക്ക് കുടിയേറിയ ഡോ. അശോക് വരദ്കറുടെയും ബ്രിട്ടനില്‍ നഴ്സായിരുന്ന അയര്‍ലണ്ടിലെ വാട്ടര്‍ഫോര്‍ഡ്കാരിയായ മിറിയത്തിന്റെയും മകനാണ് ലിയോ.

പിന്നീട് ലിയോയുടെ കുടുംബം ബ്രിട്ടനില്‍നിന്ന് അയര്‍ലണ്ടിലേക്കു കുടിയേറുകയായിരുന്നു. ട്രിനിറ്റി കോളജില്‍നിന്നു മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ ലിയോ കുറച്ചു കാലം മുംബൈയില്‍ ഡോക്ടറായി സേവനം ചെയ്തിരുന്നു.

ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക