Image

മാര്‍പാപ്പയുടെ ബഹ്‌റിന്‍ പര്യടനത്തിന് തുടക്കം

Published on 03 November, 2022
 മാര്‍പാപ്പയുടെ ബഹ്‌റിന്‍ പര്യടനത്തിന് തുടക്കം

 

വത്തിക്കാന്‍ സിറ്റി: മതങ്ങള്‍ തമ്മിലുള്ള ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് (വ്യാഴം) ബഹ്‌റിന്‍ പര്യടനം ആരംഭിക്കും.

ഭൂമിയില്‍ സന്മനസുള്ളവര്‍ക്കു സമാധാനം എന്ന സുവിശേഷവാക്യമാണു മാര്‍പാപ്പയുടെ 39-ാം അപ്പസ്‌തോലിക പര്യടനത്തിന്റെ മുദ്രാവാക്യം. വിദേശയാത്രകള്‍ക്കു മുന്പ് പതിവുള്ളതുപോലെ മാര്‍പാപ്പ ഇന്നലെ റോമിലെ മാതാവിന്റെ വലിയപള്ളി സന്ദര്‍ശിച്ചു പ്രാര്‍ഥിക്കുകയും യാത്രയെ മാതാവിന്റെ സംരക്ഷണത്തിനു സമര്‍പ്പിക്കുകയും ചെയ്തു.

ഇന്നും നാളെയുമായി നടക്കുന്ന 'ബഹ്‌റിന്‍ സംവാദ വേദി' സമ്മേളനത്തില്‍ പങ്കെടുക്കലാണ് അവിടെ മാര്‍പാപ്പായുടെ മുഖ്യപരിപാടി. 'കിഴക്കും പടിഞ്ഞാറും മനുഷ്യ സഹവര്‍ത്തിത്വത്തിന്' എന്ന വിഷയത്തിലൂന്നി നടക്കുന്ന സമ്മേളനത്തില്‍ ഇരുനൂറോളം മതനേതാക്കള്‍ പങ്കെടുക്കും.

ബഹ്‌റിന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ മാര്‍പാപ്പയെ നേരിട്ടു ക്ഷണിച്ചിരുന്നു.
ഞായറാഴ്ച വരെയാണു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം. ഇന്നു രാവിലെ റോമില്‍നിന്നു വിമാനം കയറുന്ന അദ്ദേഹം വൈകുന്നേരം അവാലിയിലെ വിമാനത്താവളത്തില്‍ ഇറങ്ങും. തുടര്‍ന്ന് ഹമദ് രാജാവിനെ കൊട്ടാരത്തില്‍ സന്ദര്‍ശിക്കും.

വെള്ളിയാഴ്ച 'ബഹ് റിന്‍ സംവാദ വേദി' സമാപന സമ്മേളനത്തില്‍ പങ്കെടുത്തശേഷം ഈജിപ്തിലെ അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമും അടുത്ത സുഹൃത്തുമായ ഷെയ്ഖ് അഹമ്മദ് അല്‍ തയ്യിബുമായി മാര്‍പാപ്പ സ്വകാര്യ കൂടിക്കാഴ്ച നടത്തും.

അവാലിയിലെ 'അറേബ്യയുടെ നാഥയായ മറിയത്തിന്റെ കത്തീഡ്രലില്‍' എക്യുമെനിക്കല്‍ സമ്മേളനത്തിലും സമാധാന പ്രാര്‍ഥനയിലും പങ്കെടുക്കും.

ശനിയാഴ്ച മാര്‍പാപ്പ ബഹ്‌റിന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഞായറാഴ്ച മനാമയിലെ തിരുഹൃദയ പള്ളിയില്‍ ബിഷപ്പുമാരും വൈദികരുമായി കൂടിക്കാഴ്ച. വൈകുന്നേരം റോമിലേക്കു മടങ്ങും.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രണ്ടാം ഗള്‍ഫ് പര്യടനമാണിത്. അറബിരാജ്യത്തു നടത്തുന്ന ഏഴാമത്തെയും ബഹ്‌റിനില്‍ നടത്തുന്ന ആദ്യത്തെയും സന്ദര്‍ശനവുമാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക