MediaAppUSA

എം.മുകുന്ദന് പ്രവാസി മുദ്ര അവാര്‍ഡ്; ഇ എം അഷ്‌റഫ് പ്രവാസി പ്രതിഭ

Published on 05 November, 2022
 എം.മുകുന്ദന് പ്രവാസി മുദ്ര അവാര്‍ഡ്; ഇ എം അഷ്‌റഫ് പ്രവാസി പ്രതിഭ

 


ദമാം : സൗദി മലയാളം സമാജത്തിന്റെ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ എം. മുകുന്ദനാണ് പ്രവാസി മുദ്ര അവാര്‍ഡ്. മുകുന്ദന്റെ പ്രവാസം നോവലിനാണ് അവാര്‍ഡ് . പ്രവാസികളുടെ തിരിച്ചുവരവിലെ ദുഃഖം പ്രകടമാക്കിയ ഉരു സിനിമയുടെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഇ.എം. അഷ്‌റഫ് പ്രവാസി പ്രതിഭ പുരസ്‌കാരത്തിന് അര്‍ഹനായി. അരലക്ഷം രൂപയും പ്രശസ്തി പത്രവും ദമാം ദാര്‍ അശിഹ ഓഡിറ്റോറിയത്തില്‍ നവംബര്‍ 17 രാത്രി 8ന് നടക്കുന്ന ചടങ്ങില്‍ നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജമാല്‍ കൊച്ചങ്ങാടി ചെയര്‍മാനായുള്ള ജൂറി കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. 1974 ല്‍ പുറത്തിറങ്ങിയ മയ്യഴി പുഴയുടെ തീരങ്ങളില്‍ മുകുന്ദന്റെ ഏക്കാലത്തേയും ശ്രദ്ധേയ നോവലായി നിലനില്‍ക്കുന്നു. 1989ല്‍ പുറത്തിറങ്ങിയ ദൈവത്തിന്റെ വികൃതികള്‍ പിന്നീട് സിനിമ ആവുകയും സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം നേടുകയും ചെയ്തിരുന്നു. പ്രവാസവും, ദള്‍ഹിയും, കേശവന്റെ വിലാപങ്ങളും, കുടനന്നാക്കുന്ന ചോയിയുമെല്ലാം മലയാളത്തില്‍ ഇന്നും ഏറെ പുതുമയോടെ വായിക്കപ്പെടുന്ന മുകുന്ദന്‍ കഥകളാണ്. 2011 ല്‍ പുറത്തിറങ്ങിയ ദള്‍ഹി ജെ.സി. അവാര്‍ഡ് നേടി എന്നതുമാത്രമല്ല, ബുക്കര്‍ പ്രൈസിന് പരിഗണിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ ഫ്രഞ്ച് ഉല്‍പടെയുള്ള നിരവധി വിദേശ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ഉല്‍പടെ നിരവധി അംഗീകരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്.

സിനിമ സംവിധായകന്‍, തിരക്കഥാകൃത്ത് , ജീവചരിത്രകാരന്‍, മാധ്യമപ്രവര്‍ത്തകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭയാണ് ഇ.എം. അഷ്‌റഫ്. മാധ്യമപ്രവര്‍ത്തന മേഖലയില്‍ 35 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മികച്ച മാധ്യമപ്രവര്‍ത്തകനുള്ള കേരളപ്രസ് അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൈരളി ടിവിയുടെ മിഡ്ഡിലീസ്റ്റ് ന്യൂസ് ആന്‍ഡ് പ്രോഗ്രാം ഡയറക്ടര്‍ ആയിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍, സ്വാമി ആനന്ദ തീര്‍ത്ഥര്‍, സുകുമാര്‍ അഴിക്കോട് എന്നിവരുടെ ജീവചരിത്രങ്ങള്‍ എഴുതി. ബഷീര്‍ ജീവചരിത്രം തമിഴ് അറബ് ഭാഷകളില്‍ പരിഭാഷ വന്നിരുന്നു. ലോക പ്രശസ്ത ചിത്രകാരന്‍ എം.എഫ് ഹുസൈനുമായുള്ള അഭിമുഖം ഞാന്‍ എന്നും ഹിന്ദുസ്ഥാനി എന്ന പേരില്‍ ഡിസി ബുക്‌സും ബയേര്‍ ഫുട് പെയിന്റര്‍ എന്ന പേരില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷിലും ഹുസൈന്‍ എന്ന പേരില്‍ ഷാര്‍ജ ഗവണ്മെന്റ് അറബിക്കിലും പ്രസിദ്ധികരിച്ചു.

ഈ ഗ്രന്ഥത്തിന് ഷാര്‍ജ ഗവണ്‍മെന്റിന് മികച്ച അറബ് ഗ്രന്ഥത്തിനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. ഫിലിം അവബോധം, കയ്യൊപ്പുകള്‍ തുടങ്ങി സിനിമ സംബന്ധമായ അഞ്ചു പുസ്തകങ്ങള്‍ എഴുതി. മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ബഷീര്‍ സാഹിത്യ ഗവേഷണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഫെല്‍ലോഷിപ്പിന് അര്‍ഹനായി. ജ്ഞാനപീഠം ലഭിച്ച കന്നഡ എഴുത്തുകാരന്‍ ഡോ. ശിവറാം കാരന്ത സാഹിത്യം ആസ്പദമാക്കി കന്നഡ ഭാഷയില്‍ ബാലാവണത ജാദുഗാര എന്ന നോവല്‍ എഴുതി. പ്രേംനസീര്‍ പുരസ്‌കാരമുല്‍പടെ നിരവധി അംഗീകാരങ്ങള്‍ നേടിയ ഉരു എന്ന സിനിമ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ചു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക