MediaAppUSA

താമരക്കാലന്‍ കരള്‍ തുരക്കുന്നു(പുസ്തക നിരൂപണം: ഐശ്വര്യ ശരത്)

ഐശ്വര്യ ശരത് Published on 14 November, 2022
താമരക്കാലന്‍ കരള്‍ തുരക്കുന്നു(പുസ്തക നിരൂപണം: ഐശ്വര്യ ശരത്)

നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ എത്രതന്നെ ഒരുക്കിയാലും മതിവരില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോഴും, 'മിതമായ ഒരുക്കങ്ങള്‍ക്കുതന്നെയാണ് കാണാന്‍ ചേല്' എന്ന കാഴ്ചപ്പാടാണ് എന്റേത്. ഇന്നത്തെക്കാലത്ത് ഒരുക്കങ്ങള്‍ എവിടെയും അധികമായി കണ്ടുവരുന്നുമുണ്ട്. അല്ലെങ്കില്‍ പുതുമ എന്നുപറഞ്ഞു ഒരുക്കമേതുമില്ലാതെ പിറന്നപടി നടക്കുക. ഇത് രണ്ടും കാണുന്നവരില്‍ മടുപ്പ് ഉളവാക്കും.

ഇക്കാലത്തു കഥകളുടെ  കാര്യത്തില്‍ പോലും വ്യത്യാസമേതുമില്ലതാനും. വ്യത്യസ്തമായ ആഖ്യാനവും, അധിക വര്‍ണ്ണനകളും ഉപമകളും നല്‍കി കഥയില്‍നിന്നും കഥാപാത്രങ്ങളില്‍ നിന്നും വ്യതിചലിച്ചും, വലിച്ചുനീട്ടി വായനക്കാരില്‍ വിരസതയുളവാക്കുന്നതുമായ കുറെ സമകാലിക കഥകള്‍; ഇവിടെയാണ് ആദര്‍ശ് വിപിന്റെ കഥകള്‍ വ്യത്യസ്തമാകുന്നതും വായനക്കാരോട് അടുത്തുനില്‍ക്കുന്നത്. 

'താമരക്കാലന്‍' നീണ്ട കാലുകളുള്ള കൊഞ്ചിന്റെ പുറത്തു കയറി സ്വപ്നങ്ങളിലേക്കു സഞ്ചരിക്കുന്ന പെണ്‍കുട്ടി, പുസ്തകം കൈയില്‍ എടുക്കുമ്പോള്‍ത്തന്നെ എന്നില്‍ ആകാംക്ഷ നിറച്ചു. അവിടെ  G Gopikrishnan ഗോപികൃഷ്ണന്‍, തന്റെ മികവില്‍ തീര്‍ത്ത കവര്‍ചിത്രം വായനക്കാരോട് സംവദിച്ചു തുടങ്ങുകയായി. B Murali ബി. മുരളിയുടെ അവതാരിക, കഥകളിലേക്കുള്ള വാതില്‍ സുതാര്യമാക്കി.
Shibi IG ഡോ. ഐ. ജി. ഷിബിയുടെ പഠനം ഓരോ കഥയുടെയും ആഴവും പരപ്പും അളന്നു തിട്ടപ്പെടുത്തിയത്.  അമ്മയുടേയും മകന്റെയും സ്‌നേഹത്തിന്റെ ഉള്‍ക്കാമ്പില്‍ തീര്‍ത്ത 'വെറുക്കപ്പെട്ട ഹീറോ' മുതല്‍, പുതുലോകത്തിന്റെ കഥ പറഞ്ഞുവച്ച 'ബ്ലെഡി മരിയ' വരെ പതിനാറുകഥകള്‍, വായിച്ചു തീര്‍ന്നിട്ടും കരളിലേയ്ക്കാഴ്ന്ന് വികാരങ്ങളുടെ വിക്ഷോഭം തീര്‍ക്കുന്നുണ്ട്.

ആദര്‍ശ് വിപിന്‍, തന്റെ കഥകളിലൂടെ പലതും യാഥാര്‍ത്ഥ്യമെന്ന് തെറ്റിധരിപ്പിക്കുകയും, എന്നാല്‍ എഴുത്തുകാരന്റെ കൗശലത്തോടെ കാല്പനികതയും ഭാവനയും ഇടകലര്‍ത്തി വായനക്കാരന്റെ മനസ്സിലേക്ക് കടത്തിവിടുകയുമാണിവിടെ എന്നുവേണം പറയാന്‍. കഥയ്ക്കല്ല, കഥകള്‍ക്ക് ഒരിക്കലും വേലിക്കെട്ടുകളോ ചുറ്റുമതിലുകളോ ഇല്ല. മനുഷ്യര്‍ ഉള്ളിടത്തെല്ലാം കഥകള്‍ ഉറവെടുക്കുന്നുവെന്ന് കാണിച്ചുതരികയാണ് ഈ പുസ്തകത്തിലൂടെ കഥാകാരന്‍. വലിയ ചിന്തകളും പരിശുദ്ധ ഖുറാനിലെ ആയത്തുകളും നാടന്‍ ശൈലികളും കഥകള്‍ ആവശ്യപ്പെടുന്നതിനനുസൃതമായി ചേര്‍ത്ത്, പച്ചയായ മനുഷ്യജീവിതങ്ങളുടെ വേറിട്ട മുഖങ്ങള്‍, വ്യത്യസ്ത കഥാപശ്ചാത്തലത്തിലൂടെ വ്യത്യസ്ത ജോണറുകളില്‍ വായനക്കാരിലേക്കെത്തുന്നു. 

സത്യം പറയുന്ന പെരും നുണയന്റെ കുമ്പസാരമാണ് 'കുലപതിയുടെ ശരത്കാലം' (Autumn of the Patriarch) എന്നാണ്, മാര്‍ക്കേസിന്റെ സുഹൃത്ത് മരിയ വേഗാസ് അദ്ദേഹത്തെ ക്കുറിച്ച് വിശേഷിപ്പിക്കുന്നത്. അതൊരിക്കലും ഒരു കുറ്റാരോപണമല്ല, മറിച്ച് എഴുത്തിന്റെ രഹസ്യത്തെപ്പറ്റിയുള്ള ഒരു പ്രസ്താവനയാണ്. ഇവിടെ എഴുത്തുകാരന്‍ നുണയുടെ രസക്കൂട്ടിലാണ് സത്യം പറയുന്നത് എന്ന് ഊന്നിക്കാണിച്ചുതരുകയാണ് 'ബ്ലെഡി മരിയ'യിലൂടെ. ദുബായ് എന്ന സ്വപ്ന നഗരത്തില്‍ ഒരേ മുറി പങ്കിടുന്ന നാല് സ്ത്രീകളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ദുബായും കൊച്ചുമുല്ലാക്കാനവും മാറിമാറി വന്ന് വായനക്കാരെ ഭ്രമിപ്പിച്ചുകൊണ്ടിരുന്നു, നഗരവും കാടും അല്ലെങ്കില്‍ നഗരവും നാട്ടിന്‍പുറവും തമ്മിലുള്ള അന്തരം അപര്‍ണയുടെ ചിന്തകളിലൂടെ വരച്ചിടുന്നുണ്ട്. ദിവസവും അപര്‍ണ എഴുതുന്ന ഡയയറിത്താളിലൂടെ കഥ വികസിക്കുന്നു. സ്വവര്‍ഗാനുരാഗികളായ ഡോണയും മരിയയും. ജോലിക്കിടയിലും ശരീരം വിറ്റും പൈസ സ്വരുക്കൂട്ടുന്ന ഗ്രേസി. എത്രയൊക്കെ പ്രതിസന്ധികള്‍ ഉണ്ടായിട്ടും കാലിടറാതെ അമ്മയും അമ്മമ്മയും പഠിപ്പിച്ച പാഠങ്ങളെ മുറുകെപ്പിടിച്ചു ജീവിക്കുന്ന അപര്‍ണ. ഈ കഥ ഒരിക്കലും അവസാനിക്കുന്നില്ല, കഥയുടെ തലക്കെട്ട് നല്‍ക്കുന്ന കൗതുകമവശേഷിപ്പിച്ച്, ഡോണയ്ക്കും മരിയക്കും ഗ്രേസിക്കുമെല്ലാം ഇനിയുമേറെ പറയുവാനുണ്ടെന്ന ഒരു തോന്നല്‍ ബാക്കിയാക്കിയാണ് കഥ അവസാനിക്കുന്നത്. 

എത്ര വലുതായിട്ടും കുട്ടിത്തം കാത്തുസൂക്ഷിക്കുന്ന, അല്ലെങ്കില്‍, സ്വന്തം അച്ഛനമ്മമാരുടെ കൊച്ചുകുഞ്ഞായി അവരോട് ചേര്‍ന്നിരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു മനസ്സ് ഈ കഥകളില്‍ എനിക്ക് കാണാനാക്കുന്നുണ്ട്, താമരക്കാലനിലെ പെണ്‍കുട്ടിയിലും ബ്ലഡിമരിയയിലും വെറുക്കപ്പെട്ട ഹീറോയിലുമെല്ലാം അത് നിഴലിക്കുന്നു. താമരക്കാലനിലെ പെണ്‍കുട്ടി പത്താംക്ലാസില്‍ എത്തുമ്പോഴേക്കും ഒരു കുടുംബത്തിന്റെ മുഴുവന്‍ ഭാരവും തലയിലേറ്റി, അച്ഛന്‍ ജോലി ചെയ്തിരുന്ന കൊഞ്ചു പീലിങ് ഫാക്ടറിയില്‍ ജോലിക്ക് പോകുമ്പോഴും അവിടത്തെ മാംസക്കൊതിയനായ മുതലാളി നുള്ളിപ്പറിച്ചു രുചിച്ചുനോക്കിയപ്പോഴും പക്വതയുള്ളവളായി  നിലകൊണ്ടു.  എങ്കിലും മരിച്ചുപോയ അച്ഛന്റെ ഓര്‍മ്മകളില്‍ അവളൊരു കൊച്ചുകുഞ്ഞായി ആ വിരലുകളില്‍ തൂങ്ങിയാടി. വിദേശങ്ങളില്‍ നിന്നുള്ള പണത്തിന്റെ വരവും കുഴിമാടങ്ങളെപ്പോലും പണത്തിന്റെ അളവുകോല്‍കൊണ്ട് വേര്‍തിരിക്കുന്നതും പാവങ്ങളുടെയും പണക്കാരുടെയും, ദൈവത്തേയും ആരാധനാലയങ്ങളെയും കുറിച്ചുള്ള വ്യാകുലതകളും വായനക്കാരെ ചിന്തിപ്പിക്കുന്നത്. ഇക്കാരണത്താല്‍ത്തന്നെയാണ് ഈ കഥ വര്‍ത്തമാനകാലത്തില്‍ പ്രസക്തമാകുന്നത്. മുഖചിത്രംപോലെതന്നെ, ഇതൊരു അതിജീവനത്തിന്റെ കഥകൂടിയായിരുന്നു.

കുറെയേറെ ചോദ്യങ്ങള്‍, ഉത്തരങ്ങള്‍ കണ്ടെത്താനുള്ള വിഫല ശ്രമങ്ങള്‍! 'ദിവ്യപ്രണയം'  വായിച്ചുകഴിഞ്ഞപ്പോള്‍ മനസ്സ് കുഴഞ്ഞു മറിഞ്ഞൊരു പരുവമായിരുന്നു. തന്റേടിയായ മൃദുലയും, ഇടിച്ചുപിഴിഞ്ഞു നീരെടുത്തു കുപ്പിയിലാക്കിക്കൊടുത്താല്‍ മാത്രം കുടിക്കുന്ന സാമും.  വേറിട്ട കഥാപശ്ചാത്തലവും പ്രയോഗങ്ങളും ഏറെ സുന്ദരം.  എങ്ങനെയൊക്കെ എത്തിപ്പെടാന്‍ ശ്രമിച്ചാലും  ഒരു സ്ത്രീയെന്നനിലയ്ക്ക് മനസ്സുകൊണ്ട് അംഗീകരിച്ചുതരാന്‍ കഴിയാത്ത പ്രസ്താവനകള്‍!
ഏറെ ചിന്തിക്കപ്പെടട്ടെ,  ചര്‍ച്ചചെയ്യപ്പെടട്ടെ,ഈ കഥ.

വ്യത്യസ്തമായ മാനസികാവസ്ഥയിലൂടെ സഞ്ചരിക്കുന്ന മൂന്നു സ്ത്രീകള്‍, കത്രീനയും മീനുവും സാറയും. അവര്‍ക്കിടയില്‍ വലിയ ചൂണ്ട കൊരുത്തിട്ട്,  കുടുക്കാന്‍ കാത്തിരിക്കുന്ന കുര്യാക്കോസ്. ദ്വയാര്‍ത്ഥത്തില്‍ സംസാരിച്ചും രക്തമൂറ്റിക്കുടിച്ചും നോട്ടംകൊണ്ടുപോലും ബലാല്‍ക്കാരം ചെയ്യുന്ന എത്രയെത്ര കുരിയാക്കോസന്മാര്‍ നമുക്കിടയില്‍ വെളുക്കനേ ചിരിച്ചുകൊണ്ട് തക്കംപാര്‍ത്തു വിഹരിക്കുന്നു! ആ ചൂണ്ടിലേയ്ക്ക് യഥേഷ്ടം കേറിക്കൊത്തുന്ന മീനുവിനെപ്പോലുള്ളവരും, ഒരുപാട് മുഖങ്ങളെയോര്‍ത്തു മൗനം ഭജിക്കുന്നവരും, തന്റെ വിധിയെ പഴിച്ച് ഒന്ന് ശബ്ദിക്കാന്‍പോലും ശേഷിയില്ലാത സാറയെപോലുള്ളവരും ഇന്ന് എവിടെയും സുലഭം.  സ്വഭാവികമായും വായനക്കാരില്‍ അറപ്പുളവാകാന്‍ സാധ്യതയുണ്ടായിരുന്നെങ്കിലും, കഥാകാരന്‍ തന്റെ ഭാഷയിലുള്ള നൈപുണ്യംകൊണ്ട് മികവു നല്‍കിയ കഥ.

പേരുപോലെ മധുരമുള്ളൊരു കൊച്ചു കഥ. എന്നിലോ നിങ്ങളിലോ കണ്ടുവരുന്ന, അല്ലെങ്കില്‍ എവിടെയൊക്കെയോ കണ്ടു മറന്നതോ, അത്രയും സുപരിചിതമായതോ ആയൊരു കഥ, 'നാലുമണിപ്പലഹാരം' ജീവിക്കാന്‍ മറന്നവരുടേയും ജീവിക്കാന്‍ കൊതിക്കുന്നവരുടെയും കഥ, വായിച്ചു കഴിഞ്ഞപ്പോള്‍ കടലിനെപ്പോലെ എന്നിലും തണുപ്പ് കുറഞ്ഞുവന്നു. ഹൃദയമിടിപ്പ് കൂടി.

കൊല്ലത്തുനിന്നും എറണാകുളംവരെയുള്ള ഒരൊറ്റ ദിവസത്തെ യാത്രയെ അതിവൈകാരികത നിറച്ചെഴുതിയ കഥയാണ് 'മണിമേഖലയുടെ മന്ത്രകോടി', രണ്ടും മൂന്നും ആവര്‍ത്തി വായിച്ചിട്ടും, നഷ്ടങ്ങളുടെ തീരാക്കയത്തിലേക്ക് വായനക്കാരെ തള്ളിയിടാന്‍ കഴിയുന്നൊരു മാന്ത്രികത ഈ കഥയ്ക്കുമുണ്ട്. ഹൃദയം ഉലയാതെ ഒന്ന് കണ്ണ് നനയാതെ ഈ കഥ ആര്‍ക്കും വായിച്ചു തീര്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

ആദര്‍ശിന്റെ ഓരോ കഥ വായിക്കുമ്പോഴും വായനക്കാര്‍ ഒരു സഞ്ചാരിയായി മാറും.  വ്യക്തമായൊരു ഭൂഭാഗചിത്രം മനസ്സില്‍ തെളിയും, അതോടൊപ്പംതന്നെ, ഓരോ കഥാപാത്രവും അവരുടെ പ്രത്യേകതകളും ചലനങ്ങളും മനസ്സില്‍ വികസിക്കും. ഓരോ കഥയും ചിത്രങ്ങളായി മാറുമ്പോള്‍ അവ ചലനാത്മകമായ ഗന്ധമോ സ്പര്‍ശമോ ആയി മനസ്സില്‍ നിറയുന്നു. ഈ പുസ്തകത്തിലെ പതിനാറു കഥകളും തികച്ചും വ്യത്യസ്തമായ ജീവിതങ്ങളാണ് നമ്മുടെ മുന്നിലേക്ക് തുറന്നിടുന്നത്. ഏറെ കാലത്തിനു ശേഷം ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്ത ഈ പതിനാറു കഥകള്‍ കേരളം മുഴുവന്‍ വായിച്ചു ആസ്വദിക്കട്ടെ എന്ന് ആശംസിക്കുന്നു.

താമരക്കാലന്‍
Adarshh Vipin ആദര്‍ശ് വിപിന്‍
Saindhava Books സൈന്ധവ ബുക്‌സ്
210 രൂപ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക