Image

അരുണ (കഥ: അരുണിമ ജയകുമാർ)

Published on 15 November, 2022
അരുണ (കഥ: അരുണിമ ജയകുമാർ)

രാമഴ തോർന്നു.നിലാവെളിച്ചം മുറിയിലെങ്ങും പരന്നു. പക്ഷെ അരുണയുടെ ഉള്ളിൽ ഇരുട്ടായിരുന്നു. കുറ്റാക്കൂരിരുട്ട്. അവളുടെ ഉള്ളിലെ മഴ ആർത്തലച്ച് പെയ്യുകയായിരുന്നു.കൂടെ കൊടുങ്കാറ്റും .... 

രാമഴ പ്രസവിച്ചിട്ട കുഞ്ഞിളംകാറ്റ് ജാനകിയമ്മ തൂത്തു കൂട്ടിവെച്ച കരിയിലകൾ ഇളക്കിമറിച്ച് അർമാദിച്ചു കൊണ്ടിരുന്നു. അത് ജനലഴിയിലൂടെ വന്ന് അരുണയുടെ കവിളിലും മുടിയിലുമൊക്കെ തഴുകി, മോണകാട്ടി ചിരിച്ചു.
ഉണ്ണിക്കുട്ടനെ പോലെ ....

അവൾ ചിരിച്ചില്ല. അരുണ നിസ്സംഗയായി ഇരിക്കുന്നത് കണ്ടു പിണങ്ങി ആ കുസൃതിക്കാറ്റ് ഉണ്ണിക്കുട്ടനെ ഇക്കിളികൂട്ടി. ഒരു ഞെട്ടലോടെ കുഞ്ഞ് ഞെരുങ്ങി കരയാൻ തുടങ്ങി.

അരുണയുടെ ഉള്ളിലെ ഇരുണ്ട ചിന്തകൾ കണ്ണുകൾക്കു ചുറ്റും കറുപ്പായി അടിഞ്ഞു കൂടിയിരുന്നു.
ഒരു ശത്രുവിനെ നോക്കുന്ന പോലെ ഉണ്ണിക്കുട്ടനെ അവൾ നോക്കി.
"കുഞ്ഞു കരയുന്ന കേട്ടില്ലേ"  ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തിൽ അരവിന്ദേട്ടൻ ഇത്തിരി അരിശത്തോടെ ചോദിച്ചു.
"എന്നെ കൊല്ലാൻ വന്ന കാലൻ.... എനിക്കെങ്ങും വയ്യ.." 
അരുണ പല്ലുകൾ ഞെരിച്ച് അരിശത്തോടെ പറഞ്ഞു.
" നീ എന്തൊക്കെയാ ഈ പറയുന്നേ ! നിനക്ക് malnutrition ആണ്.... നല്ല ചിന്തകളുടെ malnutrition" കുഞ്ഞിനെ എടുത്ത് പാല് കൊടുക്കാൻ തക്കവണ്ണം മടിയിൽ കിടത്തി അരവിന്ദേട്ടൻ പറഞ്ഞു.

കുഞ്ഞിനെ മടിയിൽ കിടത്തിയതും അവളുടെ കൈയും ഉടലും പൊള്ളാൻ തുടങ്ങി. 
"ഇതിനെ ഒന്ന് എടുക്കാവോ" അവൾ കരച്ചിലിൻ്റെ വക്കത്തെത്തി . 
"നീ വെറുതെ വേഷംകെട്ട് കാണിക്കാതെ കൊച്ചിനെ ഉറക്കാൻ നോക്ക്.. എനിക്ക് നാളെ രാവിലെ ഓഫീസിൽ പോണം.അത് മറക്കണ്ട" അരവിന്ദേട്ടൻ തിരിഞ്ഞുകിടന്നു.

കുഞ്ഞ് ഉറക്കെയുറക്കെ കരയാൻ തുടങ്ങി.

"ഈശ്വരാ ആയിരം ചീവീടുകൾ ഉള്ള കാട്ടിൽ എന്നെ കൊണ്ടിട്ടോ...പക്ഷെ ഇത്....സഹിക്കാൻ വയ്യ...." അവൾ കുഞ്ഞിൻ്റെ വായ പൊത്തിപ്പിടിച്ചു.

ഇത് കണ്ടുകൊണ്ട് വന്ന ജാനകിയമ്മ കുഞ്ഞിനെ ശരവേഗത്തിൽ വലിച്ചെടുത്തു 
"എന്താ കുഞ്ഞേ കാട്ടണെ"......
ജാനകിയമ്മ വിറച്ചു.....
"കുഞ്ഞിൻ്റെ കരച്ചിൽ കേട്ട് വന്നു നോക്കാൻ തോന്നിയത് ഭാഗ്യം ....."

അവൾ ജാനകിയമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു. നിർത്താതെയുള്ള കരച്ചിൽ. 
അവളുടെ കണ്ണുകളുടെ അടിയിലെ കാർമേഘം പെയ്തൊഴിയുകയായിരുന്നു. 

ജാനകിയമ്മ അവളെയും കുഞ്ഞിനെയും അപ്പുറത്തെ മുറിയിലേക്ക് കൊണ്ടുപോയി.

" എന്താ കുട്ടി ഈ കാട്ടണെ.....നീയല്ലേ ഒരു കുഞ്ഞിന് വേണ്ടി ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് .. എന്നിട്ട് ..? പൂർണചന്ദ്രനെപ്പോലെ ഒരു കുഞ്ഞിനെ കിട്ടിയപ്പോൾ...??

ജാനകിയമ്മ നെറ്റി ചുളിച്ചു.

അല്ലേലും പ്രസവിച്ചു കഴിഞ്ഞപ്പോൾതൊട്ട് ഞാൻ ശ്രദ്ധിക്കുന്നുണ്ട് അവളുടെ ഭാവമാറ്റം. രണ്ടുമാസമായി ചിരിച്ചു കണ്ടിട്ടേയില്ല. ഇക്കാര്യം വിളിച്ചു പറഞ്ഞപ്പോൾ അരവിന്ദൻ്റെ അമ്മ പറഞ്ഞത് ഇതൊക്കെ അവളുടെ അഹങ്കാരമാണെന്നാണ്.. 

അരുണയുടെ അമ്മയെ അറിയിച്ചപ്പോൾ അവൾക്ക് ഫോണിലൂടെ കുറെ ഉപദേശം കൊടുത്തു.
അച്ഛന് ഇത്രയും വയ്യാതെ ഇരിക്കുമ്പോ അരുണയെ വന്നു  നോക്കാൻ കഴിയാത്തതിൻ്റെ വിഷമവും അറിയിച്ചു. അത്രതന്നെ.

എന്തു പ്രസരിപ്പുള്ള കുട്ടിയായിരുന്നു. മുഖം കറുപ്പിച്ച് ഒരക്ഷരം പോലും എന്നോട് ഇതുവരെ പറഞ്ഞിട്ടില്ല. എന്നോടെന്നല്ല ആരോടും. 
അഞ്ച് കൊല്ലമായിട്ടും കുഞ്ഞുങ്ങൾ ആവാത്ത ഒരു വിഷമം അല്ലാതെ മറ്റൊരു കാര്യത്തിനും അവൾ ദു:ഖിച്ചിരിക്കുന്നത് കണ്ടിട്ടില്ല. 

അരവിന്ദനും അങ്ങനെയായിരുന്നു. സ്വർഗ്ഗമായിരുന്നു ഈ വീട്. 

പിന്നെ ഇപ്പൊൾ ഇതെന്താ?? ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ ഈശ്വരാ!!

അരുണയും കുഞ്ഞും ഇതുവരെ കരച്ചിൽ നിർത്തിയിട്ടില്ല. അരുണയെ കട്ടിലിൽ പിടിച്ചു കിടത്തി ഉറങ്ങാൻ പറഞ്ഞിട്ട്
കുഞ്ഞിന് ഫോർമുല കലക്കി കൊടുത്തു. വയറുനിറഞ്ഞ അവൻ സുഖമായി ഉറങ്ങി. അരുണ അപ്പോഴും ഏങ്ങലടിച്ചു കരയുകയായിരുന്നു.
പതിമുന്നു വയസ് മുതൽ കാണാൻ തുടങ്ങിയ കുട്ടിയാണ്.....
അവൾക്ക് ഒരു മാറ്റം വന്നാൽ അവളുടെ അമ്മയെക്കാൾ പെട്ടെന്ന് ഞാൻ മനസിലാക്കും...

അവിടെയാണ് ജാനകിയമ്മ എന്ന എഴുപത്തിമൂന്നുകാരി ..
പഴയ ഏഴാം ക്ലാസ്സുകാരി..... അയൺ ലേഡി ആയത്. 

വിദ്യാഭ്യാസം അല്ല വിവേകം ആണ് വേണ്ടത് എന്ന തിരിച്ചറിവുണ്ടായ നിമിഷം.
 
പിറ്റേന്ന്  അരവിന്ദൻ ഓഫീസിൽ പോയതിനുശേഷം കുഞ്ഞിനെയും വാഴത്തണ്ട് പോലെ വിളർത്തുപോയ അരുണയെയും കൂട്ടി ജാനകിയമ്മ ഇറങ്ങി ...

Dr Jayasree Madhav, MD(Psychiatry)

ബോർഡ് കണ്ട് തെല്ലൊന്ന് അൽഭുതപ്പെട്ടു എങ്കിലും തന്നെ രക്ഷപ്പെടുത്താൻ ഈയൊരു സ്ഥലത്ത് തന്നെ എത്തണം എന്ന് അരുണക്കും തോന്നിത്തുടങ്ങിയിരുന്നു.

ഡോക്ടർ വിധിയെഴുതി....
"പോസ്റ്റ്പാർട്ടം ഡിപ്രഷൻ"
മാതൃത്വത്തിന് മാഹാത്മ്യവും ഊഷ്മളതയും മാത്രമല്ല ചില സങ്കീർണ്ണതകളും ഉണ്ടെന്ന് ഡോക്ടർ ജാനകിയമ്മയെ പറഞ്ഞു മനസ്സിലാക്കി.
ഇതെല്ലാം ഹോർമോണിൻ്റെ വികൃതികൾ.അവൾക്ക് അവളെത്തന്നെ കൈവിട്ട് പോകുന്ന അവസ്ഥ. 

അമ്മയോടും കുഞ്ഞിനോടുമൊപ്പം എപ്പോഴും ഒരാൾ കൂടി വേണമെന്നും കുഞ്ഞിനേക്കാൾ കൂടുതൽ ശ്രദ്ധ അരുണയ്ക്ക് നൽകണമെന്നും ഡോക്ടർ താക്കീതു ചെയ്തു.

"പണ്ട് ഗർഭിണികളെയും പ്രസവിച്ച് കിടക്കുന്ന പെണ്ണുങ്ങളെയും മാടൻ പിടിച്ചു, മറുത പിടിച്ചു, കിണറ്റില് ചാടി എന്നൊക്കെ കേട്ടിട്ടില്ലേ??അതെല്ലാം ഹോർമോൺ കളികൾ ആരുന്ന് ...."ജാനകിയമ്മക്ക് മനസ്സിലാവും വിധം ഡോക്ടർ പറഞ്ഞു നിർത്തി.

എല്ലാം അറിഞ്ഞ അരവിന്ദൻ അരുണയെയും കുഞ്ഞിനെയും വാരിപ്പുണർന്നു..
തൻ്റെ അജ്ഞതയെ പഴിച്ചു...
അരുണയുടെ ഉള്ളിലെ അഗ്നിപർവ്വതം പൊട്ടി ലാവ സിരകളിലൂടെ ഒഴുകി തണുത്തുറഞ്ഞ് ശാന്തമാവുന്നത് അവൾ അറിഞ്ഞു. 

എല്ലാം കണ്ട്നിന്ന ജാനകിയമ്മയുടെ കവിളിലൂടെ അഭിമാനത്തിൻ്റെയും ആശ്വാസത്തിൻ്റെയും മഴത്തുള്ളികൾ ഒഴുകുന്നുണ്ടായിരുന്നു.

STORY ARUNIMA JAYAKUMAR

Join WhatsApp News
Reuben Pothen Robert 2022-11-16 11:16:01
Wonderful mam. Feels exactly that of reading an amazing malayalam novel with the deep feel and vocabulary . Expecting more relatable articles.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക