MediaAppUSA

ബോധധാരയുടെ മാസ്മരികത  (ശ്രീകുമാര്‍ എഴുത്താണി: പുസ്തകനിരൂപണം) 

ശ്രീകുമാര്‍ എഴുത്താണി Published on 15 November, 2022
 ബോധധാരയുടെ മാസ്മരികത  (ശ്രീകുമാര്‍ എഴുത്താണി: പുസ്തകനിരൂപണം) 

ശ്രീ അമ്പഴയ്ക്കാട്ട് ശങ്കരന്‍ എഴുതിയ ഏഴു കഥകളുടെ സമാഹാരമാണ് കൊടുക്കാക്കടം. പുലിറ്റ്‌സര്‍ ബുക്ക്‌സ് ആണ് പ്രസാധകര്‍. പ്രൊഫസ്സര്‍ (Dr ) എം കൃഷ്ണന്‍നമ്പൂതിരിയുടെ നല്ലൊരു അവതാരികയുമുണ്ട്. ഇതിലെ ഓരോ കഥകളുടെയും പ്രമേയം വ്യത്യസ്തമാണെങ്കിലും പൊതുവേ രചനാശൈലിയില്‍ സ്വീകരിച്ചിരിക്കുന്ന ബോധധാര എന്ന ആഖ്യാനസങ്കേതത്തിന്റെ മികവ് എല്ലാ കഥകളിലും കാണാനുണ്ട്.

അമേരിക്കയില്‍ ജീവിക്കുന്ന കഥാകാരന്‍ കേരളത്തെക്കുറിച്ചെഴുതുമ്പോള്‍ അത് ഒരു വിഹഗവീക്ഷണമാകാതെ വയ്യ. വിഹഗവീക്ഷണത്തിനുമുണ്ട് അതിന്റേതായ ഗുണങ്ങള്‍. കേരളത്തില്‍ ജീവിച്ചു കൊണ്ട് മലയാളിയുടെ സാംസ്‌കാരിക ഭൂമിക മനസ്സിലാക്കുമ്പോള്‍  അവ്യാപകമായ സൂക്ഷ്മദൃശ്യങ്ങളില്‍ പെട്ടുപോകും. വിഹഗവീക്ഷണത്തിലാണ് കൂടുതല്‍ സാകല്യമായ കാഴ്ച ഉള്ളത്. ആ കാഴ്ചയുടെ ഗുണങ്ങള്‍ ഈ കഥയില്‍ കാണാം.

മലയാള സാഹിത്യം കക്ഷിരാഷ്ട്രീയം ഒഴിച്ച് നിര്‍ത്തിയാല്‍ രാഷ്ട്രീയത്തില്‍ ഏറെ ശുഷ്‌കമാണ്. അരാഷ്ട്രീയ കഥകള്‍ നീങ്ങുന്നത് കാലില്‍ മുള്ളുകൊള്ളാതെ നടക്കുന്നത് പോലെയാണ്  രാഷ്ട്രീയസംജ്ഞകളെ പോലും ഒഴിവാക്കുന്നത്. മുഖ്യമന്ത്രി, പാര്‍ട്ടി സെക്രട്ടറി, വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് എന്നല്ലാതെ വ്യക്തികളുടെ പേരുകള്‍ കഥയില്‍ എഴുതാന്‍ വലിയ മടിയാണ്. വിപണന സാധ്യത ഉണ്ടെങ്കില്‍ മാത്രം ഈ എം എസ്സും പെണ്‍കുട്ടിയും എന്നൊക്കെ കഥയ്ക്ക് പേരിടും. മോശമായ പരാമര്‍ശങ്ങളല്ലെങ്കില്‍ എന്തുകൊണ്ട് വ്യക്തിയുടെ പേരുകള്‍ പറഞ്ഞുകൂടാ? ''ഉമ്മന്‍ ചാണ്ടിയുടെ പ്രസംഗം കേട്ട് മടങ്ങുമ്പോള്‍'' അല്ലെങ്കില്‍ ''കോടിയേരിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുവാന്‍'' എന്നൊന്നും എഴുതാന്‍ മലയാളിക്ക് വരില്ല. ഹംകോ അംഗ്രേജി നഹിം ആത്താ എന്ന് വടക്കേ ഇന്ത്യക്കാര്‍ പറയുന്നത് പോലെയാണ്. 

ശ്രീ ശങ്കരന്‍ ഇതില്‍ നിന്ന് വ്യത്യസ്തനാണ്. അദ്ദേഹത്തിന്റെ കഥകളില്‍ കേരളത്തെ പത്രവാര്‍ത്ത പോലെ തന്നെ കാണാം. ഭാവനയില്‍ വിരിഞ്ഞ കഥകള്‍ക്കും ഒരു റിയലിസം കൈവരുവാന്‍ ഇത് സഹായിക്കുന്നു. 
കഥകളുടെ പ്രമേയങ്ങള്‍ ശ്രദ്ധാര്‍ഹമാണ്. എങ്കിലും കൂടുതല്‍ വശ്യമായി തോന്നിയത് അദ്ദേഹത്തിന്റെ ആഖ്യാനശൈലി തന്നെയാണ്. വലിയ നിരൂപകര്‍ പോലും ''എന്താ അതിലെ സംഭവം?'' എന്ന് സംഗ്രഹങ്ങള്‍ തിരയുന്ന ഈ കാലത്ത് ഈ കഥകള്‍ വേണ്ടപോലെ ശ്രദ്ധിക്കപ്പെടാതെ പോയാല്‍ അത്ഭുതപ്പെടാനില്ല.

അവതാരികയില്‍ പ്രൊഫ എം കൃഷ്ണന്‍നമ്പൂതിരി വിശദമാക്കുന്നത് പോലെ ബോധധാരയാണ് പ്രധാനമായ രചനാ സങ്കേതം. ഉത്തരാധുനികരെ പോലെ അത് അബോധധാരയായി മാറുന്നുമില്ല. ഉത്തമപുരുഷന്റെ (ഫസ്റ്റ് പേഴ്‌സണ്‍)വീക്ഷണകോണില്‍ എഴുതുന്ന  ചെറുകഥകള്‍ക്ക് ഏറെ യോജിച്ചതാണ് ബോധധാര എന്ന രചനാ ശൈലി. ഇതില്‍ ആഖ്യാതാവിന്റെ ചിന്തകളില്‍ (അനുഭവങ്ങളിലും) തെളിയുന്ന ലോകമാണ് വായനക്കാരന്‍ കാണുന്നത്. 

Stream of consciounsess എന്നതിന്റെ മലയാളമാണല്ലോ ബോധധാര. പലരുടെയും പേരില്‍ ഈ വാക്കിന്റെ ഉത്ഭവം അറിയപ്പെടുന്നെങ്കിലും നോവലിസ്റ്റായ ഹെന്റി ജയിംസിന്റെ സഹോദരന്‍ വില്യം ജെയിംസ് എന്ന മനശ്ശാസ്ത്രജ്ഞനാണ് ഇത് പ്രചാരത്തില്‍ ആദ്യം എത്തിച്ചത്. അതിനും മുന്നേ ആന്തരിക ഏകാംഗഭാഷണം (interior monologue) നിലവിലുണ്ടായിരുന്നു. അത് മാത്രമല്ല നാടകത്തില്‍ ആത്മപ്രകാശം, ആത്മഗതം (aside, soliloquy) എന്നിവയും കവിതയില്‍ നാടകീയ ഏകാംഗഭാഷണം  (dramatic monologue) എന്നിവയും നിലവിലുണ്ടായിരുന്നു. ബോധധാര ഇതില്‍ നിന്നൊക്കെ വ്യത്യസ്തമാകുന്നത് അത് വ്യാകരണനിയമങ്ങളെപ്പോലും തെറ്റിക്കുന്നത് കൊണ്ടാണ്. 

ന്യൂറോസയന്‍സും ഭാഷാശാസ്ത്രവും നിര്‍മ്മിതബുദ്ധിയും നമ്മുടെ ചിന്തകളുടെ ഘടന കൂടുതല്‍ കൂടുതല്‍ വ്യക്തമാക്കിത്തന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഈ ആഖ്യാനരീതി കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നു. ഒരു ബൈനറി ഉപയോഗിച്ച് ഒരാളുടെ ചിന്തകള്‍ നിസാരമായി രേഖപ്പെടുത്താം എന്നാണ് ഇപ്പോള്‍ പറയപ്പെടുന്നത്. നമ്മള്‍ കരുതുന്നപോലെ ചാടിക്കളിക്കുന്ന മനസ്സൊന്നുമല്ല നമുക്കുള്ളത്. ഷേക്‌സ്പിയര്‍ പറഞ്ഞത് പോലെ 'Neither rhyme nor reason can express how much.' എന്നൊന്നും ചിന്തകളെക്കുറിച്ച് വിലപിക്കേണ്ട എന്നല്ലേ ഇതിന്റെ അര്‍ത്ഥം.

നമ്മുടെ ചിന്തകള്‍ ഒരു ചോല പോലെ നമ്മുടെ ബോധതലത്തിന് കുറുകേ ഒഴുകിക്കൊണ്ടിരിക്കുന്നു. പഞ്ചേന്ദ്രിയങ്ങളില്‍ നിന്നും വരുന്ന വ്യത്യസ്ത  അനുഭവങ്ങള്‍ പോലും ഒരൊറ്റ ഇന്ദ്രിയത്തിന്റെ സംഭാവന എന്ന പോലെ അതില്‍  കൂടിച്ചേരുന്നു കാലദേശങ്ങളൊന്നും അവിടെ വിഷയമല്ല . ഭാരതീയ ചിന്തയില്‍ നമ്മുടെ അഹം (അകം, ആത്മാവ്) ഇതിന്റെ സാക്ഷി മാത്രമാണ്. ഇടപെടാന്‍ പോലും കഴിയാത്ത മൂകസാക്ഷി. അത് നിര്‍വിഘ്‌നമായി  തിരിച്ചറിയുന്നതാണ് മോക്ഷം.  

ഒരു മെത്തേഡ് ആക്ടറെ പോലെ ചിന്തിച്ചും ഭാവന ചെയ്തുമല്ലാതെ സ്വാഭാവികമായി, ഒരു കഥാപാത്രമായി മാറി, എഴുതുന്നവര്‍ക്ക് ഈ രീതി എളുപ്പമായി തോന്നാം. ചില എഴുത്തുകാര്‍ അങ്ങനെയാണ്, ചില നടന്മാരും. അവര്‍ കഥാപാത്രമായി മാറിയാണ് കഥ പറയുന്നതും അഭിനയിക്കുന്നതും. ഇങ്ങനെ ചെയ്യുമ്പോള്‍ സ്വന്തം സ്വത്വത്തെക്കുറിച്ച് നല്ല ബോധം ഉണ്ടെങ്കിലേ സ്വന്തം നിറം കഥാപാത്രത്തിന് വരാതെ ശ്രദ്ധിക്കാന്‍ കഴിയൂ. അല്ലെങ്കില്‍ കഥാപാത്രസൃഷ്ടിയുടെ ഉള്ളില്‍  കഥാകൃത്ത് ഉള്ളതായി കാണാം.  അപ്പോഴാണ് കഥാകൃത്ത് കഥയില്‍ കൈകടത്തുന്നു എന്നൊക്കെ തോന്നുന്നതും.


ശ്രദ്ധാപൂര്‍വ്വം ചിന്തിച്ചും ഭാവന ചെയ്തും എഴുതുമ്പോള്‍ ബോധധാര ഒരു വലിയ ബാധ്യതയാവും. അങ്ങനെയൊക്കെ എഴുതുന്നവര്‍ മലയാളത്തില്‍ കുറവാണ്. കൊള്ളുന്നിടം വെച്ച് തടുക്കുന്നവരാണ് കൂടുതല്‍. അതിന്റെ കുറവ് കാണാനുമുണ്ട്. സ്വന്തം കഥ നല്ലതോ കെട്ടതോ എന്ന് മിക്ക കഥാകാരന്മാര്‍ക്കും അറിയില്ല, അത് പ്രസിദ്ധീകരിക്കുന്ന പത്രാധിപര്‍ക്കും.

 

നമ്മള്‍ നമ്മളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ''ഞാന്‍'' എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ''അയാള്‍ തന്റെ കാലുകള്‍ നീട്ടിവെച്ച് നടന്നു. തനിക്ക് ഇഷ്ടപ്പെട്ട ആളുകള്‍ തന്നെ കാത്തിരിക്കുന്നു എന്ന് അയാള്‍ ഓര്‍ത്തു'' എന്ന് പ്രഥമപുരുഷന്റെ  (തേര്‍ഡ് പേഴ്‌സണ്‍) വീക്ഷണകോണില്‍ എഴുതുന്നത് ഫസ്റ്റ്  പേഴ്‌സണ്‍ PoV ആണെങ്കില്‍ വാചകങ്ങളില്‍ കര്‍ത്താവും മറ്റും വേണ്ടല്ലോ. ''കാലുകള്‍ നീട്ടിവെച്ച് നടന്നു. ഇഷ്ടപ്പെട്ട ആളുകള്‍  കാത്തിരിക്കുന്നു എന്ന്  ഓര്‍ത്തു'' എന്ന് മതിയാകും. ഇത് തേര്‍ഡ് പേഴ്‌സണ്‍ PoV യില്‍ പ്രയോഗിച്ചാലും നല്ല ഭംഗിയുണ്ടാവും. 

ചിന്തകള്‍ കാട് കയറുമ്പോള്‍ പാണിനി എവിടെ, വ്യാകരണം എവിടെ! നമ്മുടെ ചിന്തകള്‍ ഒരു ഋജുരേഖയില്‍ പായുമ്പോഴും അങ്ങിനെയല്ല ഒരു വടവൃക്ഷംപോലെ ശാഖോപശാഖകള്‍ നിരന്ന് നില്‍ക്കുന്നു എന്നാണ് നമുക്ക് തോന്നുക. ഈ തോന്നല്‍ ഭാഷയില്‍ കൊണ്ടുവരാന്‍ പ്രയാസമാണ്. കാരണം ഭാഷ ഋജുരേഖയിലാണ് (ലീനിയര്‍). ചിത്രകലയില്‍ ഇത് എളുപ്പമാണെന്ന് മാത്രമല്ല മറിച്ചൊന്ന് സാധ്യവുമല്ല.

ബോധധാര നല്ല ശക്തമായ ഒരു ആഖ്യാനരീതിയാണ്. അത് വായനക്കാരനെ അതിന്റെ മാസ്മരികതയില്‍ തളച്ചിടും. ഇതിന്റെ കാരണവും രസകരമാണ്. ബോധധാരയില്‍ കഥകള്‍ എഴുതിയാല്‍ അവയുടെ തുടക്കം കഴിയുമ്പോള്‍ കഥാപാത്രത്തിന്റെ വാക്കുകള്‍ വായനക്കാരന്റെ ചിന്തകള്‍ക്ക് പകരം വെയ്ക്കപ്പെടുന്നു. അങ്ങിനെ വായനക്കാരന്‍ ഒരു ഹിപ്‌നോസിസിന് വിധേയനാക്കപ്പെടുന്നു എന്ന് പറയാം. കഥയുടെ വൈകാരികതയെ ഇല്ലാതാക്കുന്ന യാതൊരു ബൗദ്ധികതയും കഥയില്‍ പ്രയോഗിച്ചിട്ടില്ലെങ്കില്‍ ശരിക്കും വായനക്കാരന്‍ കഥയ്ക്കുള്ളില്‍ പെട്ടുപോകും.

 
ശ്രീ ശങ്കരന്റെ മാറ്റം എന്ന കഥ തന്നെയെടുക്കാം: 
 
''നേരം വെളുക്കുന്നതേയുള്ളൂ. ഒറ്റയ്ക്കുള്ള യാത്രയായിരുന്നതുകൊണ്ട് ഒരു വലിയ ബാഗേ ഉണ്ടായിരുന്നുള്ളൂ. എല്ലാ തവ ണത്തേയും പോലെ തന്നെ സരസ്വതിയാമത്തിന് മുമ്പെ തന്നെ വിമാനം ഇറങ്ങിയിരുന്നു. ആധുനിക സൗകര്യങ്ങള്‍ നിറഞ്ഞ് എയര്‍ പോര്‍ട്ട് ആകെ മാറിയിട്ടുണ്ട്. അഞ്ച് വര്‍ഷം മുമ്പാണ് ഇതിനുമുമ്പ് ഇതിലൂടെ വന്നത്. ചിട്ടകള്‍ കഴിയാന്‍ എത്ര നേരം എടുക്കുമെന്ന റിയാന്‍ വയ്യാത്തതുകൊണ്ട് എല്ലാം കഴിഞ്ഞശേഷമേ അളിയനെ വിളിച്ചുള്ളൂ. അനാവശ്യമായി ആരേയും കാത്തു നിര്‍ത്തരുതെന്ന നിര്‍ബന്ധവും ഉണ്ടായിരുന്നു. കാറുമായി അളിയനെത്താന്‍ ഒരു മണിക്കൂര്‍, തിരിച്ച് അളിയന്റെ വീട്ടിലെത്താന്‍ മറ്റൊരു മണിക്കൂര്‍. ക്ഷീണമുണ്ടെങ്കില്‍ ഒന്ന് മയങ്ങിക്കോളൂ എന്നളിയന്‍ പറഞ്ഞതാണ്. കൊച്ചു കുശലങ്ങള്‍ പറഞ്ഞതൊഴിച്ചാല്‍, വഴിവിളക്കുകളുടെ നേരിയ വെളിച്ചത്തില്‍ അതിവേഗം മാറുന്ന നാടിന്റെ ഛായകള്‍ ആസ്വദിച്ച് ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു ഏതാണ്ട് മുഴു വന്‍ സമയവും.

കൂട്ടിച്ചേര്‍ത്ത ഒരു പൂമുഖം മാത്രമായിരുന്നു അളിയന്റെ വീടിനുവന്ന മാറ്റം. പഴയ ഹീറോഹോണ്ട ഇപ്പോഴും മഴകൊള്ളാതെ കവര്‍ ചെയ്ത് വെച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ വീടിന്റെ പകുതി യോളം മുങ്ങിയിരുന്നു. അതിന് സര്‍ക്കാരില്‍നിന്നും കുറച്ച് പണം കിട്ടിയതും കേടുപാടുകള്‍ തീര്‍ത്തതും കാറിലിരിക്കെ പറഞ്ഞിരു ന്നു. ഭംഗിയുള്ള പുത്തന്‍ പൂമുഖത്ത്, കസേരയില്‍ ഇരുകാലുകളും നീട്ടി തിണ്ണയില്‍ വെച്ച്, സാമാന്യം അകലെയുള്ള റോഡിലേക്ക് കണ്ണും നട്ടിരുന്നു. സൈക്കിളിന്റെ കാരിയറില്‍ വലിയ അലുമിനിയം പാല്‍പാത്രം നിറഞ്ഞ പാലുമായി ആരോ ഒരാള്‍ സൈക്കളോടിച്ച് പോയി.

''ഉറക്കം പോയി അല്ലെ? അകത്തേക്ക് കേറി ബാഗുകള്‍ വെച്ചോളൂ. ഞാന്‍ ചായ ഉണ്ടാക്കാം.'' 
''ആവാം. ആദ്യമൊന്നിരിക്കട്ടെ''

ഈ വരികള്‍ വായിക്കുമ്പോള്‍ വായനക്കാരന്‍ കഥാപാത്രവുമായി എത്രവേഗം താദാമ്യം (character identification) പ്രാപിക്കുന്നു! ഈ പ്രത്യേകത ഇദ്ദേഹത്തിന്റെ എല്ലാ കഥകളിലും കാണാന്‍ സാധിച്ചു. വിപുലമായ വായനയിലൂടെ രൂപപ്പെടുത്തിയെടുത്തതാവണം ഈ ശൈലി. 

''മാറ്റം''  എന്ന  കഥയുടെ ആഖ്യാനത്തില്‍ ഏത് രാഷ്ട്രീയ കക്ഷിയാണ് പ്രതിക്കൂട്ടില്‍ എന്ന് യാതൊരു മറവുമില്ലാതെ കഥാകൃത്ത് പറഞ്ഞിരിക്കുന്നു. 

''ഹിന്ദോളം'' എന്ന അടുത്ത കഥയില്‍ എം എ ബേബി ഉള്‍പ്പെടെ ഇടതു പക്ഷത്തെ പല രാഷ്ട്രീയ നേതാക്കളും cameo റോളുകളില്‍ വരുന്നുണ്ട്.  ഒരു മഹാമേരു മറിഞ്ഞുവീണപ്പോള്‍ ഭൂമി ചെറുതായി (!) ഒന്ന് കുലുങ്ങിയ നാളുകളിലാണ് ഈ കഥ നടക്കുന്നത്. കൊടുക്കാക്കടം ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ സ്വകീയമായ ഒരനുഭവത്തെ വായനക്കാരുടെ മനസ്സില്‍ എത്തിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു. 

 ''ജലനാണയങ്ങള്‍'' എന്ന കഥ ജലരേഖകളായി മാറുന്ന വ്യക്തിപരമായ നന്മകളെക്കുറിച്ചും മാറിവരുന്ന മൂല്യബോധത്തെക്കുറിച്ചുമാണ്.   മൂല്യബോധം നൈസര്‍ഗ്ഗികമല്ല. കൊണ്ടും കൊടുത്തും കിട്ടുന്നതാണ്. സമൂഹത്തില്‍ നേരിട്ട് ഇടപഴകാന്‍ അവസരം വേണ്ടത്ര കിട്ടാത്തവരില്‍ ഏറെയും സ്ത്രീകളാണെന്നത് അവരുടെ കുറവല്ല, സമൂഹത്തിന്റെ കുറ്റമാണ് എന്നും ഈ കഥ വായിച്ചപ്പോള്‍ ചിന്തിച്ചുപോയി. 

ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന മധ്യവര്‍ഗ്ഗത്തിന്റെ പെരുമാറ്റമാണ് ''നീലിമ'' എന്ന കഥയില്‍ വായിക്കാന്‍ കഴിഞ്ഞത്. വലിയൊരു സാമൂഹ്യശാസ്ത്ര പഠനത്തിനുള്ള വിഭവം ഈ കഥയിലുണ്ട്. അത് കാലത്തിന് നേരെ പിടിച്ച കണ്ണാടിയാണ്. ഗിഗ് എക്കണോമി എന്നൊക്കെ പില്‍കാലത്ത് അറിയപ്പെടാന്‍ തുടങ്ങിയ പുതിയൊരു സാമ്പത്തിക ഭൂമികയും ഈ കഥയില്‍ തെളിയുന്നു. പതിനാലു വയസ്സുപോലും പ്രായമാകാത്ത ഒരു പെണ്‍കുട്ടിയെ ജോലിക്ക് നിര്‍ത്തിയത് നീലിമയുടെ സ്വഭാവത്തില്‍ വന്ന മാറ്റത്തെ സൂചിപ്പിക്കുന്നു.

 ഒറ്റപ്പെട്ടുപോയ മനുഷ്യരെല്ലാം നാറാണത്ത് ഭ്രാന്തന്മാരോ സിസിഫസോ ആകാന്‍ സാധ്യതയുള്ള ഒരു ലോകമാണ് ഇത്. ഭൗതികമായ നേട്ടങ്ങളുമായി ഇണങ്ങാനോ പിണങ്ങാനോ നില്കാതെ വഴിമാറി നടന്നാല്‍ തീര്‍ച്ചയായും ഒറ്റപ്പെട്ടുപോകും. പൂര്‍ണ്ണമായും യുക്തിയോടെയോ യുക്തിഹീനമായോ ജീവിക്കാന്‍ സമൂഹം അനുവദിക്കില്ല. അത് ''അലയുന്നവര്‍ അന്വേഷിക്കുന്നവര്‍'' എന്ന കഥയുടെ .ഒരു പ്രധാന വായനയാണ്. 

''അതിരപ്പള്ളി'' എന്ന കഥയിലെ അതിരപ്പള്ളി പ്രകൃതിയുടെ പ്രതീകമാണ്. നവരസങ്ങളും വിവിധഭാവങ്ങളും പ്രകൃതിയ്ക്ക് ഉണ്ട്. സംഗമവും വിരഹവും ഉണ്ട്, അതിന്റെ കാര്യസാധ്യത്തിനാണെന്ന് മാത്രം. അതിന്റെ നാടകശാലയില്‍ നമ്മള്‍ വേഷങ്ങള്‍ ആടുന്നു.  അതിന്റെ നിയമങ്ങളെ പൊളിച്ചെഴുതാനോ രീതികളെ ചോദ്യം ചെയ്യാനോ ഒരുമ്പെടുമ്പോള്‍ ജീവന്‍ തന്നെയാവും വിലയായി കൊടുക്കേണ്ടി വരുന്നത്.   

നല്ല ഒരു പാട്ട് കേട്ടാല്‍ ഏറെ നേരം അത് മൂളി നടക്കാന്‍ തോന്നുന്നത് പോലെ, ഈ കഥകള്‍ വായിച്ചാല്‍ ദിവസങ്ങളോളം ഈ വരികളുടെ താളവും ലയവും മനസ്സില്‍ നില്‍ക്കും. കഥാപാത്രങ്ങളുടെ ഉള്ളില്‍ നിന്നും ഇറങ്ങി വരാന്‍ വായനക്കാരന്‍ നന്നേ പ്രയാസപ്പെടും. രാഗങ്ങളെക്കുറിച്ച് പല കഥകളിലും പരാമര്‍ശിച്ച് കണ്ടതില്‍ നിന്നും കഥാകൃത്ത് സംഗീതത്തിലും താത്പര്യവും അറിവും ഉള്ളയാളാണെന്നു കരുതുന്നു. ആ ഗുണങ്ങള്‍ ഈ കഥകള്‍ക്കും ഉണ്ട്. അവയുടെ ഉള്ളിലും ഉടലിലും ഉടയാടകളിലും സംഗീതമുണ്ട്. 

 

Joseph Abraham 2022-11-16 23:15:02
വളരെ നല്ല റിവ്യൂ , തീർച്ചയായും വളരെ നല്ല കഥകൾ ആയിരിക്കുമെന്ന കാര്യത്തിൽ യാതൊരു സന്ദേഹവുമില്ല. കഥാകൃത്തിനു ആശംസകൾ, അഭിനന്ദനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക