Image

റഷ്യ-യുക്രെയിൻ യുദ്ധം: ഇന്ത്യയുടെ സമാധാന ശ്രമങ്ങൾ വിജയിക്കുമോ? (നടപ്പാതയിൽ ഇന്ന്- 58, ബാബു പാറയ്ക്കൽ)

Published on 15 November, 2022
റഷ്യ-യുക്രെയിൻ യുദ്ധം: ഇന്ത്യയുടെ സമാധാന ശ്രമങ്ങൾ വിജയിക്കുമോ? (നടപ്പാതയിൽ ഇന്ന്- 58, ബാബു പാറയ്ക്കൽ)

റഷ്യ-യുക്രെയിൻ യുദ്ധം എന്ന് തീരുമെന്നാണ് ലോകം ഉറ്റു നോക്കുന്നത്. ഒരാഴ്ച്ച കൊണ്ടു തീരുമെന്ന് കരുതിയിരുന്ന ഒരു ആക്രമണം ഒൻപതു മാസങ്ങൾ പിന്നിട്ടിരിക്കുന്നു. ഇതുവരെ ആർക്കും ജയം അവകാശപ്പെടാനുമാകുന്നില്ല. എന്നാൽ ആൾനാശം ഭൂരിഭാഗവും സംഭവിക്കുന്നത് യുക്രെയിനിലാണ്. യുക്രെയിനിനെപ്പോലെ ഒരു ചെറിയ രാജ്യത്തെ ഭയപ്പെടുത്താൻ 24 മണിക്കൂർ പോലും വേണ്ടെന്നു കരുതിയ വൻ ശക്തിയായ റഷ്യക്കു തെറ്റി. മുഖ്യമായും അമേരിക്ക യുക്രെയിനിനെ പിന്തുണച്ചതാണ് അതിനു കാരണം. ബില്യൺ കണക്കിനു ഡോളറിന്റെ ആയുധങ്ങളും മറ്റു സഹായങ്ങളും യുക്രെയിനിനു നൽകി യുദ്ധം ഇന്നും ചൂടാക്കി നിർത്തുന്നത് അമേരിക്ക തന്നെയാണ്. പക്ഷേ, ഇനി എത്ര നാൾ? 
ആ ചോദ്യം ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്നത് യൂറോപ്പിനെയാണ്. കാരണം ശൈത്യകാലം പടിവാതിൽക്കൽ വന്നു നിൽക്കുമ്പോൾ അവർക്ക് ആശങ്കപ്പെട്ടേ പറ്റൂ. യൂറോപ്പിനു വേണ്ട പ്രകൃതി വാതകം ഭൂരിഭാഗവും വരുന്നത് റഷ്യയിൽ നിന്നുമാണ്. അമേരിക്കയുടെ സഖ്യകക്ഷികൾ എന്ന നിലയിൽ യുക്രെയിനിനു പിന്തുണ നൽകാൻ യൂറോപ്യൻ രാജ്യങ്ങൾ നിർബന്ധിതരാണ്. ഇതിൽ റഷ്യ പ്രകോപിതരാണെന്നും അവർക്കറിയാം.
അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ആഴ്ച്ച യുക്രെയിൻ പ്രസിഡന്റ് സെലൻസ്‌കി സമാധാന ചർച്ചയ്ക്കു തയ്യാറാണെന്നറിയിച്ചത്. പക്ഷേ ആര് മുൻകൈയെടുക്കും? റഷ്യയോടും യുക്രെയിനിനോടും അമേരിക്കയോടും നല്ല സൗഹൃദമുള്ള ഒരു രാജ്യത്തിന് മാത്രമേ അത് സാധിക്കുകയുള്ളൂ.  ഒരാഴ്ച്ച മുൻപ് സമാധാന ചർച്ചകൾ ആകാമെന്ന് പറഞ്ഞ യുക്രെയിൻ ഇന്ന് അക്കാര്യം പുനർചിന്തിക്കയാണത്രേ. കാരണം പിടിച്ചെടുത്ത ചില പ്രദേശങ്ങളിൽ നിന്നും രണ്ടു ദിവസം മുൻപ് റഷ്യ പിൻവാങ്ങിയത് യുക്രെയിനിന്റെ ശക്തി മനസ്സിലാക്കിയതുകൊണ്ടാണെന്നു യുക്രെയിൻ നേതാവ് വിശ്വസിക്കുന്നു. ഉടനെ യുദ്ധം നിർത്തുന്നതിൽ അർഥമില്ലെന്നു വരെ അദ്ദേഹം പറഞ്ഞു വച്ചിരിക്കുന്നു. കാരണം പിടിച്ചെടുത്ത അനേകം പ്രവിശ്യകൾ ഇനിയും റഷ്യയിൽ നിന്നും തിരിച്ചു പിടിക്കേണ്ടതായിട്ടുണ്ട്. അമേരിക്ക നൽകുന്ന അത്യാധുനിക ആയുധങ്ങൾ കൊണ്ട് അത് സാധ്യമാകുമെന്ന് ഒരു പക്ഷേ സെലൻസ്‌കി വിശ്വസിക്കുന്നുണ്ടാവാം. അതുകൊണ്ട് അദ്ദേഹത്തെ യാഥാർഥ്യം പറഞ്ഞു വിശ്വസിപ്പിച്ചു ചർച്ചകൾക്കായി ഒരേ മേശയിൽ കൊണ്ടുവരിക അത്ര എളുപ്പമല്ല. ആരുടെയെങ്കിലും വികലമായ നടപടി മൂലം സമാധാന ശ്രമങ്ങൾ പാളിപ്പോയാൽ അതിൻറെ ഭവിഷ്യത്തു ചിന്തിക്കാവുന്നതിനപ്പുറമായിരിക്കും. അതുകൊണ്ടു തന്നെ മദ്ധ്യസ്ഥ ശ്രമങ്ങൾക്കു മുൻകൈ എടുക്കുന്നവർക്ക് അതത്ര എളുപ്പമാകില്ല. അതിനു ചാണക്യതന്ത്രം തന്നെ അറിഞ്ഞിരിക്കണം.
ഇവിടെയാണ് ലോകരാഷ്ട്രങ്ങൾ ഇന്ത്യയെ ഉറ്റു നോക്കുന്നത്. ഏതാനും മാസങ്ങൾക്കു മുൻപ് യുക്രെയിനിലെ കൊയ്ത്തുകാലം കഴിഞ്ഞു ലക്ഷക്കണക്കിനു ടൺ ധാന്യം കെട്ടിക്കിടന്നപ്പോൾ അത് അന്താരാഷ്‌ട്ര വിപണിയിലേക്ക്‌ ഇറക്കാൻ റഷ്യയുടെ എതിർപ്പു മൂലം സാധിച്ചില്ല. എല്ലാം നശിച്ച കർഷകരുടെ രോദനം പുട്ടിന്റെ ധാർഷ്ട്യമായ നിലപാടിനെ മയപ്പെടുത്താനായില്ല. എന്നാൽ അന്ന് ഇന്ത്യയുടെ ഇടപെടൽ ഐക്യരാഷ്ട്ര സഭ നേതൃത്വം കൊടുത്ത ആശയത്തിനെ നടപടിയിലെത്തിച്ചു. അത് യുക്രെയിനിനു നൽകിയ ആശ്വാസം വിലമതിക്കാനാവാത്തതാണ്. അതുപോലെ തന്നെ റഷ്യൻ പട്ടാളം യുക്രെയിനിലെ ആണവ നിലയം ബോംബ് ചെയ്‌തപ്പോൾ ഇന്ത്യ കർശനമായി റഷ്യയോട് അത് നിർത്താനാവശ്യപ്പെടുകയും റഷ്യ പിന്തിരിയുകയും ചെയ്‌തു. കൂടുതൽ ബോംബ് ആക്രമണത്തിൽ ആ ആണവ നിലയം പൊട്ടിത്തെറിച്ചിരുന്നെങ്കിൽ ലോകത്തിന്റെ ഗതി തന്നെ മാറിമറിയുമായിരുന്നു. 
റഷ്യയെ സ്വാധീനം ചെലുത്താൻ ഇന്ന് ഇന്ത്യയ്ക്ക് കഴിയുന്നതു വെറുതെയല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം എന്നും റഷ്യ ഇന്ത്യയുടെ നല്ല സുഹൃത്തായിരുന്നു. ആപത്‌ഘട്ടത്തിൽ ഇന്ത്യയെ കൈവിടാത്ത ആത്മസുഹൃത്ത്! ഇന്ത്യാ-റഷ്യ ബന്ധം ദൃഢമായതു ദശാബ്ദങ്ങളിലൂടെയുള്ള സൗഹൃദത്തിന്റെ ഫലമായാണ്. പ്രത്യേകിച്ചു 1971 ലെ പാകിസ്ഥാനുമായുള്ള യുദ്ധത്തിൽ അമേരിക്കൻ നാവിക സേനയുടെ ഏഴാം കപ്പൽ പട ഇന്ത്യൻ ഉപഭൂഖണ്ഡത്തെ കടലിൽ മുക്കിക്കളയുമെന്നു ഭീഷണി മുഴക്കിയപ്പോൾ അവരെ തടഞ്ഞു നിർത്തിയത്, 'എങ്കിൽ അതിൽ ആരും തിരിച്ചു പോകില്ല' എന്ന റഷ്യയുടെ അന്ത്യശാസനം കൊണ്ടുമാത്രമാണ്.
ഒരു യുദ്ധം കൊണ്ടും ആർക്കും ഒന്നും നേടാനാവില്ലെന്നുള്ള സത്യം അമേരിക്കയെപ്പോലെയുള്ള വൻ ശക്തികൾ പോലും പല വട്ടം മനസ്സിലാക്കിയതാണ്. അതുകൊണ്ടായിരിക്കാം റഷ്യയും സമാധാന ചർച്ചകൾ ആകാം എന്ന് ചിന്തിക്കുന്നതുപോലും. എന്നാൽ യുക്രെയിനിന്‌ ചില കാര്യങ്ങളിൽ ഇന്ത്യയോട് പരിഭവം ഉണ്ട്. യുദ്ധം തുടങ്ങിയപ്പോൾ മുതൽ ഐക്യരാഷ്ട്രസഭയിൽ റഷ്യയെ അപലപിച്ചു കൊണ്ടുവന്ന പ്രമേയങ്ങളിലെല്ലാം തന്നെ ഇന്ത്യ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നുകൊണ്ട് നിഷ്‌പക്ഷത കാട്ടി. അതുപോലെ റഷ്യയ്ക്ക് അമേരിക്കയും സഖ്യകക്ഷികളും ഉപരോധം ഏർപ്പെടുത്തി റഷ്യയെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാൻ നോക്കിയപ്പോൾ ഇന്ത്യ അതിനു വഴങ്ങാതെ റഷ്യയിൽ നിന്നും കുറഞ്ഞ വിലയിൽ എണ്ണ അധികമായി വാങ്ങിക്കൂട്ടുകയാണ്  ചെയ്തത്. ഇതിന്റെ അതൃപ്‌തി അമേരിക്ക നേരിട്ട് ഇന്ത്യയെ അറിയിക്കുകയും ചെയ്തു. എന്നാൽ ഇന്ത്യയുടെ പ്രത്യേക പരിസ്ഥിതിയിൽ അമേരിക്ക കാര്യമായ നടപടിയൊന്നും എടുക്കാതെ മൗനം പാലിക്കയാണുണ്ടായത്. ഇന്ന് റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 430 ശതമാനം വർധിച്ചിരിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകരാഷ്ട്രങ്ങൾക്ക് ഇതിൽ പരിഭവമുണ്ടെങ്കിലും എല്ലാവരും ഇന്ത്യയെ പിണക്കാതെ മൗനം പാലിക്കയാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം റഷ്യയെ പിണക്കാൻ സാധിക്കില്ല എന്ന യാഥാർഥ്യം അമേരിക്കയ്ക്കും അറിയാവുന്നതാണ്. അതിന്റെ മുഖ്യ കാരണം ചൈനയുമായുള്ള സംഘർഷമാണ്. ചൈനയുടെ നീക്കങ്ങൾ അപ്രതീക്ഷിതവും കിരാതവുമാണെന്നുള്ള മുൻ പരിചയം ഇന്ത്യയ്ക്ക് അറിവുള്ളതാണ്. ആ ചൈനയെ ഫലപ്രദമായി തടഞ്ഞു നിർത്തണമെങ്കിൽ അന്താരാഷ്ട്ര തലത്തിൽ റഷ്യയുടെ സഹായം ആവശ്യമാണ്. അതുകൊണ്ടു തന്നെ റഷ്യ ചൈനയോട് കൂടുതൽ അടുക്കുന്നത് ആപത്കരമാണെന്ന് ഇന്ത്യ മനസ്സിലാക്കുന്നു.
ഇന്ന് ബാലിയിൽ നടന്ന ജി-20 സമ്മേളനത്തിൽ നരേന്ദ്ര മോദി ചെയ്ത പ്രസംഗം ഹൃദയസ്പർശിയായിരുന്നു. "രണ്ടാം ലോകമഹായുദ്ധത്തിൽ നിന്നും നാം പഠിച്ച പാഠം ഉൾക്കൊള്ളണം. യുദ്ധം നാശമല്ലാതെ ആർക്കും ഗുണം ചെയ്യില്ല. റഷ്യ-യുക്രെയ്ൻ യുദ്ധം ചർച്ചകളിൽ കൂടി അവസാനിപ്പിക്കണം." ഇവിടെ സമാധാനകാംക്ഷിയായ ഒരു ക്രാന്തദർശിയെയാണ് ലോക രാഷ്ട്രങ്ങൾ കണ്ടത്. അന്താരാഷ്ട്രതലത്തിൽ ഇന്ത്യയുടെ ഇടപെടലുകളും അഭിപ്രായങ്ങളും പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ സമാധാന ചർച്ചകൾ ഇന്ത്യയുടെ മധ്യസ്ഥതയിൽ ഫലം കാണും എന്ന് പല യൂറോപ്യൻ രാജ്യങ്ങളും വിശ്വസിക്കുന്നു. എന്നാൽ ഇന്ത്യക്കൊപ്പം നിഷ്‌പക്ഷ രാഷ്ട്രങ്ങളായ ഇസ്രയേലും യു.എ.ഇ യും കൂടി ചർച്ചകൾക്കു മുൻകൈയ്യെടുക്കണമെന്നാണ് അന്താരാഷ്ട്ര തലത്തിൽ പല നയതന്ത്ര വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. 
ഇന്ത്യയുടെ വിദേശകാര്യ ചരിത്രത്തിൽ നാഴികക്കല്ലായേക്കാവുന്ന ഈ ദൗത്യത്തെപ്പറ്റി ശുഭപ്രതീക്ഷയോടെ വിദഗ്ദ്ധർ ഉറ്റുനോക്കുന്നത് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ കണ്ടുകൊണ്ടാണ്. ന്യൂക്ലിയർ ഡിപ്ലോമസിയിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഇദ്ദേഹത്തിന്റെ നയതന്ത്രജ്ഞത അന്താരാഷ്ട്ര തലത്തിൽ പ്രശസ്‌തമാണ്‌. കഴിവുള്ളവരെ അതാതു തലങ്ങളിൽ നിയമിച്ചു പരമാവധി പ്രയോജനപ്പെടുത്തുക എന്നതായിരിക്കണം നേതൃത്വത്തിന്റെ മികവ്. പലരും ചെയ്യുന്നതുപോലെ വിവരമില്ലാത്തവരെ  വകുപ്പു മന്ത്രിമാരാക്കുന്നതു പോലെയുള്ള വിവരക്കേട് പ്രധാനമന്ത്രി കാണിച്ചില്ലെന്നുള്ളത് പ്രശംസനീയമാണ്. ഇന്ന് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ യശസ്സ് ഉയർന്നിരിക്കയാണ്. റഷ്യ-യുക്രെയിൻ യുദ്ധം ഇന്ത്യ മുഖാന്തിരം അവസാനിക്കുമെങ്കിൽ ഓരോ ഇന്ത്യക്കാരനും അത് അഭിമാന മുഹർത്താമായിരിക്കും. സമാധാന ശ്രമങ്ങൾ സഫലമാകട്ടെയെന്ന് ആശംസിക്കുന്നു.
_______________

 

Join WhatsApp News
Santhosh 2022-11-16 00:55:32
വസ്തുനിഷ്ടമായ അവലോകനം മനോഹരം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക