Image

അഞ്ച് കഥകൾ (മുഹമ്മദ് ഷെമിൽ)

Published on 16 November, 2022
അഞ്ച് കഥകൾ (മുഹമ്മദ് ഷെമിൽ)

1. ക്രിയേറ്റിവ് ഡെത്ത്

ഫോട്ടോഗ്രാഫി മത്സരം
വിഷയം: മഴ ബാക്കി വെച്ചത്

ഇത്തിരി ക്രിയേറ്റീവ് തിങ്കറായ വിദ്യാർത്ഥി ക്യാമറയും പിടിച്ച് പെരും വെയിലിത്തിറങ്ങി. നീണ്ട നിരീക്ഷണത്തിനൊടുവിൽ ഒരു ചിതൽപ്പുറ്റ് കണ്ടു. ഉടനെയോടി ഒരു കപ്പിൽ വെള്ളമെടുത്ത് അതിലേക്കോഴിച്ചു. പ്രളയത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ചിതലുകളെ ചവിട്ടിഞെരിച്ചു. ശേഷം വളരെ ക്രിയാത്മകമായി ഫോട്ടോ എടുത്തു. എൻട്രി അയച്ചു കൊടുക്കുമ്പോൾ കൂടെയൊരു കാപ്ഷനും...

"മഴ ബാക്കി വെച്ചത് മരണങ്ങൾ..."


2. ഇയ്യാംപാറ്റകൾ: അന്നും ഇന്നും

അന്ന്: ശക്തമായ മഴ ഭൂമിയെ വിഴുങ്ങിയപ്പോൾ ഇയ്യാംപാറ്റകൾ മണ്ണ് തുരന്ന് പുറത്തേക്കോടി.  കിടപ്പാടം വെള്ളത്തിലായ സങ്കടത്തിൽ ഒരു വീടിന്റെ ഉമ്മറത്തുള്ള വിളക്കിന് ചുറ്റും അവരൊരുമിച്ചു കൂടി. നേരം വെളുക്കുവോളം കരഞ്ഞു തീർത്തവരിൽ പലരും തീയിൽ ചാടി മരിച്ചു. ചിലർ ചിറകുകൾ മുറിച്ച് ആത്മഹത്യ ചെയ്തു.

ഇന്ന്: ശക്തമായ മഴ കാരണം ഭൂമിക്കടിയിൽ തീരെ റേഞ്ച്‌ ഇല്ല. സിം വി.ഐ ആണ്. മഴയെ ശപിച്ചു കൊണ്ട് ഇയ്യാംപാറ്റകൾ പുറത്തെത്തി. ദൂരെ വീടിന്റെ ഉമ്മറത്ത് മൊബൈലിന്റെ വെളിച്ചം കണ്ടവർ കൂട്ടത്തോടെ പാലായനം ചെയ്തു. ചെക്കന്റെ ഫോണിൽ നെറ്റ് ഭയങ്കര സ്പീഡ് ആണ്. വൈഫൈ കണക്ഷൻ ചോദിച്ചെങ്കിലും അവൻ കേട്ട ഭാവം നടിക്കുന്നില്ല. പാറ്റകൾ മൊബൈലിന് ചുറ്റും വട്ടമിട്ട് അവനോടു കെഞ്ചി. ദേഷ്യം വന്ന അവനവരെ ഞെക്കി കൊന്നു. പരിക്കോടെ അവിടെ നിന്ന് രക്ഷപ്പെട്ട ചിലർ "ഹൃദയാഘാതം" മൂലം മരിച്ചു.


3. മെഴുകുതിരി

"പട്ടിണി കാരണം വീട്ടമ്മ മരിച്ചു"
വാർത്ത കേട്ടയുടനെ മന്ത്രി അവരുടെ വീട്ടിലെത്തി.
മുഖത്ത് വിഷാദാത്മകമായ ഇമോജിയും ഫിറ്റ് ചെയ്ത് ശവത്തിന്റെ നെഞ്ചത്ത് തന്നെ റീത്ത് വെച്ചു.
ദാഹിച്ചു വലഞ്ഞ മെഴുകുതിരിക്ക് സമീപം ആ സ്ത്രീയുടെ ഫോട്ടോ അയാൾ ശ്രദ്ധിച്ചു.

"പണ്ട് വോട്ടഭ്യർത്ഥിക്കാൻ ചെന്നപ്പോൾ നിർബന്ധിച്ച് വീട്ടിലേക്ക് ക്ഷണിച്ച് കഞ്ഞി വിളമ്പി തന്ന ഒരമ്മ"


4. വരനെ ആവശ്യമുണ്ട്

അതിരാവിലെ വയലിലേക്കിറങ്ങിയതാണെങ്കിലും അതിന്റെ യാതൊരു ക്ഷീണവും വക വെക്കാതെ അരിവാളും കലപ്പയും ഉമ്മറത്തിട്ട് കോലായിലെ പത്രം കയ്യേറി. ആദ്യപേജിലെ ചൂടേറിയ വാർത്തകൾ പാടെ അവഗണിച്ച് അടുത്ത പേജുകൾ മറിക്കാൻ തുടങ്ങി. അവസാനമൊരു പേജിലെത്തിയപ്പോൾ അയാളുടെ വിരലുകൾ നിലച്ചു. 
"വരനെ ആവശ്യമുണ്ട്..."
വധുവീട്ടുകാരുടെ ആവശ്യങ്ങൾ ഓരോന്നും ആവേശത്തോടെ വായിച്ചു. അതിൽ എഞ്ചിനീയർ മുതൽ വാടകപീടികക്കാരനെ വരെ കണ്ടെങ്കിലും "കർഷകനെ" മാത്രം കണ്ടില്ല. അയാൾ ആലോചിച്ചു. 
"വെറുതെയല്ല തൊട്ടപ്പുറത്തുള്ള നരമൂത്ത കർഷകൻ പുരയും കലപ്പയും വിറ്റ് മകനെ പഠിപ്പിക്കാൻ വിട്ടത്."


5. വൃദ്ധസദനം

നാട്ടിൽ യുവാക്കളുടെ നിർബന്ധം മൂലമാണ് അവനൊരു വൃദ്ധസദനം തുടങ്ങിയത്. അതിലേക്ക് ആദ്യ അഡ്മിഷനായി തന്റെ അച്ഛനെ തന്നെ ചേർത്തു. ഉദ്ഘാടനവേദിയിൽ ഘോരമായി അവൻ പ്രസംഗിച്ചു.

"ആദ്യത്തെ അംഗമായി എന്റെ അച്ഛൻ നിങ്ങളുടെ കൂടെയുണ്ട്..."

വർഷങ്ങൾക്കിപ്പുറം വാർദ്ധക്യം ബാധിച്ച അവനെയും തന്റെ മകൻ ആ വർഷത്തെ ആദ്യ അഡ്മിഷനായി ചേർത്തു. മുപ്പത്തിയഞ്ചാം വാർഷികത്തിൽ ആ മകൻ പ്രസംഗിച്ചു.

"ഈ സംരംഭത്തിന്റെ തുടക്കക്കാരനായ എന്റെ അച്ഛനും നിങ്ങളോടൊപ്പമുണ്ട്"

എല്ലാം കേട്ടിരിക്കുന്ന അയാളുടെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകനെ ചേർത്തു പിടിച്ച് മുത്തച്ഛൻ പതിയെ പറഞ്ഞു കൊടുത്തു.

"മോനും അച്ഛൻ മാതൃകയാക്കിയ ഈ പ്രവർത്തനം ഒരു മുടക്കവും കൂടാതെ തുടർന്നുകൊണ്ട് പോകണം..."

അതിന് സമ്മതമെന്നോണം മുത്തച്ഛനോടൊപ്പം അവനും വേദിയിൽ പ്രസംഗിക്കുന്ന അച്ഛനെ കയ്യടിച്ച് പോത്സാഹിപ്പിച്ചു.

 

Join WhatsApp News
Chinchu 2022-11-16 03:12:57
Kidu
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക