Image

ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ക്കു വേണ്ടി ന്യൂയോര്‍ക്കില്‍ സമാധാനപരമായ റാലി 

Published on 18 November, 2022
 ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ക്കു വേണ്ടി ന്യൂയോര്‍ക്കില്‍ സമാധാനപരമായ റാലി 

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലുള്ള ഐക്യരാഷ്ട്രസഭയുടെ ലോക ആസ്ഥാനത്തിനു മുന്നില്‍ നവംബര്‍ 15 ചൊവ്വാഴ്ച രാവിലെ 11.30 ന്  സീനിയര്‍ പാസ്റ്റര്‍ റവ.ഡോ. ജതീന്ദര്‍ പി.ഗില്ലിന്റെ നേതൃത്വത്തില്‍ ബെത്ലഹേം പഞ്ചാബി ചര്‍ച്ച്  സമാധാനപരമായൊരു പ്രതിഷേധ റാലി സംഘടിപ്പിച്ചു. കൊടുംതണുപ്പിനെ അവഗണിച്ചുപോലും ആ ആള്‍ക്കൂട്ടം, ദൈവത്തോടുള്ള സ്‌നേഹം പ്രകടമാക്കുന്ന സ്തുതിഗീതങ്ങളും ആരാധനാ ഗാനങ്ങളും ആലപിച്ച്, ശ്രുതിമധുരമായ അന്തരീക്ഷം സൃഷ്ടിച്ചു. പ്രാദേശിക പഞ്ചാബി, ഹിന്ദി, ഗുജറാത്തി, മലയാളി സഭാനേതാക്കള്‍ ഉത്സാഹത്തോടെ ഒത്തുചേര്‍ന്ന് തങ്ങളുടെ ഐക്യം വ്യക്തമാക്കി.  

ജനങ്ങളുടെ യാതനകള്‍ക്ക് പരിഹാരമുണ്ടാകുന്നതിന് വേണ്ടി അവര്‍ ഒരേമനസ്സോടെ പ്രാര്‍ത്ഥിച്ചു.

വടക്കേയിന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കെതിരെ വളരെക്കാലമായി നടക്കുന്ന അക്രമങ്ങളെക്കുറിച്ച്  ഡോ.ജതീന്ദര്‍ ഗില്‍ തന്റെ പ്രസംഗത്തില്‍ ആശങ്ക പങ്കുവച്ചു.

വിശ്വാസമെന്നത് ജന്മാവകാശം മാത്രമല്ല, ഭരണഘടനാപരമായ അവകാശവുമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ തങ്ങള്‍ സമാധാനം പ്രചരിപ്പിക്കുകയും ആചരിക്കുകയും ചെയ്യുന്നുവെന്ന് പാസ്റ്റര്‍ വില്‍സണ്‍ ജോസ് അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ മുക്കിലും മൂലയിലും  വിദ്യാഭ്യാസം, ആശുപത്രികള്‍, വികസനം എന്നിവ എത്തിച്ചതില്‍ ക്രിസ്ത്യാനികള്‍ക്കുള്ള പങ്കിനെക്കുറിച്ചും പരാമര്‍ശിച്ചു. പരസ്പരം സ്നേഹിക്കുകയും ശത്രുക്കള്‍ക്ക് വേണ്ടിപ്പോലും  പ്രാര്‍ത്ഥിക്കുകയും ചെയ്യുക എന്നതാണ് യേശുക്രിസ്തുവിന്റെ കല്‍പ്പനകളില്‍ ഒന്നെന്നും പാസ്റ്റര്‍ ഓര്‍മ്മപ്പെടുത്തി. ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിച്ച്, സമാധാനം പുനഃസ്ഥാപിക്കുക എന്ന ആവശ്യം ഉള്‍ക്കൊള്ളുന്ന സമഗ്രമായ മെമ്മോറാന്‍ഡം അവര്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ചു. അമേരിക്കയിലും ഇന്ത്യയിലുമുള്ള  ക്രിസ്ത്യാനികള്‍ക്ക് വേണ്ടി കൂട്ടപ്രാര്‍ത്ഥന നടത്തിയാണ് റാലി സമാപിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക