Image

സ്ത്രീജന്മം (കവിത : പ്രസന്ന നായർ)

Published on 19 November, 2022
    സ്ത്രീജന്മം (കവിത :  പ്രസന്ന നായർ)


“സ്ത്രീയാണു ദേവത, സ്ത്രീയാണു പൂജിത”
ആപ്ത വാക്യം കേട്ട് വളർന്നൊരു തലമുറ
ഇന്നത്തെ നാരീ വിലാപം കേൾക്കവേ
ലജ്ജയാൽ മനസ്സും ശിരസും കുനിക്കുന്നു 
മാതൃത്വത്തിൻ മഹത്വം  നേടിടുവാൻ 
മനസും   വപുസ്സും  തപസും  ചെയ്തീടവേ
പെറ്റതു പെൺജന്മത്തെ എന്നറിയുമ്പോൾ 
പേടിയോടെ ഹൃദയം വിതുമ്പുന്നു
കണ്ണിലെ കൃഷ്ണമണിപോലെ  കാക്കണം 
നെഞ്ചിലെ ചൂടിൽ ചേർത്ത് പിടിക്കണം 
അമ്മിഞ്ഞ പാലിനോടൊപ്പം സ്വയരക്ഷാ
മന്ത്രവുമോതി വളർത്തി വലുതാക്കണം
താമര തോൽക്കും ബാല്യത്തിനഴകിനെ പോലും 
കോരി കുടിക്കും  കാമാന്ധ നയനങ്ങൾ
നിർമല കൗമാര സ്വപ്നങ്ങളെല്ലാം 
തല്ലികെടുത്താതെ കൈക്കുമ്പിൾ കാക്കണം
യൗവനം മേനിയിൽ തളിരിട്ടുണരുമ്പോൾ
കാപട്യ പ്രേമം പിൻപേ അലയുന്നു 
ഇഷ്ടമല്ലെന്നൊരു ഭാവമുണർത്തിയാൽ
ശിഷ്ട ജീവിതം പിന്നവൻ്റെ ഇഷ്ടംപോലെ 
തിളങ്ങുന്ന കത്തിയായ് തിളയ്ക്കും ദ്രാവകമായ്
തീരുന്നു അവളുടെ മോഹങ്ങളത്രയും 
പെണ്ണിന് മനസില്ല മോഹങ്ങളുമില്ല 
എല്ലാം പുരുഷ പ്രമാണിമാർ തൻ ഹിതം 
ചാഞ്ചാടും മനസുള്ള അബല  ജന്മങ്ങളെ
ചടുലതയോടെ അടിമപ്പെടുത്തുവാൻ 
ശപഥമെടുത്ത മനസ്സുള്ളവനൊപ്പം
പെണ്ണിന് പെണ്ണ് തന്നെ വഴിയൊരുക്കീടുന്നു
മാതാവിനെപ്പോലെ പൂജിതയാകേണ്ട
വന്ദ്യ വാർദ്ധക്യവും ബലിയാടുകളാകുന്നു
പൊന്നിൻ നുറുക്ക് കഴുത്തിലണിയിച്ചു
സീമന്ത രേഖയിൽ സിന്ദൂര മണിയിച്ച
ഭർതൃകരങ്ങളിൽ ചേർത്ത് കൊടുത്താലും
സ്ത്രീജന്മം എത്ര സുരക്ഷിതം കണ്ടറിയേണം 
സ്ത്രീ തന്നെ ധനമെന്ന വായ്മൊഴി മറക്കുന്നു 
സ്ത്രീധന പിശാചിൻറ്റെ കോമരം തുള്ളലിൽ 
സ്വപ്നം വിടരുന്ന മനസുമായി , കത്തുന്ന പൊൻവിളക്കുമായ് 
വലതുകാൽ വെച്ചു കയറുന്നിടം പോലും 
സ്വന്തം  പട്ടടയാക്കുന്നു കലി കാലം 
ജീവന്റെ പാതിയും മാതാവും കൂട്ടരും 
ജീവൻ വെടിയുവാൻ പ്രേരിതരാക്കുന്നു
ജീവന്റെ രക്‌തം നൽകി ജനിപ്പിച്ച 
ജനനി ജനകന്മാർ ചോദ്യ ചിഹ്നമായ വളയുന്നു
ഈ സ്ഥിതി മാറണം, പെണ്ണിന്റെ മാനവും ജീവനും 
ശ്രീകോവിൽ ദീപം പോൽ ജ്വലിപ്പിച്ചു നിർത്തണം 
പെണ്ണെന്നു പെണ്ണിനെ മാനിച്ചിടുന്നുവോ 
അന്ന് സമൂഹവും മാനിക്കും സ്ത്രീകളെ ..

poem sthree

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക