MediaAppUSA

ബഹുദൂരം പോകട്ടെ ഈ വൈറ്റ് ആൾട്ടോ 

Published on 20 November, 2022
ബഹുദൂരം പോകട്ടെ ഈ വൈറ്റ് ആൾട്ടോ 

ഏറെ പ്രേക്ഷക പ്രീതി നേടിയ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന് ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ചിത്രമാണ് 1744 വൈറ്റ് ആൾട്ടോ. സംവിധായകനൊപ്പം ശ്രീരാജ് രവീന്ദ്രൻ, അർജുനൻ എന്നിവർ കൂടി ചേർന്ന് തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ, രാജേഷ് മാധവൻ, ആനന്ദ് മന്മഥൻ, വിൻസി അലോഷ്യസ്, നിൽജ എന്നിവർ ആണ് പ്രമുഖ താരങ്ങൾ. 

തിങ്കളാഴ്ച നിശ്ചയം അണിയിച്ചൊരുക്കിയ സെന്ന ഹെഗ്ഡെ തന്റെ അടുത്ത ചിത്രവുമായി എത്തുന്നു എന്നത് തന്നെയായിരുന്നു 1744 വൈറ്റ് ആൾട്ടോയുടെ ഏറ്റവും വലിയ പബ്ലിസിറ്റി. ആദ്യം ചിത്രം പോലെ നർമ്മത്തിൽ ചാലിച്ച കഥാ സന്ദർഭങ്ങളും കാരിക്കേച്ചർ സ്വഭാവമുള്ള കഥാപത്രങ്ങളും തന്നെയാണ് വൈറ്റ് ആൾട്ടോയിലും ഒരുക്കിയിരിക്കുന്നത്. ഒരു വൈറ്റ് ആൾട്ടോ കാർ തേടിയുള്ള പോലീസിന്റെ യാത്ര. ഈ യാത്രയിൽ അവരെ കാത്തിരിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങളും വഴിത്തിരിവുകളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം. സമീപ കാലങ്ങളിൽ ഇന്ത്യൻ സിനിമയിൽ കുറച്ചേറെയായി പരീക്ഷിച്ചു വരുന്ന ഡാർക്ക്‌ കോമഡി ജോണറിൽ ആണ് വൈറ്റ് ആൾട്ടോ കഥ പറഞ്ഞ് പോകുന്നത്. റിസ്കി ആയിട്ടുള്ള ഈ ആഖ്യാന ശൈലി ധൈര്യപൂർവം ഏറ്റെടുത്ത് പ്രേക്ഷകന് പുതുമ ഉള്ള ഒരു അനുഭവം നൽകാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ആദ്യ രംഗം മുതൽ അവസാന നിമിഷം വരെ ചിരിക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്നതിനാൽ മറ്റു പല പോരായ്മകളെയും ഒരുപക്ഷെ പ്രേക്ഷകൻ സൗകര്യ പൂർവ്വം മറന്നേക്കാം. കഥാപാത്ര നിർമ്മിതിയിൽ തന്നെ ചിരിക്ക് വകയുള്ളതിനാൽ ഹാസ്യരംഗങ്ങൾ അനായാസമായി വന്നു പോകുന്നുണ്ട്. എന്നാൽ പറയാൻ കാര്യമായി ഒരു കഥ ഇല്ലാത്തത് കൊണ്ട് തിരക്കഥ  കുറച്ചധികം ഈ ഹ്യൂമർ സിറ്റുവേഷൻസിനെ ആശ്രയിക്കുകയും അതിന്റെ ഫലമായി ചില രംഗങ്ങൾ കൃത്രിമത്വം നിറഞ്ഞതാവുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും അവയെ ഒക്കെ കവച്ച് വെക്കുന്ന പ്രകടനങ്ങൾ കൂടി ചേരുമ്പോൾ ആസ്വാദ്യകരമാകുന്നുണ്ട് 1744 വൈറ്റ് ആൾട്ടോ. 

സംതൃപ്തിയോടെ മുന്നേറുന്ന ചിത്രം അൽപ്പമൊന്ന് വീണ് പോകുന്നുണ്ടെങ്കിൽ അത് ക്ളൈമാക്സിൽ ആണെന്ന് പറയേണ്ടി വരും. പല വഴികളിലൂടെ വികസിപ്പിച്ച് കൊണ്ട് വന്ന പ്ലോട്ടുകളെ എങ്ങനെ ഒരുമിപ്പിച്ച് പര്യവസാനിപ്പിക്കാം എന്നതിൽ എഴുത്തുകാർക്ക് ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്ന പോലെ ചിത്രം കാണുമ്പോൾ ഒരുപക്ഷെ അനുഭവപ്പെട്ടേക്കാം. എന്നാൽ ക്ളൈമാക്സിൽ ഒഴികെ, പാളി പോകേണ്ട പല സിറ്റുവേഷൻസുകളെയും സംവിധായകൻ കൈയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ കാഴ്ചകൾക്കും പരീക്ഷണങ്ങൾക്കുമായി തീർച്ചയായും ഈ സംവിധായകനിൽ പ്രതീക്ഷ അർപ്പിക്കാം എന്ന് 1744 വൈറ്റ് ആൾട്ടോ ഉറപ്പ് തരുന്നു. ഷറഫുദ്ദീന്റെയും രാജേഷ് മാധവന്റെയും ഗംഭീര പ്രകടനങ്ങൾ ആണ് ചിത്രത്തിന്റെ കാതൽ. ഇരുവരുടെയും സ്വതസിദ്ധമായ കോമിക് ടൈമിംഗ് സിനിമയ്ക്ക് വല്ലാതെ മുതൽക്കൂട്ട് ആകുന്നുണ്ട്. ജയ ജയ ജയ ജയ ഹേ യിൽ ശ്രദ്ധേയ വേഷം ചെയ്ത ആനന്ദ് മന്മഥനെയും സംവിധായകൻ സമർത്ഥമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 

ടെക്നിക്കൽ സൈഡിൽ എല്ലാ മേഖലകളിലും ചിത്രം മികവ് പുലർത്തിയിട്ടുണ്ട്. ചെറിയ പോരായ്മകൾ ഒഴിച്ച് നിർത്തിയാൽ പ്രമേയങ്ങളിലും കഥ പറച്ചിലിലും വഴി മാറി നടക്കുന്ന മലയാള സിനിമയുടെ യാത്രയ്ക്ക് ഊർജ്ജം ആയേക്കാം 1744 വൈറ്റ് ആൾട്ടോ.

1744 WHITE ALTO -CINEMA REVIEW

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക