Image

ബലൂൺ (ചെറുകഥ: ചിഞ്ചു തോമസ്)

Published on 21 November, 2022
ബലൂൺ (ചെറുകഥ: ചിഞ്ചു തോമസ്)

ദുബായ് ഗ്ലോബൽ വില്ലേജിലെ പലതരം വർണങ്ങൾക്കും വെളിച്ചങ്ങൾക്കുമിടയിൽ തലപൊക്കിനിൽക്കുന്ന ഗോപുരങ്ങൾ പ്രതിനിധീകരിക്കുന്നത് ഓരോരോരാജ്യങ്ങളെയാണ് .മിക്ക ഗോപുരങ്ങളുടെയും മുമ്പിലായി കൂറ്റൻ പ്രതിമകളേയും കാണാം .സൂഫിയുടെയും ആഫ്രിക്കൻ ഗോത്രവർഗ്ഗക്കാരുടെയും പഴയ രാജാക്കന്മാരുടേയുമൊക്കെ പ്രതിമകൾ കാഴ്ചയ്ക്കു ഭംഗിയേകി.സംഗീതോപകരണങ്ങൾ വായിക്കുന്നവരും ഐസ്ക്രീം വില്പനക്കാരും ഉച്ചഭാഷിണികളും വെളിച്ചങ്ങൾകൊണ്ട് അലങ്കരിച്ച ബോട്ടുകളും കുട്ടികളെ ആകർഷിക്കാനുണ്ടെങ്കിലും ബലൂൺകൂട്ടങ്ങളുമായി നിൽക്കുന്ന ബലൂൺ വില്പനക്കാരന്റെയടുത്തേക്കു കുട്ടികളോടിച്ചെല്ലും.അതൊരു അലിഖിത നിയമം പോലെയാണ് കുട്ടികൾക്ക്.

ബലൂൺകൂട്ടത്തിൽനിന്നും വിമാനത്തിന്റെ ആകൃതിയിലുള്ള ബലൂൺ അന്ത്രോ തിരഞ്ഞെടുത്തു.അത് ഹീലിയം നിറച്ച ബലൂണായിരുന്നു .ആ ബലൂണിനെ കെട്ടിയിരുന്ന പ്ലാസ്റ്റിക് വള്ളിയുടെ ഒരറ്റം ഭാരമുള്ള എതോ ലോഹവുമായി ബന്ധിപ്പിച്ചിരുന്നു.ഇവ്വിധം ബന്ധിപ്പിച്ചില്ല എങ്കിൽ ഹീലിയം ബലൂൺ പറന്നുപൊങ്ങും.

അന്ത്രോ എടുത്ത ബലൂൺ എനിക്കിഷ്ട്ടമായില്ല .

എനിക്ക് വെള്ളനിറത്തിലെ വൃത്താകൃതിയിലുള്ള ,ബലൂണിന് ചുറ്റും മിന്നാമിന്നി വെളിച്ചം ഘടിപ്പിച്ച, ബലൂണായിരുന്നു ഇഷ്ടം.ആ ബലൂൺ  ഒരു നീളൻ സ്ട്രോയിലായിരുന്നു ബന്ധിപ്പിച്ചിരുന്നത്.പിടിക്കാനും എളുപ്പമുള്ള കാണാനും സൗന്ദര്യമുള്ള ബലൂൺ.

'അന്ത്രോ വെള്ള ബലൂൺമതി',ഞാൻ പറഞ്ഞു.

'അല്ല മമ്മാ , എനിക്ക് വിമാനത്തിന്റെ ആകൃതിയിലുള്ള ബലൂൺ  മതി .മമ്മാ കണ്ടില്ലേ അതിന്റെ എൻജിൻ ,എൻജിൻ ഉണ്ടായതുകൊണ്ടല്ലേ അത് ഉയരത്തിൽ പറക്കുന്നത് . നല്ല ശക്തിയുള്ള എൻജിനാണ് '.

ചെറിയകുട്ടിക്ക് എങ്ങനെ മനസിലാകാനാണ് ആ ബലൂൺ ഹീലിയം നിറച്ചിട്ടാണ് പറക്കുന്നതെന്ന് . അത് പറഞ്ഞുമനസ്സിലാക്കിക്കാനും എനിക്ക് തോന്നിയില്ല.ആ നിഷ്കളങ്കത ഒരുനാൾ പോകും പക്ഷേ അത് ഞാനായികളയുന്നില്ല.കാണുന്നതെല്ലാം സത്യമെന്ന് അവൻ കുറെനാൾകൂടെ വിശ്വസിച്ചോട്ടേ.

ആ ബലൂൺ വാങ്ങിയെങ്കിലും എനിക്ക് അതിനെ തീരെ ഇഷ്ട്ടമായില്ല.

അന്ത്രോ ആ ബലൂണിനെ ഉയരത്തിൽ എറിയും .അത് എത്രെ എറിഞ്ഞാലും താഴെവരും അതിന്റെ ഒരറ്റത്ത് കെട്ടിയിരിക്കുന്ന ലോഹംകാരണം.

രാത്രി കാഴ്ചകളെല്ലാംകണ്ട്‌ വീട്ടിൽ തിരിച്ചെത്തി.കൂടെ വിമാന ബലൂണും . ബലൂൺ വീടിന്റെ ഉള്ളിലുമെത്തി .നിലത്ത് ലോഹവും വായുവിൽ ബലൂണും.

 എന്റെ നോട്ടം, പിറ്റേദിവസം വെളിച്ചമിട്ട് അടുക്കളയിൽ പോകുംവഴിയും ആ ബലൂണിൻമേൽ തട്ടി.ഇഷ്ടമില്ലാതെ ആ ബലൂണിനെ മറികടന്ന് ഞാൻ പോയി.

സ്കൂൾബസ് കാത്തുനിൽക്കാൻ വീടിന്റെ മുൻപിലേക്ക് പോകും വഴി  അന്ത്രോയുടെ കൈതട്ടി ആ ബലൂണും ലോഹവും രണ്ടായി.വിമാന ബലൂൺ ആകാശത്തേക്ക് പറന്നുയർന്നു.
അന്ത്രോ ,’എന്റെ ബലൂൺ ‘എന്ന് പറഞ്ഞു കരയാൻ തുടങ്ങി .അന്ത്രോയുടെ പപ്പാ 'അയ്യോ അതെങ്ങനെ പൊട്ടി' എന്ന് ചോദിച്ചു.അത്രെയും നേരം ആ ബലൂണിനെ ഇഷ്ട്ടമല്ലാതെ നോക്കിയ ഞാൻ സന്തോഷംകൊണ്ട് ചാടി .'ഹായ് വിമാന ബലൂൺ ശെരിക്കും വിമാനംപോലെ പറന്നുപൊങ്ങുന്നു ,നോക്ക് അന്ത്രോ നിന്റെ ശക്തിയുള്ള എൻജിനുള്ള വിമാനം പറക്കുന്നു ', ഞാൻ അട്ടഹസിച്ചും ആർത്തുവിളിച്ചും പറഞ്ഞു .അതുകേട്ട് അന്ത്രോയുടെ കരച്ചിൽ അട്ടഹാസമായിമാറി.

എന്ത് ഭാഗ്യമുള്ള ബലൂണാണ് ഇത്.വെറുതേ ഇല്ലാതാകുകയല്ലല്ലോ ചെയ്തത് .അത് ഉയരത്തിൽ പറന്നുപൊങ്ങിയില്ലേ !

ആ ബലൂൺ കാറ്റിനനുസരിച്ചു നൃത്തമാടി പറന്നു നടക്കുന്നതും ആകാശത്തിലൂടെ കൂട്ടമായി പറക്കുന്ന പക്ഷികളെ കടന്നുപോകുന്നതും മേഘങ്ങൾ അതിനെ തലോടുന്നതും ഞാൻ ഭൂമിയിൽനിന്ന് കണ്ടു.

അന്ത്രോയുടെ സ്കൂൾബസ് വന്നുപോയി.
ആ ബലൂൺ ഒരു വരപോലെ മാത്രം ദൃശ്യമായി .എനിക്ക് പെട്ടെന്ന് സങ്കടം വന്നു, നിന്നെ എനിക്കിനി കാണാൻ കഴിയില്ലേ എന്നോർത്ത് !

കാറ്റിന്റെ ദിശ മാറിയോയെന്തോ ആ ബലൂൺ തിരികെയുള്ള ദിശയിലേക്കു വന്നു . എനിക്ക് കാണുന്നപോലെ.
ഞാൻ പിന്നെയും അതിന്റെ നൃത്തംനോക്കിനിന്നു.

'വാ നമുക്ക് അകത്തുകയറാം ',അന്ത്രോയുടെ പപ്പാ പറഞ്ഞു.

‘ഇല്ല ,ഞാൻ വെരുന്നില്ല’ എന്ന് പറഞ്ഞു.

എന്റെ നോട്ടം ആ ബലൂണിൽത്തന്നെ.അത് എനിക്കുവേണ്ടി തിരിച്ചുവന്നപോലെ.ഞാൻ അപ്പോൾ അതിനെ ഇട്ടിട്ടു പൊയ്കൂടാ.

അത് ആകാശത്തു ഉയരങ്ങളിലാണെങ്കിലും എനിക്ക് ഒരു ചെറിയ വരപോലെ കാണാമായിരുന്നു.പിന്നെപ്പിന്നെ അതൊരു ബിന്ദുവായി .വെറുമൊരു പൊട്ട് പോലെ മാത്രം  കാണാവുന്നതായി.ഞാൻ കണ്ണടയ്ക്കാതെ നോക്കിനിന്നു.

അറിയാതെ കൺപോളകൾ ഒരു നിമിഷം അടഞ്ഞുതുറന്നു.

ആ പൊട്ട് കാണാനില്ല.അതുണ്ടായിരുന്ന സ്ഥലത്തുതന്നെ നോക്കിനിന്നു . മേഘങ്ങൾ അതിനെ മൂടിയതായിരുന്നു എന്ന് എന്നെ  മനസ്സിലാക്കിക്കും  വിധം എന്റെ കണ്മുന്നിൽവെച്ചുതന്നെ മേഘങ്ങൾ മാറിനിന്ന് ആ ബലൂണിനെ എനിക്ക് ഒരു പൊട്ട് പോലെ പിന്നെയും കാണാവുന്നതാക്കി.

മേഘങ്ങളുണ്ട് ,ബലൂൺ കുറേ ഉയരത്തിലായി ,എനിക്ക് മനസ്സിലായി .ഇനിയും മേഘങ്ങൾ മൂടാം.  ഉയരം കൂടാം.എനിക്ക് കാണാതെയാകാം.ഞാൻ ഒന്നുകൂടി ആ ബലൂണിനെ യാത്രയാക്കുംവിധം നോക്കി .അത് എന്നെയും ഇത്രെയും നേരം നോക്കുകയായിരുന്നു എന്ന്  എനിക്കുതോന്നി , എന്റെ കാഴ്ച്ചയിൽനിന്നും അത് പോയി  .ഞാൻ പിന്നെയും കുറച്ചുനേരംകൂടി ആകാശം നോക്കിനിന്നു .
മേഘങ്ങൾമാത്രം..എന്തോ വിഷമഭാരത്താൽ ഞാൻ തിരിച്ചുനടന്നു.നടക്കുംവഴി ആ ലോഹത്തിനെക്കടന്നു ഞാൻ പോയി . ആ ലോഹത്തിനും സങ്കടമായിരുന്നോ ?

# BALOON - SHORT STORY BY CHINCHU THOMAS

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക