Image

മഴ കട്ടന്‍ചായ ജോണ്‍സണ്‍ മാഷ് ആഹാ! അന്തസ് : എസ്. ബിനുരാജ്

Published on 21 November, 2022
മഴ കട്ടന്‍ചായ ജോണ്‍സണ്‍ മാഷ് ആഹാ! അന്തസ് : എസ്. ബിനുരാജ്

മഴ
കട്ടന്‍ ചായ
ജോണ്‍സണ്‍ മാഷ്
ആഹാ! അന്തസ്

"ഡേയ് ഇതില്‍ നിന്നും അന്തസ് നമ്മള്‍ എടുത്തു മാറ്റുന്നു"
ഷൈജുവിന്റെ പ്രസ്താവന ബൈജുവില്‍ വല്ലാത്ത അമ്പരപ്പുണ്ടാക്കി. അതെങ്ങനെ? സംശയത്തോടെ ബൈജു ചോദിച്ചു. 
ഷൈജു വലതുകൈയുയര്‍ത്തി ചെറുവിരല്‍ ഒഴികെയുള്ള വിരലുകളെല്ലാം മടക്കി കണ്ണിറുക്കി കാണിച്ചു.

"നമ്മള്‍ കട്ടന്‍ ചായയെ ജവാന്‍ റം കൊണ്ട് റീപ്ലേസ് ചെയ്യുന്നു, അന്തസ് പോയില്ലേ?"

ബൈജുവിന്റെ മുഖത്ത് ചിരിയുടെ നിലാവ് പരന്നു. "ഒരു ദിവസത്തേക്ക് അന്തസ് പോയാലും കുഴപ്പമില്ല അല്ലേ"

വല്ലപ്പോഴും അന്തസ് പോയില്ലെങ്കില്‍ ജീവിതത്തിന് എന്ത് രസം ബൈജു എന്ന് ഷൈജു.

മഴ കനത്തു, നേരം ഇരുട്ടി.

ആദ്യം ക്വാര്‍ട്ടര്‍ വന്നു.
"അല്ലാ ഈ ജവാന്‍ നമ്മുടെ സര്‍ക്കാരിന്റെ സ്വന്തം ബ്രാന്‍ഡ് അല്ലേ?അതെ. ട്രാവന്‍കൂര്‍ ഷുഗര്‍ മില്‍സ് എന്ന പൊതുമേഖലാ സ്ഥാപനം ഉണ്ടാക്കുന്ന സാധനമാണ് ഈ ജവാന്‍". 
ശോ നമ്മളിതൊന്നും അറിയുന്നില്ലല്ലോ, ബൈജു നെടുവീര്‍പ്പിട്ടു.
പണ്ട് അവിടെങ്ങാണ്ട് ഒരു മന്നം ഷുഗര്‍ മില്‍ ഇല്ലായിരുന്നോ?
ഉണ്ടായിരുന്നു.അത് പൂട്ടി. അവിടെയിപ്പോള്‍ ആയുര്‍വേദ കോളേജ് ആണ്.

കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി...ജോണ്‍സണ്‍ മാഷിന്റെ പാട്ട് ഒഴുകി വന്നു.

"ശെ ഈ നായന്‍മാര്‍ക്ക് മദ്യം ഉണ്ടാക്കി വിറ്റുകൂടായിരുന്നോ?" ബൈജു ചോദിച്ചു.

"അതിന് മന്നത്ത് പത്മനാഭനും മദ്യവും തമ്മില്‍ എന്ത് ബന്ധം?" ഷൈജുവിന് ദേഷ്യം വന്നു.

"മന്നത്ത് പത്മനാഭനും ആയുര്‍വേദവും തമ്മില്‍ ബന്ധമുണ്ടോ?
ബന്ധമുണ്ടെങ്കിലേ മദ്യമുണ്ടാക്കാവൂ എന്നുണ്ടോ? ബന്ധമില്ലാതെയും ചിലരിവിടെ മദ്യക്കച്ചവടം നടത്തുന്നുണ്ടല്ലോ". 

അത് നീ എന്നെ ഉദ്ദേശിച്ച് അല്ലേടാ പറഞ്ഞത് എന്ന് പറഞ്ഞ് ഷൈജു ചാടിയെഴുന്നേറ്റു.
"നീ പിന്നെ നേരത്തെ ആരെ ഉദ്ദേശിച്ച് പറഞ്ഞത്" ബൈജുവും വിട്ടില്ല.

ബൈജുവും ഷൈജുവും കെട്ടിമറിഞ്ഞു. 

പണ്ട് മാലോകരൊന്നു പോലെ വാണതാണീ മാമമല നാട്ടില്‍...
പിന്നെയും ജോണ്‍സണ്‍.

ഷൈജു ചാടിയെഴുന്നേറ്റ് ഒരു ലാര്‍ജ് കൂടി വിഴുങ്ങി.

ഡേയ് ജോണ്‍സണ്‍ മാഷ് നല്ല അടിയായിരുന്നു കേട്ടാ.

"അയിന്. അടിച്ചാലേ പാട്ട് വരൂ എന്നുണ്ടാ?, ജോണ്‍സണ്‍ മാഷ് അടിച്ചിട്ട് നല്ല പാട്ടുണ്ടാക്കി. നമ്മള്‍ അടിച്ചിട്ട് കിടന്ന് അടി കൂടുന്നു, വല്ല കാര്യവുമുണ്ടോ.
ഒന്ന് പോടേ". ബൈജു ചിറി തുടച്ചു.

"ഇനിയൊന്നു പാടൂ ഹൃദയമേ എന്‍ പനിമതി മുന്നിലുദിച്ചുവല്ലോ..."
അടുത്ത പാട്ട്.

"അയ്യോ നിലാവ് ഉദിച്ചു. നേരം പാതിരാവാകുന്നു. എനിക്ക് പോകണം"
ബൈജു ചാടിയെഴുന്നേറ്റു, അഴിയാന്‍ തുടങ്ങിയ മുണ്ട് വാരിച്ചുറ്റി. അവന്‍ ഫോണ്‍ നോക്കി. രേഷ്മയുടെ 25 മിസ് കോള്‍.
"വരില്ലേ കുട്ടാ, കാത്തിരിക്കുന്നു" എന്ന് മെസേജ്!

"നിനക്ക് നിന്റെ മറ്റവളുടെ അടുത്ത് പോകാനല്ലേ. അവിടിരി. ഇന്ന് ഇത് തീര്‍ത്തിട്ട് പോയാ മതി". ഷൈജു വിട്ടില്ല.

ജവാന്‍ ഒരു പൈന്റ് കൂടി ഹാജര്‍. കുപ്പിക്ക് ബൈജു ഒരു സല്യൂട്ട് നല്‍കി. പിന്നെ ഗ്ലാസ് നിറയുകയും ഒഴിയുകയും ചെയ്തു.

ഇതേ സമയം തന്റെ ശയനമുറിയില്‍ ബൈജുവിനെ കാത്തിരുന്ന് രേഷ്മ മുഷിഞ്ഞു. ആ ക്ണാപ്പന്‍ ഇന്നിനി വരുമെന്ന് തോന്നുന്നില്ല എന്ന് ആത്മഗതം പറഞ്ഞ് അവന് കൊടുക്കാനായി വച്ചിരുന്ന വിഷം കലര്‍ത്തിയ ജ്യൂസ് അവള്‍ ഇന്‍ഡോര്‍ പ്ലാന്റിന്റെ ചുവട്ടില്‍ ഒഴിച്ചു. തല്‍ക്ഷണം അത് പട്ടു പോയി. അത് കണ്ട രേഷ്മയുടെ കണ്ണുകള്‍ ഇരുട്ടിലെ ഇന്ദ്രനീലം പോലെ തിളങ്ങി.
.................................................................................................

വിക്രമാദിത്യ മഹാരാജാവിന്റെ തോളില്‍ കിടന്ന് വേതാളം ചോദിച്ചു. പറയൂ രാജാവേ ഇവരില്‍ ആരാണ് ബൈജുവിനെ മരണത്തില്‍ നിന്നും രക്ഷിച്ചത്?
ജവാന്‍ വാങ്ങി സല്‍ക്കരിച്ച ഷൈജുവാണോ കുറഞ്ഞ വിലയ്ക്കുള്ള മദ്യം കനത്ത നികുതി ചുമത്തി വിറ്റ  സര്‍ക്കാരാണോ ജോണ്‍സണ്‍ മാഷാണോ അതോ മഴയോ? പറയൂ രാജാവേ. ഉത്തരം തെറ്റെങ്കില്‍ നിങ്ങളുടെ തല പൊട്ടിത്തെറിക്കും. ശരിയാണെങ്കില്‍ എന്റെ വക ഫുള്ളും ബീഫും.

"വേതാളമേ ഇതൊരു സങ്കീര്‍ണ്ണമായ ചോദ്യമാണ്. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക സാഹചര്യവും വിവിധ ജാതികള്‍ തമ്മിലുള്ള ചരിത്രപരമായ ശ്രേണിബന്ധവും സാമ്പത്തിക നിലയില്‍ ഓരോ സമുദായവും കൈവരിച്ചിട്ടുള്ള നേട്ടങ്ങളും ചില സമുദായങ്ങള്‍ക്കുണ്ടായ തകര്‍ച്ചയും ഭൂപരിഷ്ക്കരണം കൊണ്ടു വന്ന മാറ്റങ്ങളും ആലപ്പുഴ ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഒരു കാലത്ത് സമൃദ്ധമായുണ്ടായിരുന്ന കരിമ്പിന്‍ കൃഷിയുടെ തകര്‍ച്ചയും കണക്കിലെടുക്കണം. കള്ളിനെയും വാറ്റു ചാരായത്തെയും ഒഴിവാക്കി നിറം കലര്‍ത്തിയ വിദേശ മദ്യത്തോട് മലയാളിക്ക് പ്രതിപത്തിയുണ്ടാക്കിയ ഗള്‍ഫ് കുടിയേറ്റത്തെ കുറിച്ചും അതിന് കാരണമായ 1973ലെ ഓയില്‍ ഷോക്കിനെ കുറിച്ചും നമ്മള്‍ ചിന്തിക്കണം. തൊഴിലില്ലായ്മയും ചൂഷണവും സ്വാര്‍ത്ഥ താല്‍പര്യങ്ങളും പ്രണയബന്ധങ്ങളെയും അതില്‍ നിന്നും ഉരുവാകുന്ന സംഭോഗ സാധ്യതകളെയും എങ്ങനെ ആവേശിച്ചിരിക്കുന്നു എന്നത് സംബന്ധിച്ച് ആഴത്തിലുള്ള പഠനവും അനിവാര്യമാണ്."

വിക്രമാദിത്യന്റെ മറുപടി കേട്ട് വേതാളത്തിന്റെ കിളി പോയി.

" കോപ്പേ, നിന്നോട് കുമാരപിള്ള സഖാവ് കളിക്കാനല്ല പറഞ്ഞത്. കൃത്യമായ മറുപടി വേണം. വിഷം കലര്‍ന്ന ജൂസ് കുടിച്ച് മരണത്തിലേക്ക് നടക്കുമായിരുന്ന ബൈജുവിനെ ആര് രക്ഷിച്ചു? സഖാവേ, പതിവ് പോലെ താത്വിക അവലോകനം പറഞ്ഞ് നീയെന്നെ പൂട്ടി"

അത് കഴിഞ്ഞ് വേതാളം ഉയര്‍ന്നു പൊങ്ങി. പറന്നു പോകും മുമ്പ് കാന്താരയിലെ പഞ്ചുരുളിയെ പോലെ അത്യുച്ചത്തില്‍ വേതാളം അലറി. ആ അലര്‍ച്ചയില്‍ മാതൃകാ സംസ്ഥാനമായ കേരളത്തിന്റെ കോട്ട കൊത്തളങ്ങള്‍ ഒന്ന് കുലുങ്ങി.

വീട്ടില്‍ തിരികെയെത്തിയ വിക്രമാദിത്യന്‍ ആകെ മൂഡ് ഔട്ട് ആയിരുന്നു. വെറുതെ വേണ്ടാത്ത കേസ് എടുത്ത തോളില്‍ ഇടേണ്ടിയിരുന്നില്ല എന്ന് തോന്നി.
"ഗുണമില്ലാത്ത വിഷയങ്ങളിലനുദിനം 
പ്രണയം ഭവിപ്പതിനെന്തു കാരണമോര്‍ത്താല്‍"
 എന്ന കവിവചനവും അങ്ങേര്‍ക്ക് ഓര്‍മ്മ വന്നു. കഷ്ടകാലത്തിന് ഓരോ ഫേസ് ബുക്ക് പോസ്റ്റ് ഇട്ട് പുലിവാല് പിടിക്കുന്നവര്‍ക്ക് എത്ര ചേര്‍ന്നതാണ് ഈ വരികളെന്നും അദ്ദേഹം ചിന്തിച്ചു.

എല്ലാത്തിനും കാരണം ഇനി ഒന്നാമത്തെ ഇ എം എസ് സര്‍ക്കാരായിരിക്കുമോ എന്നയാള്‍ സംശയിച്ചു.  വാള്‍ ഉറയിലേക്കിടുന്നത് കണ്ട് അയാളുടെ ഭാര്യ പാറശ്ശാല പത്മജം ചോദിച്ചു.
"ഇന്നെന്തര് വാള് നേരത്തെ ഉറയിലിടണത്? പരിപാടിയൊന്നുമില്ലേ"
അവളുടെ ചൊറിയുന്ന ചോദ്യം.
പോയി കിടന്ന് ഉറങ്ങെടീ എന്നലറിയ ശേഷം രണ്ട് ലാര്‍ജ് വിഴുങ്ങി അദ്ദേഹം കട്ടിലിലേക്ക് വീണു.
പത്മജം ഫോണെടുത്ത് കാമുകന് മെസേജ് അയച്ചു.
അങ്ങേര് പോത്ത് പോലെ കെടന്നുറങ്ങി, ഇനി തോന നേരം കഴിഞ്ഞേ ഒണരൂ നീ വെക്കം വാ.
ഉടനെ അവന്റെ മറുപടി വന്നു.
ഓ..ഒരു മൂഡില്ല!

S BINURAJ # MAZHA 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക