Image

  അവസാനം വരെ സസ്‌പെന്‍സ് ;  മികച്ച ദൃശ്യാനുഭവമായി  'അദൃശ്യം' 

ആശ എസ് പണിക്കര്‍ Published on 21 November, 2022
   അവസാനം വരെ സസ്‌പെന്‍സ് ;  മികച്ച ദൃശ്യാനുഭവമായി  'അദൃശ്യം' 

നവാഗതനായ സാക് ഹാരിസ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത 'അദൃശ്യം' മലയാളത്തില്‍ സമീപ കാലത്തിറങ്ങിയ ത്രില്ലര്‍ മുവീകളില്‍ പ്രേക്ഷക ശ്രദ്ധ ഏറെ പിടിച്ചു പറ്റി മുന്നേറുന്ന സിനിമയാണ്. പല വിഭാഗത്തിലുള്ള ത്രില്ലര്‍ സിനിമകള്‍ കൊണ്ടു സമ്പന്നമായ വെള്ളിത്തിരയിലേക്ക് ധൈര്യ പൂര്‍വം അവതരിപ്പിച്ച ചിത്രത്തിന് എല്ലാ വിഭാഗത്തിലുമുള്ള പ്രേക്ഷക പ്രശംസ നേടാന്‍ കഴിയുന്നുണ്ട്. 'ദ് ടെയ്ല്‍ ഓഫ് ദി അണ്‍സീന്‍' എന്ന ടാഗ് ലൈന്‍ പോലെ തന്നെ അദൃശ്യമായിരിക്കുന്ന, മറഞ്ഞിരിക്കുന്ന അതുമല്ലെങ്കില്‍ മൂടി വയ്ക്കപ്പെട്ടിരിക്കുന്ന ഒരു സത്യത്തിന്റെ പിന്നാലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണ വഴികള്‍. അതാണ് അദൃശ്യം എന്ന ചിത്രം. 

ചെന്നൈ നഗരത്തില്‍ നിന്ന് ഒരു യുവതിയെ കാണാതാകുന്നു. കുറച്ചു നാള്‍ കഴിഞ്ഞ് ഒരുന്നത പോലീസ് ഉദ്യോഗസ്ഥന്റെ മകളെയും കാണാതാകുന്നു. ഈ രണ്ടു തിരോധാനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? സേതു, രാജ് കുമാര്‍, നന്ദ എന്നീ ഉദ്യോഗസ്ഥരാണ് ഈ രണ്ടു കേസുകളും അന്വേഷിക്കാനെത്തുന്നത്. കേസന്വേഷണം പുരോഗമിക്കുമ്പോള്‍ സത്യത്തിലേക്കെത്തുന്ന വഴികളില്‍ അവര്‍ നേരിടുന്ന പ്രതിസന്ധികളും സങ്കീര്‍ണ്ണതകളും യാഥാര്‍ത്ഥ്യം മറനീക്കി പുറത്തു വരാതെ അവരെ കബളിപ്പിച്ച് പലപ്പോഴും ഓടിയകലുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. 

സമീപ കാലത്ത് മലയാള സിനിമ കണ്ടതില്‍ ഏറ്റവും മികച്ച റിവഞ്ച് ക്രൈം ത്രില്ലറാണ് 'അദൃശ്യം'. ഒരപകടത്തില്‍ തന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും ഉള്‍പ്പെടെ പ്രിയപ്പെട്ടതെല്ലാം നഷ്ടമാകുന്ന ഒരു ചെറുപ്പക്കാരന്‍. തന്റെ നഷ്ടങ്ങള്‍ക്ക് കാരണക്കാരായവരെ കണ്ടെത്തി പല കാലങ്ങളിലായി അവരെ ഇല്ലാതാക്കുന്നതാണ് കഥയുടെ ത്രഡ്. കേസ് അന്വേഷിക്കാനെത്തുന്നവര്‍ തുല്യ പ്രാധാന്യത്തോടെ സ്‌ക്രീനില്‍ വരുമ്പോള്‍ ആരാകും അദൃശ്യനായ കുറ്റവാളിയെ പിടികൂടുക എന്ന ആകാംക്ഷയിലണ് പ്രേക്ഷകര്‍. കഥയുടെ ഒരു ഘട്ടത്തില്‍ ഇവര്‍ മൂന്നു പേരില്‍ ആരെങ്കിലുമായിരിക്കാം യഥാര്‍ത്ഥ കുറ്റവാളി എന്ന് പ്രേക്ഷകര്‍ക്ക് തോന്നുമങ്കിലും വീണ്ടും പിടി തരാതെ തെന്നി മാറുകയാണ് കഥയുടെ സഞ്ചാരം. 


ത്രില്ലര്‍ സിനിമകള്‍ക്ക് വേണ്ട ഏറ്റവും വലിയ കരുത്ത് യഥാര്‍ത്ഥ കുറ്റവാളിയാരാണ് എന്നറിയിക്കാതെ പ്രേക്ഷകരെ ക്‌ളൈമാക്‌സ് വരെ കൂട്ടിക്കൊണ്ടു പോവുക എന്നതാണ്. ഈ ചിത്രത്തില്‍ സംവിധായകന് അത് സാധിച്ചിട്ടുണ്ട്. കുറ്റവാളിയെ കുറിച്ച് പ്രേക്ഷകന്റെ എല്ലാ ഊഹങ്ങളെയുംനിമിഷങ്ങള്‍ക്കുള്ളില്‍ കാറ്റില്‍ പറത്തുകയാണ് സംവിധായകന്‍. ആദ്യ പകുതിയില്‍ പെണ്‍കുട്ടിയുടെ തിരോധാനവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും നിരത്തുമ്പോള്‍ രണ്ടാം പകുതിയില്‍ അമ്പരപ്പിക്കുന്ന ട്വിസ്റ്റുകളിലൂടെ കഥ മുന്നേറുന്നു. ഇടയ്ക്ക് തിരക്കഥയുടെ പിരിമുറുക്കം അല്‍പ്പമൊന്ന് കുറഞ്ഞ് പോകുന്നുവെന്ന് തോന്നുമെങ്കിലും അതെല്ലാം വീണ്ടും മറികടക്കുന്നുണ്ട്. 

കേസന്വേഷണത്തിനെത്തുന്ന മൂന്നു പേരില്‍ നരേന്‍, ഷറഫുദദീന്‍ എന്നിവര്‍ക്ക് ചിത്രത്തില്‍ കൂടുതല്‍ സ്‌പേസ് ഉണ്ട്. ജോജു ജോര്‍ജ്ജാകട്ടെ കിട്ടിയ സ്‌പേസില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ജോസഫ് പോലുള്ള സിനിമകളില്‍ അദ്ദേഹം നടത്തിയ വേഷപ്പകര്‍ച്ച ഈ ചിത്രത്തിലും കാണാം. ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രമാകട്ടെ പലപ്പോഴും അയാളെ സംശയത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തുന്നു. ആനന്ദി, പവിത്ര, ആത്മീയ എന്നീ നായികമാരുടെ പ്രകടനവും മികച്ചതായി.  കഥയുടെ മൂഡിനനുസരിച്ചുള്ള പശ്ചാത്തല സംഗീതവും ഏറെ മികച്ചതാണ്. പ്രേക്ഷകനില്‍ ഭിതിയും ദുഗൂഹതയും വളര്‍ത്താന്‍ കഴിയുന്ന വിധത്തിലുള്ള കളര്‍ടോണും നന്നായി.. മലയാളത്തിന് നല്ലൊരു സിനിമ കാഴ്ച വയ്ക്കാനായതില്‍ നവാഗത സംവിധായകനായ സാക് ഹാരിസിന് അഭിമാനിക്കാം. അവസാനം വരെ സസ്‌പെന്‍സ് നിലനിര്‍ത്തുന്ന ഒരു ത്രില്ലര്‍ മുവീ കാണാന്‍ ആഗ്രഹിക്കുന്ന ഏതൊരു പ്രേക്ഷകനും ധൈര്യമായി ടിക്കറ്റെടുക്കാം. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക