Image

എഴുത്തിലെ മുഖംമൂടി..! (കവിത: ഇയാസ് ചൂരല്‍മല)

ഇയാസ് ചൂരല്‍മല Published on 21 November, 2022
എഴുത്തിലെ  മുഖംമൂടി..! (കവിത: ഇയാസ് ചൂരല്‍മല)

കാമം നിറച്ചവര്‍
പ്രേമമെഴുതി
തിരികെ തിരയാതെ
ജീവിതമെഴുതി

ചിക്കിച്ചികയാതെ
ചിന്തയിലിരിക്കാതെ
മനസ്സില്‍ നുരയുന്നവ
കുത്തി കുറിച്ചു

വാശി പറഞ്ഞും 
മുഷ്ട്ടി ചുരട്ടിയും
വിപ്ലവ പൊടിപാറും
വരികളെഴുതി

പെണ്ണിന്‍ മഹത്വവും
മണ്ണിന്‍ നിറത്തെയും
കബളം ചാര്‍ത്താതെ
ചേര്‍ത്തു ചേര്‍ത്തെഴുതി

അന്യന്റെ പശിയില്‍ 
അന്നം വിളമ്പിയും
മൗനത്തിന്‍ വിശപ്പില്‍
കൂടൊരുക്കിയും
അര്‍ത്ഥം ജ്വലിക്കുന്ന
കവിതയെഴുതി

മരണം മണക്കും
പ്രകൃതിയെ സ്‌നേഹിച്ചും 
വിത്തു പാകിയും
വെള്ളം നനച്ചും
പച്ചപുതച്ചൊരു
വരിയുമെഴുതി

ഡയറിയടച്ചു
പെന്‍തൊപ്പിയിട്ടു
ശ്വാസമയച്ചയാള്‍
മുഖം മൂടിയഴിച്ചു

എഴുതിക്കുറിച്ച
വരികളെയൊക്കെയും
അന്യോന്യം വിഡ്ഢിയാക്കും
സ്വന്തത്തിലേക്കയാള്‍
വേഗം നടന്നു

അവിടെ
സ്‌നേഹം മറന്നൊരു
കാമം പിറന്നു
പെണ്ണും, മണ്ണതും
കത്തിപിടിച്ചു

ഭീരുവാം പോരാളി
ഓടിയൊളിച്ചു
കഷ്ടത കണ്ട
കണ്ണും അടഞ്ഞു

പ്രകൃതിസ്‌നേഹവും
അന്യം പറഞ്ഞു
പ്രത്യയശാസ്ത്രവും
അകലം പറഞ്ഞു..!

-ഇയാസ് ചൂരല്‍മല

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക