Image

ചിറക് (കവിത: മഅ്റൂഫ് അബ്ദുള്ള പുത്തനങ്ങാടി)

Published on 22 November, 2022
ചിറക് (കവിത: മഅ്റൂഫ് അബ്ദുള്ള പുത്തനങ്ങാടി)

തന്റെ മകൻ മരിച്ചപ്പോൾ
വൃദ്ധൻ പേരക്കിടാവിനെ
നെഞ്ചോടു ചേർത്തു
നിഷ്കളങ്കമായ അവളുടെ
പുഞ്ചിരിക്കയാൾ
വേദനമറന്ന്
മറുപുഞ്ചിരി നൽകി

നോവ് എന്തെന്നറിയാതെ
വൃദ്ധൻ അവളെ
വളർത്തി
കണ്ണീരിന്റെ രുചി
അവളറിഞ്ഞില്ല

വൃദ്ധന്റെ പഞ്ഞിപോലുള്ള
താടിരോമത്തിൽ
പിടിച്ചവൾ വലിക്കും
വൃദ്ധന് നോവും
താഴ് വരിയിലെ
കുഞ്ഞുപല്ലുകൾ കാട്ടിയുള്ള
അവളുടെ പുഞ്ചിരി
അയാളുടെ മനസ്സിനെ
തണുപ്പിക്കും
വൃദ്ധൻ വീണ്ടും ചിരിക്കും

ചിറകുമുളച്ചു തുടങ്ങിയപ്പോൾ
വൃദ്ധനവളെ വിദ്യാലയത്തിൽ
ചേർത്തു
അവൾ മിടുക്കിയായിരുന്നു
നന്നായി പഠിച്ചു,
ഒരുപാട് നേട്ടങ്ങളും
കൈപ്പിടിയിലൊതുക്കിപറക്കാനായപ്പോൾ അവളെത്തേടി
പലരും വൃദ്ധനെ സമീപിച്ചു
എന്നാൽ,തന്റെ ജീവൻ കൊണ്ട്
മറ നെയ്തിരുന്ന വൃദ്ധന്,
അവളെ വിട്ടുകൊടുക്കാൻ
മനസ്സുവന്നില്ല

പറന്നുതുടങ്ങിയപ്പോൾ
വൃദ്ധൻ അവളെ വിലക്കി
"കാട്ടാളരാണ് ചുറ്റും
 അകത്തിരിക്കൂ മോളേ..."
അവൾ വ്യാജമായൊന്ന്
പുഞ്ചിരിക്കും
വൃദ്ധൻ ആശ്വാസത്തോടെയും


ചിറകുള്ളപ്പോൾ എങ്ങനെ
പറക്കാതിരിക്കും..?
പറന്നല്ലേ പറ്റൂ...
വിശാലമായ മാനം
കണ്ടവൾ പറന്നു
ചിറകിനുള്ളിൽ ഒരായിരം
സ്വപ്നങ്ങളെ ഒളിപ്പിച്ചുകൊണ്ട്...


വൃദ്ധൻ പിന്നെ പുഞ്ചിരിച്ചില്ല
കരഞ്ഞതുമില്ല
ആ മറയപ്പോഴും വൃദ്ധൻ
ബാക്കിനിർത്തി
ചിറകറ്റ് ഒരുനാൾ
അലഞ്ഞെത്തുന്ന
തന്റെ പേരക്കിടാവിനെ കാത്ത്,
അവളുടെ നന്മയ്ക്കുവേണ്ടി
പ്രാർത്ഥനയോടെ അയാൾ
കാത്തിരുന്നു...

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക