Image

സ്വാതന്ത്ര്യം……(വൈദേഹി)

Published on 22 November, 2022
സ്വാതന്ത്ര്യം……(വൈദേഹി)

രാജേട്ടൻ ഇന്നെന്താ വരാൻ വൈകുന്നത്……

പത്മ ഗേറ്റിലേയ്ക്ക് തന്നെ നോക്കി നിന്നു…..

സാധാരണ വരാൻ വൈകിയാൽ ഫോൺ വിളിച്ചു പറയാറുള്ളതാണ്….
ഇന്ന് ആ പതിവും തെറ്റി….ഓഫീസ് സമയത്തോ ഡ്രൈവ് ചെയ്യുകയാവും എന്ന് ഉറപ്പുള്ള സമയത്തോ അവശ്യമില്ലാതെ വിളിച്ചു ബുദ്ധിമുട്ടിക്കുന്നത് പത്മയ്ക്ക് ഒട്ടും ഇഷ്ടമുള്ള കാര്യം അല്ല.  

കുറച്ചു സമയം കൂടി നോക്കിയിട്ടു വിളിക്കാം എന്ന് തീരുമാനിച്ച് വാതിൽ ചാരി അടുക്കളയിലേയ്ക്ക് പോകാൻ തുടങ്ങിയതും പുറത്ത് കാറിന്‍റെ  ഹോൺ കേട്ടു..
ഓടിച്ചെന്ന് ഗേറ്റ് തുറന്നുകൊടുത്തു.  കാർ അകത്തു കയറ്റി പാർക്ക്‌ ചെയ്തപ്പോഴേയ്ക്കും ഗേറ്റ് പൂട്ടി പത്മ കാറിനടുത്തേയ്ക്ക് ചെന്നുകഴിഞ്ഞിരുന്നു. 

അൻപത്തി മൂന്ന് വയസുണ്ടെങ്കിലും കാണാൻ ഒരു നാൽപത്തിഅഞ്ചു മതിപ്പ് തോന്നിക്കുന്ന ദേഹപ്രകൃതിയാണ് പത്മയ്ക്ക്…ദുർമേദസ് ഒട്ടും തന്നെ ഇല്ലന്നു പറയാം…രാവിലത്തെ യോഗ പ്രാക്ടീസും വൈകുന്നേരത്തെ നടത്തവും രാജന് നിർബന്ധമുള്ള കാര്യങ്ങൾ ആണ്.  ഒഴിവാക്കാൻ പറ്റാത്ത എന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഇത് രണ്ടും ഒഴിവാക്കൂ.. നീണ്ട ഇടതൂർന്ന മുടി ഒന്നുപോലും നരച്ചിട്ടില്ല…കൂടാതെ ചെറുപ്പത്തിൽ നിർത്തേണ്ടി വന്ന നൃത്തപരിശീലനവും തുടരാൻ ഭർത്താവിന്‍റെ  അകമഴിഞ്ഞ സപ്പോർട്ട് വേണ്ടുവോളം ഉണ്ട് താനും…

രാജനും ചുറുചുറുക്കുള്ള ഒരു അൻപതിയാറുകാരൻ…ചെറുതായി മുടി കയറി തുടങ്ങിയോ എന്ന് തോന്നുന്ന പ്രകൃതം …ഇടയ്ക്കിടെ ഓരോ നര വന്നു തുടങ്ങിയിട്ടുണ്ട്… രണ്ടുപേരെയും കണ്ടാൽ മുപ്പത്തിമൂന്ന് വയസുള്ള ഒരു യുവാവിന്‍റെ  മാതാപിതാക്കൾ ആണെന്ന് തോന്നുകയേ ഇല്ല….

കാറിൽ നിന്നും ഇറങ്ങിയ ശേഷം പതിവുപോലെ പിന്നിലെ ഡോർ തുറന്ന് ലാപ്ടോപ് ബാഗും ലഞ്ച് ബാഗും പുറത്തെടുത്തു, കൂട്ടത്തിൽ ഒരു ടെക്സ്റ്റയിൽ കവർ കൂടി എടുക്കുന്നത് കണ്ട പത്മ അതിശയത്തോടെ രാജനെ തന്നെ നോക്കി നിന്നു….

എന്നിട്ട് ചോദിച്ചു "ഇതെന്താ രാജേട്ടാ ഒരു ഷോപ്പിങ്ങ്  ബാഗ്?"

രാജേട്ടൻ ഒറ്റയ്ക്ക് ഷോപ്പിങ്ങിന്  പോകാറില്ലല്ലോ?

ഒരു കള്ളച്ചിരിയുടെ കവർ അവളുടെ നേർക്ക് നീട്ടിയിട്ട് അയാൾ പറഞ്ഞു " കൊണ്ട് പോയി തുറന്നു നോക്കൂ, ഇഷ്ടമായോ ന്ന് നോക്കട്ടെ "...

ടെക്സ്റ്റയിൽ കവർ ഊണ് മേശയിൽ വച്ച ശേഷം ലഞ്ച് ബോക്സ്‌ അടുക്കളയിൽ വയ്ക്കാനായിപോയി…തിരിച്ചു വന്നപ്പോൾ ഫ്ലാസ്കിൽ ചായയും ഇലയടയും ഊണ് മേശയിൽ എടുത്തു വച്ചു.. രാജൻ ഫ്രഷ് ആയി വന്ന ശേഷം ഒന്നിച്ചിരുന്നു മാത്രമേ രണ്ടാളും ചായ കുടിക്കൂ.. ആ സമയത്തിനുള്ളിൽ കവറിൽ എന്താ എന്ന് നോക്കാനുള്ള ആകാംഷ കൂടി വന്നു…ആ കവറുമായി ബെഡ്റൂമിലേയ്ക്ക് നടന്നു…

കവർ തുറന്നു നോക്കിയതും പത്മ അതിശയിച്ചു പോയി…കഴിഞ്ഞ ആഴ്ച കൊച്ചുമകൻ ഉണ്ണിക്കുട്ടന്‍റെ  മൂന്നാമത്തെ പിറന്നാളിന് ഡ്രസ്സ്‌ എടുക്കാനായി പോയപ്പോൾ കണ്ട് ഒരുപാട് ഇഷ്ടമായ ഒരു കുർത്തയാണ്… മുൻവശത്തു വളരെ ഭംഗിയായി കൃഷ്ണന്‍റെയും  രാധയുടെയും വർക്ക്‌ ചെയ്ത വിലകൂടിയ ഒരു കുർത്ത…അന്നത് നോക്കി നില്കുന്നത് കണ്ട് രാജൻ "ഇഷ്ടമായെങ്കിൽ വാങ്ങിക്കോളൂ" എന്ന് പറഞ്ഞതായിരുന്നു.. എന്നാൽ ഷാൾ ഇടാതെ പുറത്തേയ്ക്ക് പോകുന്നതിന് രാജേട്ടൻ സമ്മതിക്കില്ല എന്ന് അറിയാവുന്നതുകൊണ്ട്  അത്  വേണ്ട എന്ന് പറഞ്ഞോഴിഞ്ഞു.. 

രാജന് പത്മ ഏതു ഡ്രസ്സ്‌ ഇടുന്നതിനും വിലക്കില്ല എന്നാൽ പുറത്തു പോകുമ്പോൾ ചുരിദാറിന് ഷോളും ടിഷർട്ടോ ഷർട്ടോ ഇട്ടാൽ സ്കാർഫും കഴുത്തിൽ ചുറ്റണം എന്ന് വലിയ നിർബന്ധം ആയിരുന്നു.  ഷാൾ ഇട്ടാൽ ആ കുർത്തയുടെ ഭംഗി ഒട്ടും തന്നെ അറിയാൻ പറ്റില്ല.. പിന്നെ എന്തിനാ വാങ്ങുന്നത്…വേണ്ടന്ന് വച്ചതായിരുന്നു.  എന്നാലിപ്പോൾ രാജേട്ടൻ തന്നെ അത് വാങ്ങി വന്നിരിക്കുന്നു, തന്‍റെ മനസ് വായിച്ചതുപോലെ…..അവള്‍ക്ക് ഒരുപാട് സന്തോഷം തോന്നി…….

.കണ്ണാടിയുടെ മുന്നിൽ നിന്ന് അത് ദേഹത്ത് ചേർത്തു വച്ച് അതിന്‍റെ ഭംഗി ആസ്വദിച്ചു നിൽക്കുകയായിരുന്നു…ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്ന രാജൻ പുറകിലൂടെ വന്നു ചേർത്ത് പിടിച്ചു ചോദിച്ചു "ഇഷ്ടമായോ ശ്രീമതി?"
ചെറിയൊരു പരിഭവത്തിൽ മറുപടി പറഞ്ഞു  "ഓ ഇഷ്ടമൊക്കെയായി പക്ഷേ ഷാൾ ഇട്ടാൽ ഇതിന്‍റെ  ഭംഗി അറിയില്ല "...


പൊട്ടിചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു "ഓഹോ അതാണോ കാര്യം, ഇതിന് ഷാൾ ഇടണ്ട…. നാളെ സ്വാതന്ത്ര്യദിനം അല്ലേ ഹോളിഡേ യാ, നമുക്ക് രാവിലെ ബ്രേക്ക്‌ഫാസ്റ്റ് കഴിഞ്ഞു പുറത്തു പോകാം.. ലഞ്ചും ഡിന്നറും പുറത്തു നിന്നാകാം….പുതിയ മാളിൽ ഒക്കെ പോയി ഒരു സിനിമയൊക്കെ കണ്ട് അടിച്ചു പൊളിക്കാം…." സ്വാതന്ത്ര്യദിനമായിട്ട് എന്‍റെ ശ്രീമതിക്കും സന്തോഷമാകട്ടെ…നാളെ ഇത് ഇട്ടാൽ മതി….

രാജേട്ടൻ പറഞ്ഞത് കേട്ട് പത്മയ്ക്ക് തുള്ളിചാടാൻ തോന്നി…ഒരുപാട് നാളായുള്ള ആഗ്രഹം ആണ്, പുറത്തു പോകുമ്പോൾ മൂടിപ്പുതച്ചു പോകാതെ ഒന്ന് സ്വാതന്ത്രമായി നടക്കാൻ…നാളെ ആ ആഗ്രഹം സഫലമാകുകയാണ്…. രാത്രിക്ക് ഒരുപാട് നീളം കൂടുതൽ ആണെന്ന് തോന്നിപ്പോയി….

അടുത്ത ദിവസം രാവിലെ തന്നെ ബ്രേക്ക്‌ ഫാസ്റ്റ് ഒക്കെ കഴിഞ്ഞു രണ്ടുപേരും പുറത്തു പോകാൻ തയ്യാറായി.. പുതിയ കുർത്ത ഇട്ടു വന്നപ്പോൾ രാജൻ പത്മ യെ നോക്കി നിന്നു.. നല്ല സുന്ദരി ആയിട്ടുണ്ട്.. ഒരു അമ്മുമ്മയാണെന്ന് പറയുകകയേ ഇല്ല…. എന്താ ഇങ്ങനെ നോക്കുന്നേ? അവൾ ചോദിച്ചു…നിന്നെ ഇപ്പൊ കണ്ടാൽ മുപ്പതു വയസ് പോലും പറയില്ല അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു….ഒന്ന് പോ രാജേട്ടാ കളിയാക്കാതെ…അവൾ നാണത്തോടെ ചിരിച്ചു….സന്തോഷത്തോടെ അവർ യാത്രയായി…

പുതുതായി തുടങ്ങിയ മാളിൽ എത്തി…പാർക്കിംഗ് ഏരിയ യിൽ നല്ല തിരക്ക്… ഒഴിഞ്ഞ സ്ഥലം തിരഞ്ഞു പിടിച്ചു കാർ പാർക്കുചെയ്തു പുറത്തിറങ്ങി…രണ്ടാളും കൈ കോർത്തു പിടിച്ചു മുകളിലേയ്ക്കുള്ള  എസ്‌കലേറ്ററിൽ കയറി.  ചുറ്റുപാടുമുള്ള അലങ്കാരങ്ങൾ ഒക്കെ ആസ്വദിച്ചു നിൽക്കുകയായിരുന്നു …

പെട്ടന്നാണ്  താഴേക്കുപോകുന്ന എസ്‌കലേറ്ററിൽ നിന്നൊരാൾ അവളുടെ മാറിടത്തിലേക്ക് തന്നെ നോക്കി നില്കുന്നത് പത്മയുടെ ശ്രെദ്ധയിൽ പെട്ടത്…. അവൾക് പെട്ടന്ന് താൻ വിവസ്ത്രയാക്കപ്പെട്ടത് പോലെ തോന്നി…അവൾ രാജന്‍റെ  മുഖത്തേക്ക് നോക്കി.. അയാളുടെ മുഖവും ആകെ വിളറി വെളുത്തിരിക്കുന്നു…

മുകളിൽ എത്തിയതും രണ്ടാളും ഒന്നും മിണ്ടിയില്ല… എങ്ങനെയെങ്കിലും വീട്ടിൽ തിരികെ പോയാൽ മതി എന്ന് തോന്നിപ്പോയി പത്മയ്ക്ക്…ഇനിയും തന്നെ ആരെങ്കിലും ഇതുപോലെ നോക്കുമോ?  

കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു എനിക്ക് വല്ലാത്ത തലവേദന നമുക്ക് തിരിച്ചു പോയാലോ രാജേട്ടാ?

അയാൾക് കാര്യം മനസിലായി "അതങ്ങ് വിട്ടേക്ക് ഇത് പോലെ ഒരുപാട് മനോരോഗികൾ ഈ നാട്ടിൽ ഉണ്ട്, സാരമില്ല "... 

പക്ഷേ അവൾക്കു അതോട്ടും ആശ്വാസം കൊടുത്തില്ല…ഒടുവിൽ അവളുടെ നിർബന്ധം കൊണ്ട് അവർ വീട്ടിൽ തിരികെയെത്തി…

വീട്ടിൽ എത്തിയ ഉടനെ അവൾ ആ ഡ്രസ്സ്‌ മാറി നന്നായൊന്ന് കുളിച്ചു.. കുളി കഴിഞ്ഞ് ആ ഡ്രെസ്സും എടുത്ത് അടുക്കളയിൽ എത്തിയ അവൾ അവിടെ ഉണ്ടായിരുന്ന മണ്ണെണ്ണയുടെ കുപ്പിയുമായി പുറത്തിറങ്ങി. തറയിൽ ഇട്ട ആ ഇഷ്ടവേഷത്തിന് മുകളിലായി കുറച്ചു മണ്ണെണ്ണ ഒഴിച്ച ശേഷം ഒരു തീപ്പെട്ടികൊള്ളി ഉരച്ചു അതിലേയ്ക്കിട്ടു.. ആളി പടരുന്ന തീയിലേയ്ക്ക് നോക്കി അവൾ മനസ്സിൽ പറഞ്ഞു "ഇനി ഈ സ്വാതന്ത്ര്യം എനിക്ക് വേണ്ട….." 

അവളെ കാണാതെ തിരക്കിവന്ന രാജന്‍ ഈ കാഴ്ച കണ്ട് അമ്പരന്നു നിന്നുപോയി.  ആ നെഞ്ചില്‍ ചേര്‍ന്ന് നിന്ന് അവള്‍ പറഞ്ഞു “ഈ സമൂഹത്തെ നന്നാക്കാന്‍ നമുക്ക് കഴിയില്ല..” അത് അവരവര്‍ തന്നെ വിചാരിക്കണം.. അതുവരെ ഞാന്‍ എന്‍റെ ആഗ്രഹങ്ങള്‍ വേണ്ടാന്നു വൈയ്ക്കാം……..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക