ദൃശ്യം-2 വിന്റെ ഹിന്ദി റീമേക്ക് ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കുന്നു. മൂന്നു ദിവസം കൊണ്ട് ചിത്രം വാരിയത് 62 കോടി രൂപയാണ്. ആദ്യദിനം തന്നെ 15 കോടി രൂപ കളക്ഷന്‍ ലഭിച്ചിരുന്നു. റിലീസ് ദിവസം തന്നെ മികച്ച അഭിപ്രായം ലഭിച്ചതോടെ ശനിയും ഞായറും പ്രേക്ഷകര്‍ ഇടിച്ചു കയറി. ടി സീരീസും 18 വയോകോം പ്രൊഡ്യൂസേഴ്സും ചേര്‍ന്നു നിര്‍മ്മിച്ച ചിത്രത്തിന്റ കോ പ്രൊഡ്യൂസര്‍മാരാണ് ആന്റിണി പെരുമ്പാവൂരും ആശീര്‍വാദ് സിനിമാസും. 50 കോടിമുടക്കു മുതലില്‍ നിര്‍മ്മിച്ച സിനിമ ഇപ്പോള്‍ തന്നെ മുതല്‍ മുടക്ക് പിന്നിട്ടു കഴിഞ്ഞു.
ഈ വര്‍ഷം ബ്രഹ്മാസ്ത്രയ്ക്കും ഭൂല്‍ ഭൂലയ്യ 2വിനും ലഭിച്ചഅതേ വരവേല്‍പ്പ് തന്നെയാണ് ദൃശ്യം 2വിനും ലഭിക്കുന്നത്. ചിത്രം 300 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. അഭിഷേക് പത്താന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ് ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദൃശ്യം 2വില്‍ മുരളി ഗോപി അവതരിപ്പിച്ച തോമസ് ബാസ്റ്റിന് എന്ന കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്. അജയ് ദേവ്ഗണ്-അക്ഷയ് ഖന്ന എന്നിവരുടെ ഉജ്ജ്വല പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.
ഹിന്ദിയില്‍ വിജയ് സാല്ഗനോകര് എന്നാണ് ജോര്‍ജ്ജ്കുട്ടിയുടെ പേര്. റാണി നന്ദിനി ആകും. അനുവും അഞ്ജുവും അതേ പേരുകളില്‍ തന്നെയാണ് തുടരുന്നത്. ആശാ ശരത് അവതരിപ്പിച്ച ഐ.ജി ഗീതാ പ്രഭാകറായി ഹിന്ദിയില്‍ താബു എത്തുന്നു. രജത് കപൂര്‍ ആണ് താബുവിന്റെ ഭര്‍ത്താവിന്റെ വേഷത്തില്‍. സുധീര്‍ കെ.ചൗധരിയാണ് ഛായാഗ്രഹണം. സംഗീതം ദേവിശ്രീ പ്രസാദ്.