Image

 ഇവാങ്കയ്ക്ക് മാറി നില്‍ക്കുവാന്‍ കഴിയുമോ?(ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 23 November, 2022
 ഇവാങ്കയ്ക്ക് മാറി നില്‍ക്കുവാന്‍ കഴിയുമോ?(ഏബ്രഹാം തോമസ്)

മുന്‍ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് വീണ്ടും മത്സരിക്കുവാന്‍ ഒരുമ്പെടുമ്പോള്‍ രണ്ട് മുന്‍ പ്രചരണങ്ങളിലും പ്രമുഖ സാന്നിദ്ധ്യമായിരുന്ന പല പ്രസിദ്ധരും അസാന്നിദ്ധ്യം മൂലം ഏറെ ശ്രദ്ധ നേടുകയാണ്. പ്രചരണത്തിലും ഭരണത്തിലും അമിത പ്രാധാന്യം ലഭിച്ച മകള്‍ ഇവാങ്കയാണ് പട്ടികയില്‍ ഒന്നാമത്. വീണ്ടും മത്സരിക്കുവാനുള്ള ഉദ്ദേശം ട്രമ്പ് വ്യക്തമാക്കിയ ഉടനെ തന്നെ ഒരു പ്രസ്താവനയിലൂടെ ഇവാങ്ക താന്‍ ഈ പരിശ്രമത്തില്‍ പങ്കാളി ആയിരിക്കുകയില്ല എന്ന് പ്രഖ്യാപിച്ചു.

ഇവാങ്കയുടെ പിന്മാറ്റം അവര്‍ക്കും ട്രമ്പിനും സഹോദരന്മാരായ ഡൊണാള്‍ഡ് ജൂനിയറിനും എറികിനും എതിരെ ന്യൂയോര്‍ക്ക് അറ്റേണി ജനറല്‍ ലെറ്റീഷ്യ ജെയിംസ് ഫയല്‍ ചെയ്തിരിക്കുന്ന ഒരു റിട്ടയര്‍ഡ് ഫെഡറല്‍ ജഡ്ജ് ഈ നാല് പ്രതികളുടെയും സാമ്പത്തിക വിനിമയ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട കേസാണ്. ട്രമ്പിന്റെ തുടര്‍ന്നുള്ള നടപടികളില്‍ നിന്ന് അകലം പാലിക്കുന്നതായി പ്രഖ്യാപിച്ചാല്‍ കേസില്‍ നിന്ന് തലയൂരാന്‍ കഴിയും എന്നൊരു വ്യാമോഹം ഇവാങ്കയില്‍ ഉടലെടുത്തിട്ടുണ്ടാവാം. നീതിന്യായ വ്യവസ്ഥ നടപ്പാകുന്നതിലുപരി വ്യക്തിപരമായ ഒരു പ്രതികാര നടപടിയായി ചിലര്‍ കേസിനെ വിശേഷിപ്പിക്കുന്നുണ്ട്. അതിനാല്‍ കേസ് എത്രദൂരം മുന്നോട്ടു പോകും എന്നറിയില്ല എന്നും ഇവര്‍ പറയുന്നു.

2021 ആരംഭിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെന്‍സ് തന്റെ പ്രസിഡന്റ് ട്രമ്പ് അനഭിമതനായത് എന്നാണ് അക്കാലത്തെ സംഭവവികാസങ്ങള്‍ വെളിപ്പെടുത്തിയത്. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന പെന്‍സിന്റെ പുസ്തകത്തിലും ട്രമ്പിനെ പെന്‍സ് വിമര്‍ശിക്കുന്നു. ഇപ്പോഴും ട്രമ്പ് ഒരു നല്ല മനുഷ്യനാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ പെന്‍സ് ആദ്യം പകച്ചുനിന്നു. പിന്നീട് നേരിട്ട് ഒരു ഉത്തരം നല്‍കിയില്ല. സോ ഹെല്‍പ് മി ഗോഡ് എന്ന തന്റെ പുസ്തകത്തിന്റെ പ്രചരണവേളയില്‍ 'ദെവത്തിന് മാത്രമേ അറിയൂ ഞങ്ങളുടെ ഹൃദയങ്ങള്‍' എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി.

റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ പുതിയ നേതൃത്വം ആഗ്രഹിക്കുന്നു എന്ന് പെന്‍സ് മുമ്പ് പറഞ്ഞിരുന്നു.


ജനുവരി 6, 2021 ലെ ക്യാപിറ്റോള്‍ കലാപ അന്വേഷണം പാതി വഴിയിലാണ്. ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രതിനിധി സഭയില്‍ കേവല ഭൂരിപക്ഷം നേടിയ ഡെമോക്രാറ്റിക് പാര്‍ട്ടി തങ്ങളുടെ അജണ്ടയിലെ ആദ്യ ഇനം പ്രസിഡന്റിന്റെ മകന്‍ ഹണ്ടര്‍ ബൈഡന്റെ വിദേശ ഇടപെടലുകളെ കുറിച്ചുള്ള അന്വേഷണം ആയിരിക്കും എന്ന് പറഞ്ഞു. ഈ ഭീഷണി നിലനില്‍ക്കുമ്പോള്‍ ട്രമ്പിനെതിരെയുള്ള ആരോപണങ്ങളില്‍ മെല്ലെപ്പോക്ക് ഉണ്ടായെന്ന് വരാം. റിപ്പബ്ലിക്കന്‍ പ്രൈമറികള്‍ ചൂടു പിടിക്കുമ്പോള്‍ ട്രമ്പിന്റെ വിജയങ്ങളും പരാജയങ്ങളും വിലയിരുത്തി. ട്രമ്പിന് പാര്‍ട്ടി ടിക്കറ്റ് നല്‍കാനുള്ള സാധ്യത/ സാധ്യതയില്ലായ്മ കണക്കിലെടുത്തായിരിക്കും ട്രമ്പിന് മത്സരിക്കുവാന്‍ കഴിയുമോ എന്ന് തീരുമാനിക്കുക എന്നാണ് ചില രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. എണ്‍പത് വയസു കഴിഞ്ഞ ബൈഡന്‍ അധികാരത്തിലിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായി. അഞ്ചെട്ടുമാസം മുമ്പ് ഹണ്ടര്‍ ബൈഡന്റെ മുന്‍ഭാര്യയുടെ ഓര്‍മ്മക്കുറിപ്പുകള്‍ പുറത്തു വന്നിരുന്നു. ഹണ്ടറിന്റെ വഴി വിട്ട സ്വകാര്യ ജീവിതത്തെ കുറിച്ച് മുന്‍ഭാര്യ അവരുടെ പുസ്തകത്തില്‍ തുറന്നെഴുതിയിരുന്നു. ഹണ്ടറുടെയും വിവാഹമോചനം നേടിയ ഭാര്യയുടെയും മകള്‍ നവോമി ബൈഡനും കാമുകന്‍ പീറ്റര്‍ നീലും വൈറ്റ് ഹൗസിന്റെ സൗത്ത് ലോണില്‍ വിവാഹിതരായി. 250 അതിഥികള്‍ പങ്കെടുത്ത വിവാഹം വൈറ്റ് ഹൗസ് ലോണില്‍ നടക്കുന്ന 19-ാമത്തേതായിരുന്നു. നവോമി 28 കാരിയും പീറ്റര്‍ 25കാരനുമാണ്. ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാന്യമായ പെരുമാറ്റം ലഭിച്ചില്ല എന്ന പരാതി ചില കോണുകളില്‍ നിന്നുയര്‍ന്നു.

Can Ivanka stand aside?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക