MediaAppUSA

തരൂരിനെ പൊട്ടിക്കുന്നത് രണ്ടു മൊട്ടുസൂചികളോ ? : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 23 November, 2022
തരൂരിനെ പൊട്ടിക്കുന്നത് രണ്ടു മൊട്ടുസൂചികളോ ? : (കെ.എ ഫ്രാന്‍സിസ്)

 

 
ശശി തരൂരിനെ കോൺഗ്രസിൽ നിന്നു പുകച്ചു ചാടിക്കാൻ വേണുവും സതീശനും ആഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും നിത്യേനയെന്നോണം തരൂരിന് പിന്തുണ ഏറിവരുന്നു! വേണുവിനെയും സതീശിനെയും  മനസ്സുകൊണ്ടും വാക്കുകൊണ്ടും എതിർത്തു പോന്ന രമേശ് തരൂരിനൊപ്പമല്ലെങ്കിലും ഇനിയും അദ്ദേഹം ഉരിയാടിയിട്ടില്ല. സുധാകരന്റെ  മനസ്സാണെങ്കിൽ കയ്യാലപ്പുറത്തെ തേങ്ങപോലെ. വേണുവിനെയും സതീശിനെയും അദ്ദേഹത്തിന് കണ്ണെടുത്താൽ കണ്ടുകൂടാ. മുരളി ആദ്യം തരൂരിനൊപ്പമല്ലായിരുന്നെങ്കിലും തരൂർ  കേരളരാഷ്ട്രീയത്തിൽ ഇറങ്ങിയാൽ എന്താ കുഴപ്പം എന്ന് ചോദിക്കുന്നു. ഇതിനിടെ സതീശൻ തരൂരിന്റെ  പേരെടുത്തു പറയാതെ തരൂർ മാധ്യമങ്ങൾ ഊതി വീർപ്പിച്ച  ബലൂൺ ആണെന്നും ഒരു മൊട്ടുസൂചി മതിയാകും പൊട്ടിക്കാനെന്നും വികാരഭരിതനായി മാധ്യമങ്ങളെ അറിയിച്ചു. തരൂർ പ്രശ്നം  സംബന്ധിച്ച പാർട്ടിയുടെ വിലക്ക് സതീശനു  ബാധകമല്ലേ? ഇനി സതീശന് കൊമ്പുണ്ടോ എന്ന് ചോദിക്കുന്ന കോൺഗ്രസുകാരും ഉണ്ട്. മണ്ണും ചാരി കളി കണ്ടു രസിക്കുകയാണ് പഴയ എ ഗ്രൂപ്പുകാർ. അതോ, സത്യത്തിൽ കോൺഗ്രസ് തരൂരിനെ എതിർക്കുന്നവരും തരൂരിനൊപ്പം സഞ്ചരിക്കുന്നവരുമെന്ന രണ്ട് വിഭാഗമായി മാറുകയാണോ ? 
 
കോൺഗ്രസ് പാർട്ടി കേരളത്തിൽ മാത്രമല്ല ഇന്ത്യയാകെ ഒഴുക്കു നിലച്ച വലിയൊരു നദി പോലെയാണല്ലോ. കേരളത്തിലെങ്കിലും ആ നദി ഒന്നു ചലിച്ചു  തുടങ്ങിയോ?  എന്തായാലും കോൺഗ്രസിനെ ചലനാത്മകമാക്കാൻ  തരൂരിന് കഴിഞ്ഞു എന്ന കാര്യത്തിൽ മൊട്ടുസൂചികൾക്കു  പോലും സംശയമില്ല. ഇതൊക്കെ കേട്ടാൽ തോന്നും കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുത്തത് കുറെ മൊട്ടുസൂചികൾ ആണെന്ന്! ഈ മൊട്ടുസൂചികളെപ്പറ്റി എല്ലാ  കോൺഗ്രസുകാർക്കും അറിവുള്ളതല്ലേ? മാത്രമല്ല, പാർട്ടിയിൽ വലിയ കാലപ്പഴക്കം ഒന്നുമില്ലെങ്കിലും ആ മൊട്ടുസൂചികൾ എല്ലാം തുരുമ്പെടുത്തു പോയെന്ന് ആർക്കാണറിയാത്തത് ?
 
രാഷ്ട്രീയത്തിലെ  പ്രതിഭകൾ : 
 
വി.കെ കൃഷ്ണമേനോൻ എന്ന  പ്രതിഭ നമുക്കുണ്ടായിരുന്നു- ഒരു കോഴിക്കോട്ടുകാരൻ. മിടുക്കനായ വാഗ്മി. കേരളത്തിൽനിന്ന് ജയിച്ചു കയറാൻ പറ്റില്ല എന്ന് അറിഞ്ഞ അദ്ദേഹം ഇവിടെ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയില്ല.  തരൂരിനെ കേരളത്തിൽ ഇറക്കാൻ തീരുമാനിച്ചത് ഗാന്ധി കുടുംബമായിരുന്നു. എതിർക്കാൻ കെൽപില്ലാത്തതിനാൽ അന്നത്തെ മൊട്ടുസൂചികൾ അദ്ദേഹത്തെ പാലക്കാട് നിർത്താനായിരുന്നു പ്ലാനിട്ടത്. തരൂർ പാലക്കാട്ടാണല്ലോ എന്ന ന്യായം. തിരുവനന്തപുരത്ത് തന്നെ നിർത്തണം എന്ന നിർദ്ദേശം വന്നു. ആ വിശ്വപൗരൻ അന്നുമുതൽ തിരുവനന്തപുരത്തെ പാർലമെൻറ് അംഗം. സതീശൻ ഒക്കെ തിരുപ്പതിയിലേക്ക് പിക്നിക് പോകുന്നതിന് എത്രയും  മുൻപേ  തരൂർ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവാണെന്ന കാര്യം മറന്നു പോയോ ? 
 
ഉയരെ, ഉയരെ : 
 
പിന്നെന്താ, തരൂർ ബസ്സിനു കല്ലെറിഞ്ഞിട്ടുണ്ടാവില്ല, പോലീസിന്റെ തല്ലുകൊണ്ടിട്ടുണ്ടാവില്ല, പോസ്റ്ററൊട്ടിച്ചിട്ടുണ്ടാവില്ല, മുദ്രാവാക്യം വിളിച്ച് നടന്നിട്ടുണ്ടാവില്ല. അതും പാർട്ടി പ്രവർത്തനം തന്നെ. വേറെ തരത്തിലുമില്ലേ  പാർട്ടി പ്രവർത്തനം? വി.കെ കൃഷ്ണമേനോൻ, ഇ.എം.എസ് നമ്പൂതിരിപ്പാട്, സി. അച്യുത മേനോൻ, മുണ്ടശ്ശേരി മാഷ്, പി.ഗോവിന്ദപ്പിള്ള തുടങ്ങിയവരും നടത്തിയത് പാർട്ടി പ്രവർത്തനം അല്ലെന്ന് ചില മൊട്ടുസൂചികൾ പറഞ്ഞേക്കാം. ബലൂൺ പൊട്ടിക്കാൻ ഈ  സൂചികളുടെ കൈയകലത്തിൽ ഇല്ലല്ലോ ഈ ബലൂണും !  
 
കൂടുതൽ ഉയരങ്ങളിൽ ഉള്ളവരെക്കൊണ്ട് തരൂരെന്ന ബലൂണിനെ പൊട്ടിക്കാൻ വേണുവിന്  ഇപ്പോഴത്തെ ബന്ധങ്ങൾ കൊണ്ട് കഴിഞ്ഞേക്കാം. അങ്ങനെ സംഭവിപ്പിക്കാൻ തനിക്ക് ആവും എന്ന് നമ്മളെയോക്കെ അറിയിക്കാനാണല്ലോ കേരളത്തിലെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെക്കൊണ്ട് വേണു പ്രതികരിപ്പിച്ചത്. എന്നിട്ടും ശശി തരൂർ എം.പി വിമത പ്രവർത്തനം നടത്തുമെന്ന് താൻ കരുതുന്നില്ലെന്ന് കൂടി താരിഖ് അൻവർ പ്രസ്താവനയിൽ കൂട്ടിച്ചേർക്കാൻ മറന്നില്ല. മാത്രമല്ല, തരൂർ ഇതൊക്കെ കേട്ടിട്ട് പറഞ്ഞത് ഇങ്ങനെ : എനിക്ക് ആരെയും ഭയമില്ല, ആരും എന്നെ ഭയപ്പെടുകയും വേണ്ട. 
 
ബുദ്ധിയും കുബുദ്ധിയും : 
 
വേണുവും  സതീശനും എല്ലാം പാർട്ടിയിലെ വലിയവർ തന്നെ. നിങ്ങൾ രണ്ടുപേരും വിചാരിച്ചാൽ കോൺഗ്രസിൽ പലതും നടക്കുകയും ചെയ്യും. പക്ഷേ, ഈ കളിയിൽ നിങ്ങൾ ഒറ്റപ്പെടും. അങ്ങ് ഡൽഹിയിൽ തരൂരിനെ നിലം തൊടാതെ പായിക്കാൻ വേണുവിനു പറ്റി. ചിലപ്പോൾ ആ സ്വാധീനം വച്ച് തരൂരിനെ സസ്പെൻഡ് ചെയ്യാനും അത്തരം കുബുദ്ധി കൊണ്ടാകും. പക്ഷേ, ഏതാനും നേതാക്കളൊഴികെ  ബാക്കി എല്ലാവരും നാളെ തരൂരിനൊപ്പം നിന്നാൽ  നിങ്ങൾ എന്ത് ചെയ്യും ? ഇനി മൂന്നരവർഷം ഇങ്ങനെ പിടിച്ചു നിൽക്കുക തരൂരിന് എളുപ്പമല്ലെന്നതു ശരി. അതിനുള്ള നയവും തന്ത്രവും തരൂരിനുണ്ടെങ്കിൽ തരൂർ തന്നെയാകും കോൺഗ്രസുകാരുടെ 'പ്യാരി ലീഡർ' ! എഴുതി വച്ചോ. 
 
വാൽക്കഷണം : നമ്മുടെ പിണറായി സർക്കാർ പാപ്പരാകാൻ പോവുകയാണെന്ന കാര്യം ഗോവിന്ദൻ മാഷിന്  അറിയാമല്ലോ. രണ്ടുകൈയും വിട്ടുള്ള കളിയാണ് എന്ന കാര്യവും  പ്രത്യേകം പറയേണ്ടതില്ലല്ലോ. അടുത്ത മാസം വരെ നമുക്കുള്ള വായ്പാ ലഭ്യത 17,936 കോടി രൂപ മാത്രം. ബാക്കി അതിലുള്ളത്  4000 കോടി ഉലുവ !അതാകട്ടെ ശമ്പള ചെലവിനു തന്നെ തികയില്ല. കേന്ദ്രത്തോട് നാം ആവശ്യപ്പെട്ടത് 4060 കോടി വായ്പ അനുമതിയാണ്. ജിഎസ്ടി നഷ്ടപരിഹാരം കുടിശ്ശികയിനത്തിൽ 1548 കോടി നമുക്കു കേന്ദ്രം തരാനുണ്ട്. മൂലധന വികസന സഹായമായി 3225 കോടിക്ക്  നമുക്ക് അർഹതയുണ്ട്. കേന്ദ്രം മറ്റു പല വാഗ്ദാനങ്ങൾ ചെയ്തത് വഴിയും 2063 കോടി  വേണമെങ്കിൽ ഇപ്പോൾ തരാം. അതൊക്കെ കിട്ടിയാൽ കാര്യങ്ങളെല്ലാം കുശാൽ. അല്ലെങ്കിലോ ? മുൻഗണന മേഖലകൾ ഒഴിച്ചുള്ള ചെലവുകൾ കണ്ടമാനം വെട്ടിച്ചുരുക്കണം. കേന്ദ്ര സഹായങ്ങൾ ലഭ്യമാക്കാൻ സമ്മർദ്ദം ചെലുത്തണം. നല്ല നിലയ്ക്കായിരുന്നെങ്കിൽ ഗവർണറെ കൊണ്ടൊന്നു പറയിപ്പിച്ചു നോക്കാമായിരുന്നു. മാഷേ, ആരെയും പിണക്കാൻ വളരെ  എളുപ്പമാ. പിണങ്ങി നിൽക്കുന്നവരെ  പ്രകോപിപ്പിച്ചു കൂടുതൽ ക്ഷുഭിതരാക്കാനും  ഈസി. കുടത്തിൽ നിന്ന് ഇറക്കി വിട്ട ഭൂതത്തെ തിരികെ കുടത്തിൽ കയറ്റാൻ  നന്നായി പാടുപെടുക തന്നെ വേണം. ആ വിദ്യ നന്നായി വശമുള്ള ഒരാളേ ഈ ഭൂമി മലയാളത്തിലുള്ളൂ.  അത് മാഷിന്റെ പ്രിയ വിജയൻ തന്നെ. മെസ്സിയുടെ അർജന്റീനയെ  സൗദി അറേബ്യ തോൽപ്പിച്ചത് കണ്ടില്ലേ ? അസാധ്യമായ കാര്യങ്ങളും നടക്കും മാഷേ.
david 2022-11-23 19:23:06
പ്രാഞ്ചി 6 വര്ഷം ആയി പുലംബി കൊണ്ടിരിക്കുന്നു കേരളം കടക്കെണിയിൽ ...കടം ഇടുക്കണത് വീട്ടിൽ കൊണ്ട് പോകാൻ അല്ല ...അത് കേരളത്തിലെ ജനങ്ങളികെ അറിയാം ...വേറെ പണി നോക്കൂ പ്രാഞ്ചി ...സ്വപ്‍ന മോള് എവടെ പോയി,ആര്യയുടെ നെജാതു കെരൻ നോക്കി ...സി എ ഫ്രാൻസിസ് ...എവിടാ പരിപാടി അവതരിപ്പിച്ചാലും ഏതാണ് അവസ്ഥ ...ന്യൂ ജേഴ്‌സി യിൽ കട്ട പാരയും ആയി ഏറങ്ങു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക