MediaAppUSA

ഐസുകാരൻ ( ബാല്യത്തിലേക്ക് : റൂബി എലിസ )

Published on 23 November, 2022
ഐസുകാരൻ  ( ബാല്യത്തിലേക്ക് : റൂബി എലിസ )

ഇടവഴിയിലൂടെ മണി മുഴക്കുന്നത് ദൂരെ നിന്നേ കേൾക്കാം... ഒന്നുകിൽ ഐസ് അല്ലെങ്കിൽ മദാമ്മ പൂട ( പഞ്ഞി മിട്ടായി ).. ഐസുകാരന്‍റെ സൈക്കിള്‍വണ്ടിയിലെ മണിയുടെ ശബ്ദം അടുത്ത് വരുമ്പോഴേക്കും ചില്ലറ പൈസ തപ്പിയെടുക്കാനും അതില്ലെങ്കിൽ പകരം കൊടുക്കാവുന്ന കശുവണ്ടി എടുത്ത് വെയ്ക്കാനും വെപ്രാളമാണ്... 
മണിയെന്ന് പറയുമ്പോൾ സൈക്കിളിന്റെ സീറ്റിന് മുന്നിലായി തൂക്കിയിട്ട ഇരുമ്പ് കക്ഷണത്തിൽ വേറൊരു ഉരുണ്ട ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള അടി ശബ്ദം.... അതും ഏറെ ദൂരത്തിൽ കേൾക്കാവുന്ന പ്രത്യേക ഈണത്തിൽ..
ഒരിക്കലും കുട്ടികളോട് ഐസ് വേണോ എന്ന് ചോദിക്കാത്ത.. കുട്ടികളെ കാണുമ്പോഴേ സൈക്കിളിൽ നിന്നിറങ്ങുന്ന,  ഐസ്കാരൻ ചേട്ടൻ.. അദ്ദേഹത്തിന്റെ കയ്യിൽ നിന്നേ ഐസ് വാങ്ങൂ അതിനേ സ്വാദ് ഉള്ളൂ.. അതിപ്പോ കോൽ ഐസ് ആയാലും ഐസ്ക്രീം ആയാലും.
നാട്ടുവഴിയില്‍ വീടുകളുടെ മുന്നിൽ  അദ്ദേഹത്തിന്റെ ഐസും കാത്ത് നിൽക്കുന്ന ചില കുട്ടികൾ അക്ഷമരാകുമ്പോൾ ഇന്ന് ഐസ് കിട്ടില്ലെന്നറിഞ്ഞ,ഐസിന് വേണ്ടി വാശിപിടിക്കുന്ന ചില കുട്ടികൾ കരച്ചിലിന്റെ വക്കിൽ എത്തിയിട്ടുണ്ടാകും..
ഇല്ലായ്മയും വല്ലായ്മയും എന്തെന്നറിയാത്ത കുഞ്ഞുസ്വപ്നങ്ങള്‍ വിഷമിക്കുന്നത് കാണുമ്പോ അമ്മ പറയും പിന്നെ വാങ്ങി തരാമെന്ന്... എന്നാൽ ഐസ് കാരൻ ചേട്ടന്റെ ചെറു പുഞ്ചിരിയോടെ നീട്ടുന്ന മഞ്ഞ കോൽ ഐസ് അവരുടെ മുഖത്തെ പുഞ്ചിരി മാത്രമല്ല മനസ്സും നിറച്ചിരുന്നു..
ഐസ്കാരൻ ചേട്ടന്റെ രണ്ട് അറയുള്ള നീല പെട്ടിയിൽ എന്താണെന്ന് അറിയാൻ ഏറെ എത്തി നോക്കിയിട്ടും ഒന്നും കാണാൻ പറ്റുമായിരുന്നില്ല എന്നാൽ അക്ഷയപാത്രം പോലെ അതിൽ നിന്ന് ക്രീംമും കോലും പ്രവഹിച്ചു കൊണ്ടേയിരുന്നു..
മഞ്ഞ, ചുവപ്പ്, വെള്ള, സിപ്പ് അപ്പ്, സേമിയമുള്ളത് എന്നിങ്ങനെ കോൽ ഐസ്‌ക്രീമുകൾ ആ മാജിക് ബോക്സിൽ നിന്ന് പുറത്തേക്ക് വന്നുകൊണ്ടേയിരുന്നു... മറുകള്ളിയിൽ നിന്ന് സ്‌കൂപ്പ് ചെയ്ത ഐസ്ക്രീം,  സൈക്കിളിന്റെ ഹാൻഡിലിൽ സൂക്ഷിച്ചിരിക്കുന്ന കോണുകളിൽ നിറച്ച് അത് കുത്തിയിറക്കി നൽകുമ്പോഴുള്ള സന്തോഷം... പറഞ്ഞറിയിക്കാൻ പറ്റോ?.
കോൽ ഐസുകൾ ചപ്പി തിന്നുന്ന കുട്ടികൾ, അവസാനം ബാക്കിയാവുന്ന കോൽ ആരും കാണാതെ ചവച്ച് നോക്കുന്ന കുട്ടികൾ... സിപ്പ് അപ്പ് കഴിയുമ്പോൾ മറു വശത്ത് കൂടി ദ്വാരം ഇട്ട് അവസാന തുള്ളി വരെ വലിച്ചെടുക്കുന്നവർ... കോൺ ഐസക്രീമിന്റെ അടിയിൽ തുളയിട്ട് ഒരു കുനിൽ പോലെ പതിയെ പതിയെ ഐസ്ക്രീം ഉള്ളിലാക്കുന്നവർ... എത്ര എത്ര രീതികൾ ..
കോണിൽ നിന്ന് ക്രീമോ കോലിൽ നിന്ന് ഐസോ അടർന്ന് താഴെ പോയാലുള്ള വിഷമം അത് ഒന്നൊന്നര വിഷമം തന്നെയായിരുന്നു....അവസാനം ഐസ്ക്രീം കഴിച്ചു കഴിഞ്ഞ് കുഴയുന്ന നാക്ക് കൊണ്ടുള്ള വാർത്തമാനവും പൊട്ടിച്ചിരികളും..
ഐസ് കാരൻ വന്നപ്പോൾ വീട്ടിൽ ഇല്ലാത്തത് കൊണ്ട്  അമ്മ വാങ്ങി സ്റ്റീൽ ഗ്ലാസിൽ ഇട്ട് വെച്ച കോൽ ഐസ്, ജൂസ് പോലെ കുടിക്കുന്നത്.. അത് കുടിക്കും മുൻപ് ഗ്ലാസ്സിലെ അപ്പോഴും മാറാത്ത തണുപ്പ് മുഖത്തിട്ട് ഉരച്ചത്...
ചോക്കൊബാറുകളും മാംഗോ ബാറുകളും വന്നു തുടങ്ങിയപ്പോഴും പഴയ ഐസുകാരനെയും അദ്ദേഹത്തിന്റെ മണി ശബ്ദവും കാതോർത്തത്... വേറെ ഐസുകാരൻ വന്നപ്പോൾ അയാളുടെ മണിയുടെ വ്യത്യാസം തിരിച്ചറിഞ് വീടിന്റെ പുറത്തേക്കിറങ്ങാതിരുന്നത്...
പിന്നീടൊരിക്കൽ ഐസുകാരൻ ചേട്ടന്റെ മണിശബ്ദം കേട്ട് ചെന്ന് നോക്കുമ്പോൾ സൈക്കിളിന് പകരം ലൂണയിൽ വന്ന ചേട്ടനെ കണ്ട് അത്ഭുതപ്പെട്ടത്..ചില്ലറയില്ലാത്തത് കൊണ്ട് അദ്ദേഹത്തിന് കൊടുക്കാനുള്ള 5 രൂപ കടം പറഞ്ഞതും... രൂപയിൽ എന്തിരിക്കുന്നു പുതിയ ഐറ്റം കഴിച്ചിട്ട് പറ എന്ന് ചെറുപുഞ്ചിരിയോടെ പറഞ്ഞ് മണിയും അടിച്ച് മുന്നോട്ട് പോയ ആ രൂപം..
പിന്നീട് കുറേകാലം അദ്ദേഹത്തെ കാണാതിരുന്ന് കൊണ്ട് പതിയെ ഓർമ്മകളിൽ നിന്ന് അദ്ദേഹം മാഞ്ഞു പോയി..
അവസാനം പേപ്പറിൽ കണ്ട വാർത്തയിലൂടെ കുട്ടികളുടെ പ്രിയ ഐസുകാരൻ ഐസ്‌ക്രീമുകൾ ഇല്ലാത്ത ലോകത്തിലേക്ക് അലിഞ്ഞു പോയതറിഞ്ഞത് പലർക്കും വിഷമം ഉണ്ടാക്കിയ സംഭവമായിരുന്നു..
പകരം വന്ന ഐസുകാരിൽ ആർക്കും നൽകാൻ പറ്റാത്ത അദ്ദേഹത്തിന്റെ ആ രുചിക്കൂട്ട് ഇന്നും നാവിലുണ്ട്... ഒപ്പം മണിയടിച്ച് കൊണ്ട് ഇടവഴിയിലൂടെ കടന്ന് പോയ ഐസ് ചേട്ടനും...
പലപ്പോഴും ആ മണികൾ മുഴങ്ങിയത് കാതുകളിൽ അല്ലായിരുന്നു പകരം മനസ്സിലായിരുന്നു....ഇപ്പോഴും ഐസ് മണിയുടെ ശബ്ദം കേള്‍ക്കുമ്പോ ഓര്‍ക്കാറുണ്ട്, തിരിച്ചു കൊടുക്കാൻ മറന്ന ആ അഞ്ചു രൂപ...
വാലറ്റം : ലൂണ വാങ്ങിയതിൽ പിന്നെ മണിയ്ക്ക് പകരം " പോം പോം " അടിക്കുന്ന ഹോൺ വാങ്ങി വെച്ചെങ്കിലും ഒരാള് പോലും മനസിലാക്കുന്നില്ല എന്ന് മനസിലാക്കിയ അദ്ദേഹം പിറ്റേന്ന് തന്നെ മണി വീണ്ടും തൂക്കുകയായിരുന്നു... അത്രയ്ക്കും ആത്മബന്ധം ഉണ്ടായിരുന്നു ജനങ്ങൾക്ക് ആ മണിശബ്ദത്തോട്.... പഴയ തലമുറ ഇത് അനുഭവിച്ചവരാണ്... ഇപ്പോഴത്തെ തലമുറയ്ക്ക് ഇത് വല്ലതും അറിയാമോ... അവർക്ക് പരിചയം ഹൈടെക് ഐസ്ക്രീമുകൾ... പല രീതിയിൽ പല രൂപത്തിൽ.... എല്ലാവരെയും പഴയ ഒരു ഓർമ്മപ്പെടുത്തൽ  ...

സ്നേഹത്തോടെ , റൂബി എലിസ

RUBY ELISA # CHILDHOOD ICE STICK

 

Mini 2022-11-23 13:23:39
Really nostalgic...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക