Image

ലോക്ക്ഡ് ഇന്‍: അമേരിക്കയിൽ നിന്ന് മികച്ച സിനിമ; ഇത് കാണാതെ പോകരുത്  

Published on 24 November, 2022
ലോക്ക്ഡ് ഇന്‍: അമേരിക്കയിൽ നിന്ന് മികച്ച സിനിമ; ഇത് കാണാതെ പോകരുത്  

അമേരിക്കൻ മലയാളികൾ അഭിനയിയ്ക്കുകയും സംവിധാനം ചെയ്യുകയും പിന്നണിയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന സിനിമ ആയതിനാൽ അത് മോശമായിരിക്കും എന്ന മുൻ ധാരണയോടെയാണ് മറ്റു പലരേയും  പോലെ ഞാനും 'ലോക്ക്ഡ് ഇൻ' കാണാൻ ന്യു യോർക്ക് സഫേണിലേ ലഫയേറ്റ്  തീയറ്ററിൽ പോയത്.

സിനിമ കണ്ട് കഴിഞ്ഞപ്പോൾ മുൻധാരണ ശരിയായിരുന്നില്ലെന്നും നമുക്ക് ചുറ്റിലുമുള്ളവരുടെ കഴിവുകൾ നാം വിലകുറച്ച് കാണുന്നുവെന്നും ബോധ്യമായി.

അതിനാൽ ഒരു ശുപാർശ. കഴിയുന്നത്ര അമേരിക്കൻ മലയാളികളും ഈ സിനിമ  കാണണം. സംഘടനകൾ പ്രോത്സാഹിപ്പിക്കണം. നമ്മുടെ ആളുകളെ നമ്മൾ പ്രോത്സാഹിപ്പിച്ചില്ലെങ്കിൽ വേറെ ആര് പ്രോത്സാഹിപ്പിക്കും?

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്  ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന ഗായകനും കലാകാരനുമായ ശബരീനാഥ് നായരാണ്. ന്യൂയോര്‍ക്കിന്റെയും ന്യൂജേഴ്‌സിയുടെയും പശ്ചാത്തലത്തില്‍ ഛായാഗ്രഹണം   പ്രശസ്ത ക്യാമറാമാന്‍ ജോണ്‍ മാര്‍ട്ടിൻ .

റൊമാന്‍സും കൊലപാതകവും കുറ്റാന്വേഷണവും എല്ലാം സമ്മിശ്രമായി ഉള്‍ക്കൊള്ളുന്ന ഈ സിനിമയില്‍ മുഖ്യ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ഷാജി എഡ്വേഡ്, സവിത റാവു, ഹാനാ അരീച്ചിറ, ആല്‍ബിന്‍ ആന്റോ, സണ്ണി കല്ലൂപ്പാറ എന്നീ അഭിനേതാക്കളോടൊപ്പം ഹോളിവുഡ് നടന്‍ ജോയല്‍ റാറ്റ്‌നറും, ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഏതാനും വർഷം   മുൻപ് സംഭവിച്ച ഒരു കഥയുടെ പുനരാവിഷ്കാരമാണ് സിനിമ. അതിനാൽ സിനിമ യാഥാർഥ്യത്തോട് അടുത്ത് നിൽക്കുന്നു. പിതാവും പുത്രിയും മാത്രമുള്ള വലിയവീട്ടിലെ തട്ടിൻപുറത്ത് അഥവാ  ആറ്റിക്കിൽ പുത്രിയുടെ കാമുകൻ  കയറിപ്പറ്റുന്നു. അവളുടെ ബെർത്ത് ഡേ ആഘോഷത്തിന് അവൾ വിളിച്ചു കയറ്റിയതാണ്.

ഇടക്ക് എപ്പോഴോ പിതാവ്  കള്ളുകുടിയൊക്കെ കഴിഞ്ഞ്  എത്തി. അയാൾക്ക് ചില സംശയം തോന്നിയെങ്കിലും കാമുകനെ കണ്ടില്ല.

പിതാവിന് ഒരു കാമുകി ഉണ്ടെന്നു മകളുടെ കാമുകൻ നേരത്തെ പറഞ്ഞിരുന്നു. ആശ എന്ന പ്രസ്തുത കഥാപാത്രത്തെ മകൾക്കും നല്ല പരിചയം.

ചില ഓർമ്മകളിലൂടെ കഥ മുന്നേറുമ്പോൾ  വീട്ടിൽ കയറി വന്ന അജ്ഞാതൻ പിതാവിനെ വെടി  വച്ച് കൊല്ലുന്നു.

ഇത്രയുമാണ് കഥ. പക്ഷെ നാം കണ്ടത് മാത്രമല്ല സത്യമെന്നും എല്ലാ സത്യവും മനസിലാക്കാൻ അടുത്ത ഭാഗം കൂടി കാണണമെന്നും ശുപാർശ   ചെയ്താണ്  സിനിമ ഒന്നര മണിക്കൂറിൽ അവസാനിക്കുന്നത്. കൊന്നത് ആര്, എന്തിന് എന്ന വ്യക്തമാക്കാതെ  കാതലായ ഭാഗം ഖണ്ഡശ്ശയായി വരുമെന്ന് പറഞ്ഞതിൽ ഒരല്പം അസാംഗത്യം തോന്നി. ആഴ്ചപ്പതിപ്പിലെ പൈങ്കിളി കഥയല്ലല്ലോ സിനിമ. ഓരോ സിനിമയും രൂപഭദ്രമായിരിക്കണം .അത് അവിടെ തന്നെ കർട്ടൻ വീഴണം.

എങ്കിലും പിതാവിന്റെ കാമുകി ഡോളർ നോട്ടുകൾ നിറഞ്ഞ സ്യുട്ട് കേസ് തുറക്കുമ്പോൾ സംഗതി ഏതാണ്ടോക്കെ വ്യക്തമായി.

ഇത് അമേരിക്കയിലെ നമ്മുടെയൊക്കെ പരിചിതർ എടുത്ത സിനിമയാണെന്ന് തോന്നിയില്ല!.  അടുത്ത കാലത്ത് കേരളത്തിൽ ഇറങ്ങുന്ന കൂതറ പിള്ളേര് കളി സിനിമകളുമായി താരതമ്യപ്പെടുത്തുമ്പോൾ  മികച്ച പ്രൊഫഷണൽ നിലവാരം പുലർത്തിയ സിനിമയായാണ് ഇതെന്ന് നിസംശയം പറയാം. അഭിനയിക്കുന്നവർ അമേരിക്കൻ  മലയാളികൾ ആണെന്നു തീരെ  തോന്നിയില്ല. എല്ലാവരും പ്രൊഫഷണൽ നടീനടന്മാർ എന്നാണ് തോന്നുക.

അവസാനം വരെ ആകാംക്ഷ നിലനിർത്തുന്ന കഥാഗതിയും എഡിററിംഗും ഏറെ മികച്ചതായി. അതിലേറെ ശ്രദ്ധിക്കപ്പെട്ടത് പശ്ചാത്തല സംഗീതമാണ്. മികച്ച ഏതൊരു സിനിമയോടും കിടപിടിക്കുന്ന പശ്ചാത്തല സംഗീതം.

ജോൺ  മാർട്ടിന്റെ ക്യാമറയും മിഴിവോടെ ദൃശ്യങ്ങൾ ഒപ്പിയെടുത്തു. ഇവയെല്ലാമാണ് സിനിമയെ മികച്ചതാക്കുന്നത്.

രണ്ട് കഥാപാത്രങ്ങൾ മനസ്സിൽ നിന്ന് മായുന്നില്ല. പുത്രി ആയി അഭിനയിച്ച ഹാന അരീച്ചിറയും കാമുകി ആയി അഭിനയിച്ച തെലുങ്ക് നടി സവിതാ റാവുവും.

നടന്മാർ മോശമാണെന്നല്ല, ഈ നടിമാർ  കൂടുതൽ മികച്ചതായി എന്നെ വിവക്ഷിച്ചുള്ളു. വലിച്ചു നീട്ടാതെ  രംഗങ്ങൾ മാറുന്നു എന്നതും ശ്രദ്ധേയമായി.  കഥാഗതി ഒഴുക്കോടെ മുന്നോട്ടു പോകുന്നു.

കോമഡി അഭിനയിച്ചു നടന്ന തന്നെ പിടിച്ചു വില്ലനാക്കി എന്ന് സണ്ണി കല്ലൂപ്പാറ പറയുന്നതു കേട്ടു. പക്ഷെ വില്ലനും വളരെ നന്ന്. പോസ്റ്ററുകളിൽ നിറഞ്ഞു നിൽക്കുന്ന ഈ  വില്ലൻ  കഥാപാത്രം പോലെ സിനിമയിലും വില്ലൻ നിര്ണായകമാകുന്നു. പക്ഷ ഈ വില്ലൻ അല്ല യഥാർത്ഥ വില്ലൻ എന്ന സൂചനയോടെയാണ് സിനിമ തീരുന്നത്.  

ഒന്നര മണിക്കൂര്‍ മുഴുനീള ചിത്രം ന്യൂയോര്‍ക്കില്‍ തന്നെ ചിത്രീകരിച്ചിട്ടുള്ളതാണ്.

ഹരിലാല്‍ നായര്‍ നിര്‍മ്മാണം.  പ്രൊജക്ട് ഡിസൈനര്‍ അജിത് എബ്രഹാം എന്ന അജിത് കൊച്ചൂസാണ്.

മലയാളത്തിന്റെ വാനമ്പാടിയായ കെ.എസ് ചിത്ര ആലപിച്ച ''മുകിലേ ചാരെ വന്നു...'' എന്ന ഈ സിനിമയിലെ ഗാനം സംഗീതപ്രേമികളുടെയിടയില്‍ വലിയ തരംഗമായിരിക്കുകയാണ്. എത്ര കേട്ടാലും മതിവരാത്ത ഈ ഗാനത്തിന്റെ വരികള്‍ രചിച്ചത് സിജു തുറവൂരും സംഗീത സംവിധാനം നിര്‍വഹിച്ചത് ഗായകന്‍ കൂടിയായ ശബരീനാഥുമാണ്. എഴുപതുകളിലെ മലയാള സിനിമാ നിര്‍മ്മാതാവായിരുന്ന തിരുവനന്തപുരം മുല്ലശ്ശേരില്‍ മുകുന്ദന്റെ മകനായ ശബരീനാഥ് ന്യൂയോര്‍ക്ക് പ്രദേശത്തെ അറിയപ്പെടുന്ന ഒരു ഗായകനാണ്.

# locked in movie review

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക