Image

അരുണ്‍ ഗോയലിന്റെ നിയമനത്തില്‍ ചോദ്യങ്ങളുമായി കോടതി 

ജോബിന്‍സ് Published on 24 November, 2022
അരുണ്‍ ഗോയലിന്റെ നിയമനത്തില്‍ ചോദ്യങ്ങളുമായി കോടതി 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി അരുണ്‍ ഗോയലിനെ നിയമിച്ച സംഭവത്തില്‍ ചോദ്യങ്ങളുമായി സുപ്രീം കോടതി. നിയമനവുമായി ബന്ധപ്പെട്ട ഫയലുകള്‍ അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിക്ക് നല്‍കി. നിയമനത്തിന് എന്തായിരുന്നു അടിയന്തര പ്രാധാന്യമെന്ന് സുപ്രീം കോടതി ചോദിച്ചു. 

യോഗ്യതാടിസ്ഥാനത്തില്‍ പരിഗണിക്കപ്പെട്ട നാല് പേരില്‍ നിന്നും ഒരാളിലേക്ക് എങ്ങനെയെത്തിയെന്നും ചോദിച്ചു. ഹര്‍ജിയിലെ വാദത്തിനിടെയാണ് കോടതി അരുണ്‍ ഗോയലിന്റെ നിയമനത്തിനെതിരെ ചോദ്യമുയര്‍ത്തിയത്. എന്തിനാണ് തിടുക്കപ്പെട്ട് അരുണ്‍ ഗോയലിന്റെ നിയമനം നടത്തിയതെന്ന് വാദത്തിനിടെ കോടതി കേന്ദ്രത്തോട് ആരാഞ്ഞു. 

പതിനെട്ടാം തീയതി സുപ്രീംകോടതി ഹര്‍ജി പരിഗണിച്ച അന്ന് തന്നെ പ്രധാനമന്ത്രി അരുണ്‍ ഗോയലിന്റെ പേര് നിര്‍ദേശിക്കുകയും നിയമനം നടത്തുകയും ചെയ്തു. എന്തുകൊണ്ടാണ് ഈ അടിയന്തര പ്രാധാന്യമെന്നും ജസ്റ്റിസ് കെ എം ജോസഫ് കേന്ദ്രത്തോട് ചോദിച്ചു. 

'മെയ് 15 നാണ് ഒഴിവ് വന്നത്. മെയ് 15 മുതല്‍ നവംബര്‍ 18 വരെ നിങ്ങള്‍ എന്തു ചെയ്തുവെന്ന് പറയാമോ?' ഒരു ദിവസം എന്തുകൊണ്ടാണ് അതിവേഗത്തില്‍ നിയമനം നടത്തിയതെന്ന് ജസ്റ്റിസ് അജയ് രസ്‌തോഗിയും ചോദിച്ചു. അരുണ്‍ ഗോയല്‍ എന്ന വ്യക്തിക്കെതിരെ ഈ ബെഞ്ചിന് പ്രശ്‌നം ഒന്നുമില്ല. ഇതുവരെയുള്ള പ്രകടനം ഏറ്റവും മികച്ചതുമാണ്. എങ്കിലും ഈ നിയമനത്തിന് സ്വീകരിച്ച നടപടിക്രമങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണെന്നും ജസ്റ്റിസ് ജോസഫ് വിശദീകരിച്ചു. 

SUPREME COURT ASK ABOUT ARUN GOYEL 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക